രാജസ്ഥാൻ: കാൽനട യാത്രയായി ഹജ്ജ് ചെയ്‌തെന്ന അവകാശപ്പെടുന്ന ശിഹാബ് ചേറ്റൂരുമായി ബന്ധപ്പെട്ടുണ്ടായ പുതിയ വിവാദത്തിൽ വിശദീകരണമായി ശിഹാബ് ചേറ്റൂർ രംഗത്ത്. രാജസ്ഥാനിൽ നിന്നാണ് വീഡിയോ വഴി വിശദീകരണം നൽകിയത്.

സെൽഫി എടുക്കാനായി ഓടിയെത്തിയ യുവാവിന്റെ ഫോൺ പിടിച്ചെടുത്തു എറിഞ്ഞതാണ് വിവാദത്തിന് കാരണമായത്. സംഭവം ബംഗ്ലാദേശ് അതിർത്തിയിൽ നിന്നും ഒരു കിലോമീറ്റർ മാറിയുള്ള പ്രദേശത്തെ ആദിവാസി മുസ്ലിം വിഭാഗത്തിനായി നടത്തിയ പരിപാടിയിലാണ് രോഷാകുലനായ ആദിവാസി യുവാവ് മുതിർന്നവരെയും പരിപാടി കമ്മിറ്റിക്കാരെയും തള്ളി മാറ്റി ഫോട്ടോ എടുക്കാനായി കടന്നുവന്നതെന്ന് ശിഹാബ് പറയുന്നു.

ഇതാണ് നിലവിട്ട് പെരുമാറാൻ ഇടയായതെന്ന് ശിഹാബ് പറഞ്ഞു. പിന്നീട് ഇയാളെ കെട്ടിപ്പിടിച്ച് മാപ്പ് പറഞ്ഞിട്ടുണ്ടെന്നും ഇതൊക്കെ വഹാബികളും നിരീശ്വരവാദികളും മറച്ചു വെക്കുകയാണെന്നും ശിഹാബ് ആരോപിച്ചു. മാത്രമല്ല ഞാനൊരിക്കലും ബിജെപിക്കാരൻ അല്ല ബിജെപിയെ പിന്തുണയ്ക്കുകയും ഇല്ല എന്ന് ശിഹാബ് വ്യക്തമാക്കി.

രാജ്യത്തെ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു എന്നുള്ളതുകൊണ്ട് തന്റെ അസ്തിത്വം ആർക്കും ഞാൻ പണയം വെച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാത്രമല്ല തന്നെ പരിഹസിക്കുന്നവർ പരലോകത്ത് വച്ച് കണ്ടുമുട്ടേണ്ടി വരുമെന്നും ശിഹാബ് ഓർമിപ്പിച്ചു. തനിക്കെതിരെ വീഡിയോ ചെയ്ത പല മാധ്യമങ്ങളും പണ്ഡിതന്മാരും തനോട് മാപ്പ് ചോദിച്ചു വീഡിയോ ഡിലീറ്റ് ചെയ്തിട്ടുണ്ടെന്നും ഇപ്പോഴും ആളുകൾ അത് ചെയ്തുകൊണ്ടിരിക്കുകയാണെന്നും ശിഹാബ് അവകാശപ്പെട്ടു.

ഫോൺ വിവാദവുമായി ബന്ധപ്പെട്ട് ശിഹാബ് ചേറ്റൂരിന്റെ വിശദീകരണത്തിന്റെ പൂർണ്ണരൂപം ഇങ്ങനെ..

ഞാനെന്തു പറഞ്ഞാലും ഒന്നും ഇപ്പൊ മനസ്സിലാവില്ല ആർക്കും മനസ്സിലാവില്ല അങ്ങനെയാണ് കാര്യങ്ങൾ. ഞാനിപ്പോൾ ഉള്ളത് രാജസ്ഥാനിലെ ചെതപ്പുരിലാണ്. ഇന്നലെ ഒരു ഫോണിന്റെ വീഡിയോ വന്നിട്ടുണ്ടായിരുന്നു , മനസ്സിലാക്കുന്നവർക്ക് മനസ്സിലാക്കാം. ഓരോ വീഡിയോകളും പുറത്തുവരും അപ്പോഴൊക്കെ എന്റെ പുറകിൽ ആളുകൾ ഉണ്ടാകും. സത്യത്തിൽ മനസ്സിലാക്കുന്നവർക്ക് മനസ്സിലാക്കാം. അല്ലാത്തവർക്ക് തെറിവിളിച്ച് പോകാം.

