ഭൂവനേശ്വർ: ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിന്റെ കാരണം കണ്ടെത്തിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇലക്ട്രോണിക് ഇന്റർലോക്കിങ്ങിലുണ്ടായ മാറ്റം മൂലമാണ് അപകടം ഉണ്ടായത്. ബാലാസോറിൽ അപകടം നടന്ന സ്ഥലം സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് രാജ്യത്തെ നടുക്കിയ അപകടമുണ്ടാകുന്നത്. കോറമണ്ഡൽ എക്സ്പ്രസ് സിഗ്‌നൽ തെറ്റി മറ്റൊരു ട്രാക്കിലേക്ക് കയറിയതാണ് അപകടകാരണമെന്നാണ് വ്യക്തമാകുന്നത്.

അപകടവുമായി ബന്ധപ്പെട്ട് റെയിൽവേ സുരക്ഷാ കമ്മീഷണർ നടത്തിയ അന്വേഷണറിപ്പോർട്ട് ഉടൻ റെയിൽവേ മന്ത്രാലയത്തിന് കിട്ടും. അപകടത്തിന് ഉത്തരവാദികളായവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ട്രാക്ക് പുനഃസ്ഥാപിക്കുന്നതിനാണ് പ്രഥമ പരിഗണന. ബുധനാഴ്ചയോടെ ട്രെയിൻ സർവീസ് പുനരാരംഭിക്കും. ആയിരത്തിലധികം ജോലിക്കാരാണ് രാത്രിയും പകലുമായി സ്ഥലത്ത് ജോലിചെയ്യുന്നത്. ഏഴ് മണ്ണുമാന്തി യന്ത്രങ്ങൾ, രണ്ട് ആക്സിഡന്റ് റിലീഫ് ട്രെയിനുകൾ, നാല് ക്രെയിനുകൾ എന്നിവ സ്ഥലത്തെത്തിച്ചാണ് ഗതാഗതം പുനഃസ്ഥാപിക്കാൻ ശ്രമം നടത്തുന്നത്.

അപകടത്തെത്തുടർന്ന് മറിഞ്ഞ ബോഗികൾ ട്രാക്കിൽനിന്ന് നീക്കിയിട്ടുണ്ട്. തകർന്ന പാളങ്ങൾ പുനഃസ്ഥാപിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ ഏഴ് സംഘങ്ങളും ഓഡീഷ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ അഞ്ച് സംഘങ്ങളും 24 അഗ്‌നിശമന സേനാ യൂണിറ്റുകളും സ്ഥലത്തുണ്ട്. കൊൽക്കത്തയിൽ നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്നു കോറമണ്ഡൽ എക്സ്പ്രസാണ് ആദ്യം പാളംതെറ്റുകയും തുടർന്ന് നിർത്തിയിട്ടിരുന്ന ചരക്കു തീവണ്ടിയിലേക്ക് ഇടിച്ചു കയറുകയും ചെയ്തത്.

ഇതിന്റെ ആഘാതത്തിൽ തെറിച്ച കോറമണ്ഡൽ എക്സ്പ്രസിന്റെ ചില കോച്ചുകൾ അതേ സമയത്ത് തന്നെ എതിർദിശയിലൂടെ കടന്നുപോകുകയായിരുന്നു ബെംഗളൂരു-ഹൗറ എക്സ്പ്രസിന്റെ അവസാന നാല് കോച്ചുകളിൽ ചെന്ന് പതിച്ചു. ദുരന്തത്തിൽ 288 പേരാണ് മരിച്ചത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണു സൂചന. 261 മരണമാണു റെയിൽവേ സ്ഥിരീകരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 7.20-ന് ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്റ്റേഷനു സമീപം ഗുഡ്സ് ട്രെയിനിലേക്കു ഷാലിമാർ-ചെന്നൈ കൊറമാണ്ഡൽ എക്സ്പ്രസ് ഇടിച്ചുകയറിയതോടെയാണു അപകട പരമ്പര തുടങ്ങിയത്. തുടർന്നു പാളം തെറ്റിയ കൊറമാണ്ഡൽ എക്സ്പ്രസിന്റെ ബോഗികളിലേക്കു ബംഗളുരു-ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു. അപകട സമയത്ത് മണിക്കൂറിൽ 128 കിലോമീറ്റർ വേഗത്തിലായിരുന്നു കൊറമാണ്ഡൽ എക്സ്പ്രസ്. മണിക്കൂറിൽ 116 കിലോമീറ്റർ വേഗത്തിലായിരുന്നു ബംഗളുരു-ഹൗറ സൂപ്പർഫാസ്റ്റ് .

വെള്ളിയാഴ്ച രാത്രി രക്ഷാപ്രവർത്തനത്തിന്റെ ആദ്യമണിക്കൂറുകളിൽ 70 മരണമാണു സ്ഥിരീകരിക്കപ്പെട്ടിരുന്നത്. എന്നാൽ, ഇന്നലെ നേരം പുലർന്നതോടെ ദുരന്തത്തിന്റെ തീവ്രതയറിഞ്ഞ് രാജ്യം നടുങ്ങി. രണ്ട് ദശാബ്ദങ്ങൾക്കിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ ട്രെയിൻ ദുരന്തമാണിത്. ബാലസോറിലെ ദുരന്തസ്ഥലത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കട്ടക്കിലെ ആശുപത്രികളിൽ ചികിത്സയിലുള്ളവരെയും സന്ദർശിച്ചു. മുഖ്യമന്ത്രി നവീൻ പട്നായിക്കുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി.