ചെന്നൈ: ബംഗാൾ ഉൾക്കടലിൽ ആഞ്ഞടിച്ച് ആന്ധ്രാ തീരത്തേക്ക് നീങ്ങുന്ന മിഷോങ് ചുഴലിക്കാറ്റിന്റെ തീവ്രതയിൽ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ. ചെന്നൈയുടെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. ജനങ്ങളോട് അടിയന്തരാവശ്യത്തിനൊഴികെ വീടിന് പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശം നൽകിയിരിക്കുകയാണ് അധികൃതർ.

വൈദ്യുതിയും ഇന്റർനെറ്റും തടസ്സപ്പെട്ടു. ചെന്നൈ വിമാനത്താവളത്തിൽ വെള്ളം കയറിയതിനെത്തുടർന്ന് സർവീസുകൾ നിർത്തിവച്ചു. ഹൈദരാബാദ്, വിശാഖപട്ടണം എന്നീ വിമാനത്താവളത്തിലെ സർവീസുകളും തടസ്സപ്പെട്ടു. ട്രെയിൻ സർവീസുകളേയും മഴയും വെള്ളക്കെട്ടും കാര്യമായി ബാധിച്ചിട്ടുണ്ട്. നിരവധി ട്രെയിനുകൾ റദ്ദാക്കി. കേരളത്തിൽ കൂടി കടന്നുപോകുന്ന പല സർവീസുകളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു

കനത്ത മഴയെത്തുടർന്ന് ചെന്നൈ നഗരത്തിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ, ജനജീവിതം താറുമാറായിരിക്കുകയാണ്. വടപളനി, താംബരം ഉൾപ്പെടെ മിക്കയിടങ്ങളിലും വീടുകളിൽ വെള്ളം കയറി. കനത്ത മഴയെ തുടർന്ന് ചെന്നൈ നെടുങ്കുൻട്രം നദി കരകവിഞ്ഞു. ഇതേത്തുടർന്ന് അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. വെള്ളക്കെട്ടുകളിൽ ഇറങ്ങരുതെന്നും നിർദ്ദേശമുണ്ട്.

സബ്വേകളും അടിപ്പാലങ്ങളും വെള്ളത്തിൽ മുങ്ങി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി. പലയിടങ്ങളിലും വൈദ്യുതിയും നിലച്ചു. മഹാബലിപുരം ബീച്ചിൽ കടൽനിരപ്പ് അഞ്ച് അടിയോളം ഉയർന്നു. പുതുച്ചേരി ബീച്ച് റോഡിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. ചെന്നൈ ഉൾപ്പെടെ ആറു ജില്ലകളിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത മഴയിൽ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. മിഷോങ് ചുഴലിക്കാറ്റിന്റെ ഭീകരത വ്യക്തമാക്കുന്ന ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടൻ റഹ്‌മാൻ. ഒരു അപ്പാർട്‌മെന്റിനു താഴെ പാർക്ക് ചെയ്തിരുന്ന കാറുകൾ കുത്തിയൊലിച്ചുവരുന്ന വെള്ളത്തിൽ ഒഴുകിപ്പോകുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണാനാവുക.

 
 
 
View this post on Instagram

A post shared by Rahman (@rahman_actor)

സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വിഡിയോയാണ് റഹ്‌മാൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചത്. ചെന്നൈ പള്ളിക്കരണൈയിൽ നിന്നുള്ള കാഴ്ച എന്ന രീതിയിലാണീ ദൃശ്യം പ്രചരിക്കുന്നത്. എഫക്റ്റ് ഓഫ് സൈക്ലോൺ മിഷോങ് എന്നും ചെന്നൈ ചുഴലിക്കാറ്റ് ഇന്ന് എന്നും അദ്ദേഹം വീഡിയോക്കൊപ്പം കുറിച്ചിട്ടുണ്ട്. ഇത് ചെന്നൈയിൽ നിന്നുള്ള ദൃശ്യങ്ങളാണോ എന്നും താരവും കുടുംബവും സുരക്ഷിതമാണോ എന്നും അന്വേഷിച്ച് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.

മിഷോങ് ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലർച്ചെ കരതൊടുന്ന സാഹചര്യത്തിൽ തീരദേശങ്ങൾ അതീവജാഗ്രതയിലാണ്. അതേ സമയം ചെന്നൈയിലെ പ്രധാന റോഡിൽ മുതല റോഡിലിറങ്ങിയതായി അഭ്യൂഹം പരന്നു. നേർക്കുൻട്രം വിഐടിക്കു സമീപമാണ് മുതലയെ കണ്ടതായി റിപ്പോർട്ടുകൾ വരുന്നത്. ഇതിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വാഹനങ്ങൾ ഓടുന്ന റോഡിലൂടെ ഒരു മുതല മറുവശത്തേക്കു പോകുന്നതാണ് വിഡിയോയിലുള്ളത്. കാറിൽനിന്ന് ആരോ പകർത്തിയ ദൃശ്യമാണിത്. ഈ സമയത്ത് ഒരു ബൈക്ക് മുതലയുടെ സമീപത്തുകൂടി പോകുന്നതും കാണാം.

ചെന്നൈയിലെ അതിശക്തമായ മഴയും കാറ്റും കാരണം കാളിദാസ് ജയറാമും കൊച്ചിയിലേക്കുള്ള യാത്ര മാറ്റിവച്ചു. പുതിയ സിനിമയായ 'രജനി'യുടെ പ്രമോഷനുമായി ബന്ധപ്പെട്ടു കേരളത്തിൽ ഇന്ന് എത്തേണ്ടിയിരുന്നതായിരുന്നു താരം. മാധ്യമങ്ങളുമായി കാളിദാസ് ജയറാമും കൂട്ടരും നടത്തേണ്ടിയിരുന്ന വാർത്താ സമ്മേളനം താരത്തിന്റെ അഭാവം മൂലം മാറ്റിവച്ചിട്ടുണ്ട്. ചെന്നൈയിലെ ശക്തമായ മഴയേക്കുറിച്ച് നടി നിവേദ പെതുരാജും സോഷ്യൽ മീഡിയയിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു. എല്ലാവരും സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നാണ് അവർ ആവശ്യപ്പെട്ടത്.

ശക്തമായ മഴയും ചുഴലിക്കാറ്റുംമൂലം വൈദ്യുതിയും ഇന്റർനെറ്റും തടസ്സപ്പെട്ടു. ട്രെയിൻ, വിമാന സർവീസുകളേയും മഴയും വെള്ളക്കെട്ടും കാര്യമായി ബാധിച്ചിട്ടുണ്ട്. നിരവധി ട്രെയിനുകൾ റദ്ദാക്കി. കേരളത്തിൽ കൂടി കടന്നുപോകുന്ന പല സർവീസുകളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു

ചുഴലിക്കാറ്റ് തെക്കു ആന്ധ്ര പ്രദേശ് തീരത്തിന് സമാന്തരമായി സഞ്ചരിച്ച് തെക്കൻ ആന്ധ്രാ പ്രദേശ് തീരത്ത് നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയിൽ ഡിസംബർ അഞ്ചിന് രാവിലെ തീവ്ര ചുഴലിക്കാറ്റായി മണിക്കൂറിൽ പരമാവധി 110 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത അഞ്ച് ദിവസം മിതമായ / ഇടത്തരം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.