അതിനുമുമ്പ് ഞാനൊരു കാര്യം പറയട്ടെ ഞാനൊരു ബിജെപിക്കാരൻ അല്ല. നിങ്ങളെന്നെ ബിജെപിക്കാരൻ ആക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ നിങ്ങളും റബ്ബുമായിട്ട് (ദൈവത്തോടൊപ്പം) ആയിക്കൊള്ളി. എന്റെ അസ്ഥിത്വം ആരുടെയും മുന്നിൽ പണയം വെച്ചിട്ടുമില്ല. രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു എന്നതിന്റെ പേരിൽ അസ്ഥിത്വം പണയം വയ്ക്കാൻ ഞാനില്ല. ഞാൻ ഉദ്ദേശിച്ചിട്ടുമില്ല ഇനി അങ്ങനെ ഞാൻ ഉദ്ദേശിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളും നിങ്ങളുടെ റബ്ബും ( ദൈവം)തമ്മിൽ ആയിക്കൊള്ളുക്ക. എന്റെ റബ്ബും.. ഞാനും ഉള്ളത് ഞങ്ങൾ ആയി കൊള്ളാം.

ഫോണിന്റെ എറിഞ്ഞ വീഡിയോയുടെ സത്യാവസ്ഥ എന്താണെന്ന് പറഞ്ഞാൽ, ആ പരിപാടിയിലേക്ക് പ്രായമുള്ളവരെ തള്ളിമാറ്റി ഓടിവന്ന പയ്യനായിരുന്നു അത്. അത് കാണിക്കുന്ന വീഡിയോ വഹാബികൾ ( ഇസ്ലാമിക യാഥാസ്ഥികറ്) കട്ട് ചെയ്തു . ശേഷമുള്ള വീഡിയോകളും വഹാബികളും യുക്തിവാദികളും ചേർന്ന് കട്ട് ചെയ്തണ് പ്രചരിപ്പിച്ചത് .

സംഭവത്തിനുശേഷം അയാളെ കെട്ടിപ്പിടിച്ച് ഞാൻ മാപ്പുപറയുന്നുണ്ട്. അതേ സ്റ്റേജിൽ നിന്ന് തന്നെ. പക്ഷേ അതൊന്നും പുറത്തുവന്നില്ല. ഇത് ബംഗ്ലാദേശിന് സമീപത്താണ് സംഭവം, മുസ്ലിം ആദിവാസി വിഭാഗത്തിൽ പെടുന്ന രോഷാകുലനായ ചെറുപ്പക്കാരൻ ആയിരുന്നു അത്. അത് മുസ്ലിം ആദിവാസി പ്രദേശമാണ്. ജനങ്ങൾക്ക് അറിവ് വളരെ കുറവുള്ള ആളുകളാണ്. പക്ഷേ അവർ രോഷാകുലരാണ്.10000 കണക്കിന് ആളുകൾ കൂടിയ ആ പരിപാടിയിൽ ഈയൊരു മനുഷ്യൻ ഉസ്താദുമാരെയും കമ്മിറ്റി ഭാരവാഹികളെയും മാറ്റി ഓടിവരുന്ന വീഡിയോ ഒരുപക്ഷേ നിങ്ങൾക്ക് വരും ദിവസങ്ങളിൽ കാണാൻ സാധിക്കും. സംഭവം ഉണ്ടായതിനുശേഷം അയാളെ ഞാൻ കെട്ടിപ്പിടിച്ച് മാപ്പ് ചോദിക്കുന്നുണ്ട് .മാത്രമല്ല ഇയാളോട് അങ്ങനെ ചെയ്യാൻ പാടില്ല എന്നും ഞാൻ പറഞ്ഞിരുന്നു. മറ്റുള്ളവരെ ബഹുമാനിക്കണം എന്നും ഞാൻ ഉപദേശിച്ചിരുന്നു. അവിടെ വച്ച് തന്നെ ഞാൻ ചെയ്തത് തെറ്റ് തന്നെയാണ് എന്ന് ഞാൻ സമ്മതിച്ചിട്ടുണ്ട്. എറിഞ്ഞ മൊബൈലിന്
എന്തെങ്കിലും സംഭവിച്ചോ എന്ന് നോക്കി മാപ്പ് പറയുന്ന വീഡിയോ ഉണ്ട്. അതും പുറത്തു വരില്ല കാരണം എല്ലാവർക്കും തിന്മകൾ മാത്രമാണ് അറിയേണ്ടത്.

