ഇടുക്കി: കൂലിപ്പണിക്കാരൻ വെച്ച ചെറിയ വീടിന്റെ വാർക്ക നടത്താൻ അനുവദിക്കില്ലെന്ന നിലപാടുമായി സിഐടിയു രംഗത്തുവന്നതോടെ നാട്ടുകാർ ചേർന്ന് വീട് വാർത്തു. തൊഴിലാളികൾക്കു പണി കൊടുത്തില്ലെങ്കിൽ നിർമ്മാണം അനുവദിക്കില്ലെന്ന നിലപാടുമായാണ് സിഐടിയു രംഗത്ത് എത്തിയത്. വീടിന്റെ വാർക്കയ്ക്ക് 15 തൊഴിലാളികൾക്ക് ജോലി നൽകണമെന്നായിരുന്നു സിഐടിയുവിന്റെ ആവശ്യം. എന്നാൽ അത്രയും പേരുടെ ആവശ്യം ഇല്ലെന്നും അഞ്ചു പേർക്ക് ജോലി നൽകാമെന്നും പറഞ്ഞതോടെ യൂണിയൻ വീടിന്റെ പണി തടയുകയായിരുന്നു. ഇതോടെയാണ് നാട്ടുകാർ സംഘടിച്ച് വീടിന്റെ വാർക്കപ്പണി നടത്തിയത്.

വളകോട് പാലക്കാവ് പാലപ്പുറത്ത് സ്റ്റാലിൻ ജോസഫിന്റെ വീടിന്റെ കോൺക്രീറ്റിങ് ജോലിയാണു നാട്ടുകാർ ശ്രമദാനമായി നടത്തിയത്. ഭാര്യയും മൂന്നു മക്കളുമടങ്ങുന്നതാണു കൂലിപ്പണിക്കാരനായ സ്റ്റാലിന്റെ കുടുംബം. ഉണ്ടായിരുന്ന ചെറിയ വീടു പൊളിച്ച് 10 ലക്ഷം രൂപ ബാങ്ക് വായ്പയെടുത്താണ് ചെറുതെങ്കിലും പുതിയൊരു വീട് ഈ കുടുംബം തല്ലിക്കൂട്ടുന്നത്. മൂന്നുമാസം മുൻപാണു വീടുനിർമ്മാണം തുടങ്ങിയത്. എന്നാൽ സിഐടിയുവിന്റെ ഇടപെടലിൽ വീടു നിർമ്മാണം പാതി വഴിയിൽ വാർക്ക നടക്കാതെ നിലച്ചു.

വീടിന്റെ വാർക്കയ്ക്ക് റെഡി മിക്സ് സംവിധാനം ഉപയോഗിക്കാൻ തീരുമാനിച്ചതോടെ 15 തൊഴിലാളികൾക്കു പണി നൽകണമെന്ന് സിഐടിയു ആവശ്യപ്പെട്ടതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. വാർക്കയ്ക്ക് അത്രയുംപേരുടെ ആവശ്യമില്ലാത്തതിനാൽ അഞ്ചു പേർക്കു പണി നൽകാമെന്ന് അറിയിച്ചെങ്കിലും യൂണിയൻ തയാറായില്ലെന്ന് സ്റ്റാലിൻ പറയുന്നു. ഇതോടെ പണി പാതിവഴിയിൽ നിലച്ചു. വാർക്കയ്ക്കായി കമ്പികെട്ട് ഉൾപ്പെടെ പൂർത്തിയാക്കിയെങ്കിലും പണി തടയാനായി ചിലർ സ്ഥിരമായി സ്ഥലത്ത് തമ്പടിച്ചിരുന്നു.

വാടകയ്ക്കു സാധനങ്ങളെടുത്ത് തട്ടടിച്ചാണ് വാർക്കയ്ക്ക് കാര്യങ്ങൾ തയ്യാറാക്കിയത്. എന്നാൽ സിഐടിയു അനുവദിക്കാതെ വന്നതോടെ 20 ദിവസത്തോളം പണി മുടങ്ങി. ഇതോടെ അരലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായും സ്റ്റാലിൻ പറയുന്നു. തുടർന്നു കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടി. എന്നാൽ, കോൺക്രീറ്റിങ് നടത്താൻ ഏർപ്പെടുത്തിയിരുന്ന കമ്പനി യൂണിയൻകാർ ഭീഷണിപ്പെടുത്തിയതിനാൽ പിന്തിരിഞ്ഞു. അതോടെയാണ് ശ്രമദാനമായി വീടിന്റെ വാർക്ക നടത്താൻ നാട്ടുകാർ സംഘടിച്ചത്.

അതേസമയം, വീടുനിർമ്മാണത്തിന്റെ കരാറുകാരനും പ്രദേശത്തെ തൊഴിലാളികളും തമ്മിൽ ഏതാനും നാളായി തർക്കം നിലനിൽക്കുകയാണെന്നും ആവശ്യമായ തൊഴിലാളികൾക്കു പണി നൽകണമെന്ന യൂണിയന്റെ ആവശ്യം നിരസിച്ചുകൊണ്ട് മുന്നോട്ടുപോകുകയാണ് ഉണ്ടായതെന്നും നിർമ്മാണ തൊഴിലാളി യൂണിയൻ (സിഐടിയു) ഏലപ്പാറ ഏരിയാ സെക്രട്ടറി രവികുമാർ പറഞ്ഞു.