കാസർകോട്: കേരള കോൺഗ്രസ് നേതാവ് നിയമനടപടിയുമായി മുന്നോട്ട് പോയതിന് പിന്നാലെ കാസർകോട് ഡിസിസി പ്രസിഡന്റ് പി.കെ ഫൈസൽ കടം വാങ്ങിയ അഞ്ചു ലക്ഷം രൂപ തിരികെ നൽകി തടിയൂരി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തൃക്കരിപ്പൂർ മണ്ഡലത്തിൽ യു.എഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കേരള കോൺഗ്രസ് നേതാവ് എംപി ജോസഫ് ആണ് ഫൈസലിനെതിരെ കോടതിയെ സമീപിച്ചത്.

കഴിഞ്ഞ നവംബറിൽ ഒരു മാസത്തെ കാലാവധിയിൽ 10 ലക്ഷം രൂപ കടം നൽകിയെന്നും അഞ്ചു ലക്ഷം രൂപ തിരികെ നൽകാതെ വഞ്ചിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് ജോസഫ് കോടതിയെ സമീപിച്ചത്. കേസ് ഡിസംബർ 19 ന് കോടതി പരിഗണിക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് ഫൈസൽ പണം തിരികെ നൽകി തടിയൂരിയത്.

കാക്കനാട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച സ്വകാര്യ അന്യായം ഫയലിൽ സ്വീകരിച്ച കോടതി ഡിസംബർ 19 ന് ഹാജരാകാൻ പി.കെ.ഫൈസലിന് സമൻസ് അയച്ചിരുന്നു. 2022 നവംബർ 28 ന് രണ്ടുതവണകളിലായി ബാങ്ക് അക്കൗണ്ട് വഴിയാണ് പണം വാങ്ങിയത്. ജോസഫിൽ നിന്നും 10 ലക്ഷം രൂപ ഒരു മാസത്തെ കാലാവധിയിലാണ് പി.കെ.ഫൈസൽ കടം വാങ്ങിയത്. പലതവണ പണം തിരിച്ചുചോദിച്ചിട്ടും നൽകാത്തതിനെ തുടർന്ന് ജോസഫ് കെപിസിസി നേതാക്കൾക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് 5 ലക്ഷം രൂപ തിരിച്ചുകൊടുത്തെങ്കിലും ബാക്കി 5 ലക്ഷം രൂപ നൽകാൻ ബാക്കിയുണ്ടായിരുന്നു. മുൻ മന്ത്രി കെ.എം.മാണിയുടെ മകളുടെ ഭർത്താവും കേരളാ കോൺഗ്രസ് നേതാവുമാണ് എംപി ജോസഫ്.