ന്യൂഡൽഹി: ഖത്തറിൽ തടവിലായ എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചത് ഞെട്ടിപ്പിക്കുന്ന നടപടിയെന്ന് ഇന്ത്യ. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുന്നതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഖത്തറുമായി ഇക്കാര്യം സംസാരിക്കും. കഴിഞ്ഞ ആഗസ്റ്റിലാണ് ഖത്തർ നാവികസേനയ്ക്ക് പരിശീലനം നൽകുന്ന സ്വകാര്യ കമ്പനിയിലെ ജോലിക്കാരായ ഇന്ത്യൻ നാവികരെ അറസ്റ്റു ചെയ്തത്.

ഖത്തറിൽ ചാരപ്രവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് എട്ട് ഇന്ത്യൻ മുൻ നാവികസേനാ ഉദ്യേഗസ്ഥരെ തടവിലാക്കിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 30ന് അർധരാത്രിയിലാണു ഖത്തർ സുരക്ഷാസേന ഒരു മലയാളിയടക്കം എട്ടുപേരെ അറസ്റ്റ് ചെയ്തത്. ഒക്ടോബർ 3ന് ഇന്ത്യയുടെ കോൺസൽ അധികൃതരുടെ സന്ദർശനത്തിനുശേഷമാണ് എട്ട് പേരും ഏകാന്തതടവിലാണെന്ന വിവരം പുറത്തുവന്നത്. എട്ട് പേരും ഖത്തർ നാവികസേനയെ പരിശീലിപ്പിക്കുന്ന സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു.

ദോഹയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനുമായി മുൻ പരിചയമുണ്ടായിരുന്നുവെന്നും തുടർന്നുണ്ടായ സൗഹൃദസംഭാഷണമാണ് സംശയത്തിലേക്കും അറസ്റ്റിലേക്കും നീണ്ടതെന്നുമാണു വിവരം. പാക്കിസ്ഥാൻ നൽകിയ തെറ്റായ വിവരങ്ങളാണു പ്രശ്‌നമുണ്ടാക്കിയതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

ദഹ്റ ഗ്‌ളോബൽ ടെക്നോളജീസ് ആൻഡ് കൺസൾട്ടൻസി എന്ന കമ്പനിയിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ഖത്തർ സേനയ്ക്ക് പരിശീലനവും മറ്റ് സേവനങ്ങളും നൽകുന്ന സ്വകാര്യ കമ്പനിയാണിത്. ഖത്തറിലെ കോർട്ട് ഒഫ് ഫസ്റ്റ് ഇൻസ്റ്റൻസ് ആണ് ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചത്.

ഇസ്രയേലിന് വേണ്ടി ചാരവൃത്തി ചെയ്തുവെന്നാണ് മുൻ നാവിക ഉദ്യോഗസ്ഥർക്കെതിരെ ആരോപിക്കുന്നത്. ക്യാപ്ടൻ നവ്തേജ് സിങ് ഗിൽ, ക്യാപ്ടൻ ബീരേന്ദ്ര കുമാർ വെർമ, ക്യാപ്ടൻ സൗരഭ് വസിഷ്ഠ്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തീവാരി, കമാൻഡർ സുഗുണാകർ പകാല, കമാൻഡർ സഞ്ജീവ് ഗുപ്ത, സെയ്ലർ രാഗേഷ് എന്നിവരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.

2022 ഓഗസ്റ്റ് മുതൽ ഇവർ ഖത്തറിലെ ജയിലിൽ കഴിയുകയാണ്. ഒരു അന്തർവാഹിനിയുമായി ബന്ധപ്പെട്ട പരിപാടിയിൽ ചാരവൃത്തി നടത്തിയെന്നാണ് ആരോപണം. കഴിഞ്ഞ മാർച്ചിൽ ഇവർ വിചാരണയ്ക്ക് വിധേയരായിരുന്നു. ഇവരുടെ ജാമ്യാപേക്ഷകൾ നിരവധി തവണ തള്ളിയ ഖത്തർ അധികൃതർ തടവ് ശിക്ഷ നീട്ടുകയായിരുന്നു.

എന്തിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമായിരുന്നില്ല. എന്തൊക്കെയാണ് ഇവർക്കെതിരെ ചുമത്തിയ വകുപ്പുകൾ എന്നതിനെ കുറിച്ചും കൃത്യമായ വിവരങ്ങൾ ലഭിച്ചിരുന്നില്ല. തടവിലായ ഉദ്യോഗസ്ഥർക്ക് 60 വയസ്സിന് മുകളിലാണ് പ്രായമെന്നാണ് വിവരം.

കഴിഞ്ഞ ഒരു വർഷമായി ഇവർ ഖത്തറിൽ ജയിലിൽ കഴിയുകയാണ്. വിചാരണക്ക് ശേഷം ഇവർക്ക് വധശിക്ഷ നൽകിയതായാണ് പുറത്തുവരുന്ന വിവരം. അതേസമയം,സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിഞ്ഞുവരുന്നതേയുള്ളൂ. കൂടുതൽ വിവരങ്ങൾക്കായി ഖത്തറുമായി ബന്ധപ്പെട്ട് വരുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.