കിളിമാനൂർ: തിരുവനന്തപുരം കിളിമാനൂർ ഇരട്ടച്ചിറയിൽ നിയന്ത്രണം വിട്ട കാറിടിച്ച് സ്‌കൂട്ടർ യാത്രികയായ അദ്ധ്യാപിക മരിച്ച സംഭവത്തിൽ കാർ ഓടിച്ച തിരുവല്ല സ്വദേശി ഗിരീഷ് കുമാർ (54) അറസ്റ്റിൽ. ഇയാൾ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പൊലീസ് വ്യക്തമാക്കി. എയർ പോർട്ടിൽ പോയി മടങ്ങുന്ന വഴിയാണ് സംഭവം നടന്നത്.

അലക്ഷ്യമായും അമിത വേഗത്തിലും വാഹനം ഓടിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. നിയന്ത്രണം വിട്ട കാർ മറ്റ് രണ്ട് കാറുകളിലിടിച്ചതിന് ശേഷം സ്‌കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സ്‌കൂട്ടർ യാത്രക്കാരിയായ കിളിമാനൂർ എംജിഎം സ്‌കൂൾ അദ്ധ്യാപിക, പാപ്പാല എംഎസ്എ കോട്ടേജിൽ എം.എസ്.അജില (32) ആണ് മരിച്ചത്.

പരുക്കേറ്റ മകൻ ആര്യനെ (5 വയസ്സ്) വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു. ഞായറാഴ്ച വൈകിട്ട് 4.15നായിരുന്നു സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

വാമനപുരത്ത് താമസിക്കുന്ന ബന്ധുവിനെ കാണുവാൻ മകനുമൊത്ത് സ്‌കൂട്ടറിൽ പോകുമ്പോൾ ആയിരുന്നു അത്യാഹിതം സംഭവിച്ചത്. എതിരെ വന്ന കാർ നിയന്ത്രണം വിട്ട് അജില സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചു വീണ അജില അപകട സ്ഥലത്ത് തന്നെ മരിച്ചു. തെറിച്ച് റോഡിലേക്കു വീണ അജിലയുടെ ദേഹത്തുകൂടി കാർ കയറിയെന്നാണ് പൊലീസ് പറയുന്നത്.

സ്‌കൂട്ടറിൽ ഇടിച്ച ശേഷം അതേ സ്ഥലത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലും എതിരെ വന്ന കാറിലും ഇടിച്ചാണ് കാർ നിന്നത്. കിളിമാനൂരിൽനിന്ന് കൊട്ടാരക്കരയിലേക്കു പോവുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് അപകടം സൃഷ്ടിച്ചത്. നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാർ മറുവശത്തുകൂടി വരികയായിരുന്ന അജിലയും മകനും സഞ്ചരിച്ച സ്‌കൂട്ടറിലിടിക്കുകയായിരുന്നു.

അജിലയുടെ സ്‌കൂട്ടറിലും സമീപത്ത് പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിലും ഇടിച്ച വാഹനം, എതിരെ വന്ന മറ്റൊരു കാറിലും ഇടിച്ച ശേഷമാണ് നിന്നത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക വിവരം.

കാർ സ്‌കൂട്ടറിനെ ഇടിച്ചുതെറിപ്പിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. അജിലയെ വെഞ്ഞാറമ്മൂട്ടിലുള്ള സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകിട്ട് ആറരയോടെ അഖിലയുടെ മരണം സ്ഥിരീകരിച്ചു. മൃതദേഹം സ്വകാര്യആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അജിലയുടെ മൃതദേഹം സ്വകാര്യ മെഡിക്കൽ കോളജ് മോർച്ചറിയിൽ. പുതിയകാവ് ബാബു ടൈലേഴ്‌സ് ഉടമ കെ.ബാബുവിന്റെ മകൻ ബാലുഷ് ബാബുവാണ് അജിലയുടെ ഭർത്താവ്. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക്.