തവനൂർ: തവനൂരിലെ സർക്കാർ വൃദ്ധ മന്ദിരത്തിൽ ദിവസങ്ങളുടെ വ്യത്യാസത്തിൽ മരണത്തിന് കീഴടങ്ങിയത് എട്ടു പേർ. നാലുപേർ പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുമാണ്. 20 ദിവസത്തിനിടെയാണ് എട്ടുപേർ ഇവിടെ മരണത്തിന് കീഴടങ്ങിയത്. ഒപ്പമുണ്ടായിരുന്നവർ പെട്ടെന്ന് യാത്രയായപ്പോൾ ഭയപ്പാടിലാണ് ഇവിടുത്തെ അന്തേവാസികൾ

വാർധക്യസഹജമായ അസുഖങ്ങളാണ് എട്ടു പേരുടെയും മരണകാരണമെന്നാണ് സ്ഥാപനത്തിന്റെ അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ, മരണങ്ങളിൽ അസ്വാഭാവികതയുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. വിജയ ലക്ഷ്മി എന്ന അന്തേവാസിയാണ് ഇവിടെ അവസാനമായി മരണത്തിന് കീഴടങ്ങിയത്. വർക്ക് പനിയായിരുന്നു. പനി ബാധിച്ച് ഇവിടെനിന്ന് നാലുപേരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവരെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഒക്ടോബർ പത്തിനുശേഷമാണ് തുടരെ മരണങ്ങളുണ്ടായത്. തുടർച്ചയായ മരണവും പനിയും റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുകയുടെ നേതൃത്വത്തിലുള്ള സംഘം വൃദ്ധസദനത്തിലെത്തി പരിശോധന നടത്തി. അസ്വാഭാവികമായി ഒന്നുമില്ലെന്ന് പരിശോധനയ്ക്കുശേഷം ഡി.എം.ഒ. പറഞ്ഞു. സ്ഥാപനത്തിലെ അന്തേവാസികളെയെല്ലാം പരിശോധിച്ചെന്നും അവർക്കാർക്കും പ്രശ്‌നങ്ങളില്ലെന്നും ഡി.എം.ഒ. പറഞ്ഞു.

നൂറുപേർക്ക് താമസിക്കാൻ സൗകര്യമുണ്ടെങ്കിലും 70 പേരാണ് ഇപ്പോഴുള്ളത്. ആവശ്യമായ ജീവനക്കാരുണ്ടെന്നും പരിശോധനകളെല്ലാം കൃത്യമായി നടക്കുന്നുണ്ടെന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ, സൂപ്രണ്ട് സ്ഥലംമാറിപ്പോയി രണ്ടുമാസമായിട്ടും സ്ഥിരംസൂപ്രണ്ടിനെ നിയമിച്ചിട്ടില്ല.

മരണങ്ങളിൽ അസ്വാഭാവികതയൊന്നുമില്ലെന്ന് അധികൃതർ ഉറപ്പിച്ചുപറയുന്നുണ്ടെങ്കിലും തുടർമരണങ്ങളിൽ ഇവിടുത്തെ അന്തേവാസികൾ അസ്വസ്ഥരാണ്. എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ പ്രതികരിക്കാൻപോലും അന്തേവാസികൾക്ക് ഭയപ്പാടായിരുന്നു. അഞ്ചുവർഷംമുൻപ് രണ്ടുദിവസത്തിനിടെ നാലുപേർ മരിച്ചത് ഇവിടെ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.