ഇസ്ലാമാബാദ്: തോഷഖാന അഴിമതി കേസിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻ ഖാന് മൂന്ന് വർഷം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് പാക് കോടതി. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും അദ്ദേഹത്തെ അഞ്ച് വർഷം വിലക്കിയതായും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഴിമതിയിൽ ഇമ്രാന്റെ പങ്കാളിത്തം തെളിയിക്കപ്പെട്ടതായി കോടതി വ്യക്തമാക്കി. വാദം കേൾക്കുന്നതിനായി ഇമ്രാൻ കോടതിയിൽ ഹാജരായില്ലായിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്താനും കോടതി ഉത്തരവിട്ടു.

കേസിൽ ഇമ്രാൻ ഖാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി, മൂന്ന് വർഷം തടവും ഒരു ലക്ഷം പിഴയും ശിക്ഷ വിധിക്കുകയായിരുന്നു. കോടതിയുടെ നിർദ്ദേശ പ്രകാരം സമൻ പാർക്കിൽ നിന്ന് ഇമ്രാൻ ഖാനെ പാക് പൊലീസ് അറസ്റ്റ് ചെയ്തു. ലഹോറിലേക്ക് കൊണ്ട് പോകുമെന്ന് സൂചന.

കോടതി ഉത്തരവു വന്നതിനു പിന്നാലെ ലാഹോറിലെ വസതിയിൽ നിന്ന് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രധാനമന്ത്രി പദം ദുരുപയോഗം ചെയ്തു എന്നതാണ് ഇമ്രാൻ ഖാനെതിരായ കുറ്റം. 2018 മുതൽ 2022 വരെയുള്ള കാലയളവിൽ പാക്കിസ്ഥാൻ സന്ദർശിച്ച അതിഥികളിൽ നിന്നും ആതിഥേയരിൽ നിന്നും 6,35000 ഡോളർ വിലമതിക്കുന്ന പാരിതോഷികങ്ങൾ ഇമ്രാൻ ഖാൻ വാങ്ങുകയും മറിച്ചു വിൽക്കുകയും ചെയ്തു.

മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് ഇമ്രാൻ ഖാൻ അറിയിച്ചു. പാക്കിസ്ഥാനിൽ വരുന്ന നവംബറിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇതോടെ ഇമ്രാൻ ഖാന് മത്സരിക്കാനാകില്ല.

പ്രധാനമന്ത്രിയായിരിക്കുമ്പോൾ ലഭിച്ച വിലപിടിപ്പുള്ള സമ്മാനങ്ങൾ സർക്കാരിന്റെ തോഷഖാന വകുപ്പിലേക്ക് കൈമാറണമെന്ന നിയമം ലംഘിച്ച് ഇമ്രാൻ ഇവ വിറ്റ് പണമാക്കിയെന്നാണ് കേസ്. 2022 ഓഗസ്റ്റിൽ മുഹ്സിൻ ഷാനവാസ് രഞ്ജ എന്ന രാഷ്ട്രീയക്കാരനും പാക്കിസ്ഥാൻ സർക്കാരിലെ മറ്റു ചിലരും ചേർന്നാണ് ഇമ്രാനെതിരേ കേസ് ഫയൽ ചെയ്തത്. ഗൾഫ് രാജ്യങ്ങളിൽനിന്നു സമ്മാനമായിക്കിട്ടിയ മൂന്നു വാച്ച് വിറ്റുമാത്രം ഇമ്രാൻ 3.6 കോടി രൂപ നേടിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.