രോ രാജ്യത്തിലെയും പൗരന്മാർക്ക് വിസ ഇല്ലാതെ സന്ദർശിക്കാൻ കഴിയുന്ന വിദേശ രാജ്യങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ആ രാജ്യത്തിന്റെ പാസ്സ്പോർട്ട് എത്രമാത്രം ശക്തമാണെന്ന് കണക്കാക്കുന്നത്. 2024- ലെ കണക്കുകൾ പുറത്തു വന്നപ്പോൾ ജപ്പാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങൾക്കൊപ്പം ഫ്രാൻസ്, ജർമ്മനി, ഇറ്റലി, സ്പെയിൻ എന്നീ നാല് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും, ശക്തമായ പാസ്സ്പോർട്ടിന് ഉടമകൾ എന്ന പദവി നേടി. ലോകത്തുള്ള 227 ഇടങ്ങളിൽ 194 ഇടങ്ങളിലേക്ക് ഈ രാജ്യങ്ങളുടെ പാസ്സ്പോർട്ടുകൾ ഉള്ളവർക്ക് വിസ ഇല്ലാതെ സന്ദർശിക്കാം.

ബെൽജിയം, ലക്സംബർഗ്, നോർവേ എന്നീ രാജ്യങ്ങൾക്ക് ഒപ്പം 191 ഇടങ്ങളിൽ വിസ-ഫ്രീ സന്ദർശനം സാധ്യമാക്കുന്ന പാസ്സ്പോർട്ടുമായി ബ്രിട്ടൻ നാലാം സ്ഥാനത്താണ് ഉള്ളത്. 189 രാജ്യങ്ങളിലേക്കുള്ള വിസ- ഫ്രീ സൗകര്യവുമായി ആസ്ട്രേലിയ ആറാം സ്ഥാനത്തും ഉണ്ട്. 188 രാജ്യങ്ങളിലേക്ക് മാത്രം വിസ ഇല്ലാതെ സന്ദർശനം സാധ്യമാക്കുന്ന പാസ്സ്പോർട്ടിന് ഉടമകളായ അമേരിക്ക ഇക്കാര്യത്തിൽ ഏഴാം സ്ഥാനത്താണ്.

ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസ്സോസിയേഷന്റെ (ഐ എ ടി എ)ഡാറ്റകൾ വിശദമായി വിശകലനം ചെയ്താണ് ഹെൻലേ പാസ്സ്പോർട്ട് ഇൻഡക്സ് തയ്യാറാക്കുന്നത്. ഒരു രാജ്യത്തിന്റെ പാസ്സ്പോർട്ട് സ്വന്തമായുള്ള വ്യക്തിക്ക്, മുൻകൂട്ടി വിസ എടുക്കാതെ എത്ര രാജ്യങ്ങൾ സന്ദർശിക്കാൻ കഴിയും എന്നാണ് ഇതിൽ പരിശോധിക്കുന്നത്. ഇപ്പോൾ പുറത്തു വന്ന പുതിയ റിപ്പോർട്ട് അനുസരിച്ച് ഫിൻലാൻഡ്, ദക്ഷിണ കൊറിയ, സ്വീഡൻ എന്നീ രാജ്യങ്ങളാണ് ശക്തമായ പാസ്സ്പോർട്ടിന്റെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഉള്ളത്.

193 രാജ്യങ്ങളിലേക്ക് ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മുൻകൂട്ടി വിസ എടുക്കാതെ പോകാനാകും. 192 രാജ്യങ്ങളിലേക്ക് വിസ- ഫ്രീ സൗകര്യമുള്ള ആസ്ട്രിയ, ഡെന്മാർക്ക്, അയർലൻഡ്, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളാണ് മൂന്നാം സ്ഥാനത്ത് ഉള്ളത്. ഇക്കാര്യത്തിൽ ഏറ്റവും താഴെനിൽക്കുന്നത് അഫ്ഗാനിസ്ഥാൻ തന്നെയാണ്. വെറും 28 രാജ്യങ്ങളിലേക്ക് മാത്രമാണ് അഫ്ഗാനിസ്ഥാൻ വിസ ഉള്ളവർക്ക് വിസ ഫ്രീ സന്ദർശനം സാധ്യമാവുകയുള്ളു.

കഴിഞ്ഞ വർഷം 27 രാജ്യങ്ങളിലേക്ക് മാത്രമെ അഫ്ഗാൻ പാസ്സ്പോർട്ടിന് ഈ സൗകര്യം ഉണ്ടായിരുന്നുള്ളും ഇത്തവണ ഒരു രാജ്യം കൂടി അഫ്ഗാനിസ്ഥാന് ആ സൗകര്യം നൽകിയിട്ടുണ്ട്. തൊട്ടു മുകളിൽ സിറിയ (29 രാജ്യങ്ങളിലേക്ക്), ഇറാഖ് (31), പാക്കിസ്ഥാൻ (34) എന്നീ രാജ്യങ്ങളാണ് ഉള്ളത്. ഇക്കാര്യത്തിൽ പാക്കിസ്ഥാനെക്കാൾ അൽപം മെച്ചപ്പെട്ട നിലയാണ് 36 രാജ്യങ്ങളിലേക്ക് വിസ ഫ്രീ സന്ദർശനം അനുവദിക്കുന്ന സോമാലിയൻ പാസ്സ്പോർട്ടിന്റേത്.

കഴിഞ്ഞ ഒരു ദശകത്തിനിടയിൽ, ഹെൻലേ പാസ്സ്പോർട്ട് ഇൻഡക്സിൽ വൻകുതിച്ചു ചാട്ടം നടത്തിയത് സൗദി അറേബ്യയാണ്. 2014- ൽ 55 -ാം സ്ഥാനത്തുണ്ടായിരുന്ന സൗദി ഇപ്പോൾ 11-ാം സ്ഥാനത്താണ്. കഴിഞ്ഞ ഒരു ദശകത്തിനിടെ, ഈ സൂചികയിലെ സ്ഥാനം മെച്ചപ്പെടുത്തിയ രാജ്യങ്ങളുടെ കൂട്ടത്തിൽ ചൈനയും യുക്രെയിനും ഉണ്ട്. 21 സ്ഥാനങ്ങൾ ഇക്കാലയളവിൽ ഇരു രാജ്യങ്ങളും മറികടന്ന് മുൻപോട്ട് കുതിക്കുകയായിരുന്നു.

യുക്രെയിൻ 32-ാം സ്ഥാനത്ത് എത്തിയപ്പോൾ ചൈനയുടെ സ്ഥാനം 62 ആണ്. ശക്തമായ പാസ്സ്പോർട്ടിന്റെ കാര്യത്തിൽ ഉസ്ബക്കിസ്ഥാനോടൊപ്പം 80-ാം സ്ഥാനം പങ്കിടുകയാണ് ഇന്ത്യ.