ഞാനെന്തു പറഞ്ഞാലും നിങ്ങളുടെ മനസ്സിൽ കയറില്ല എന്ന് എനിക്കറിയാം പക്ഷേ നിങ്ങൾ മനസ്സിലാക്കേണ്ടത് ഒരു മനുഷ്യനെ പോലും .. അൽഹംദുലില്ലാ (ദൈവത്തിനു സ്തുതി) ഇന്നുവരെ പറ്റിക്കുകയോ കളവു പറഞ്ഞിട്ട് ഒന്നും നേടിയെടുത്തിട്ടുമില്ല. ഇന്നുവരെ ഇത്രയൊക്കെ വിവാദം ഉണ്ടായിട്ടും ശിഹാബ് ചോറ്റൂർ ഒരാളെ പറ്റിച്ചു എന്നോ, പണം പിരിച്ചു എന്നോ , ഒരു രൂപ ഒരാളിൽ നിന്നും വാങ്ങിയോ എന്നോ പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? അത് എന്തുകൊണ്ടാണ് കേൾക്കാത്തത്. അത് സംഭവിക്കാത്തതുകൊണ്ട് തന്നെയാണ് നിങ്ങൾ കേൾക്കാത്തത് ആ ഒരു ധൈര്യം തന്നെയാണ് എനിക്കുള്ളത്.

നിങ്ങളെന്നെ എന്ത് തെറിവാണെങ്കിലും വിളിച്ചു കൊള്ളുക. പക്ഷേ എന്റെ വീട്ടുകാരെ തെറി പറയരുത്. വീട്ടുകാരെ തെറി പറയുന്ന ഏതവരാണെങ്കിലും എനിക്ക് ബാപ്പയും ഉമ്മയും ഉള്ളതുപോലെ നിങ്ങൾക്കും ബാപ്പയും ഉമ്മയും ഉണ്ടെന്ന് മറക്കാൻ പാടില്ല.

അസ്സലാമു അലൈക്കും വറഹ്‌മത്തുള്ള .. (വീഡിയോ അവസാനിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ വീണ്ടും തുടരുന്നു)

എല്ലാവരോടും സ്‌നേഹം മാത്രം . ഇനിയും ഒരുപാട് വിവാദങ്ങൾ പ്രതീക്ഷിക്കുന്നുണ്ട് വഹാബികളും യുക്തിവാദികളും നിങ്ങളുടെ പണി തുടർന്നുകൊണ്ടിരിക്കുക എന്റെ പണി ഞാൻ തുടർന്നുകൊണ്ടിരിക്കും. ഞാനൊരു ഔലിയ ( ബഹുമാനിക്കപ്പെടേണ്ടവർ) അല്ല പണ്ഡിതനല്ല ഒരു വിദ്യാഭ്യാസം ഉള്ളവനും അല്ല. സാധാരണക്കാരിൽ സാധാരണക്കാരനായ മനുഷ്യൻ. നിങ്ങള് പറയുന്നതുപോലെ യൂട്യൂബ് ഹാജി ആയതുകൊണ്ടാണോ എന്നറിയില്ല ഞാൻ ചെല്ലുന്നിടത്തെല്ലാം പതിനായിരങ്ങൾ ഒരുമിച്ചു കൂടുന്നു. അറിവില്ലാത്ത , ഭക്ഷണം പോലും കഴിക്കാൻ കഴിയാത്ത ഒരുപാട് ആളുകൾക്ക് ഭക്ഷണം എത്തിക്കാൻ എനിക്ക് സാധിക്കുന്നുണ്ട് . ഒരാളിൽ നിന്നും പിരിവെടുത്തല്ല എന്റെ സ്വന്തം സമ്പത്തുകൊണ്ടാണ് ഞാൻ അത് ചെയ്യുന്നത്. എന്നെ സ്‌നേഹിക്കുന്ന ആളുകൾ എനിക്ക് തരുന്ന ആ തുച്ഛമായ പണമാണ് ഞാൻ ഇതിനായി ചെലവഴിക്കുന്നത്.

എന്തുവേണമെങ്കിലും പറഞ്ഞുള്ളൂ മൊബൈൽ ഫോൺ എറിഞ്ഞ ആ സ്റ്റേജിൽ പ്രായമായ മലയാളികളായ ഉസ്താദുമാരുണ്ട് അവർ ആ സംഭവം കണ്ടിട്ടുണ്ട്. നിങ്ങൾ എനിക്ക് വിലയിടുമ്പോൾ പരലോകത്ത് ചിലപ്പോൾ നമ്മളൊന്ന് നേരിടേണ്ടി വരും.

എന്നാൽ എന്റെ കയ്യിൽ നിന്നും വരുന്ന ഇതുപോലുള്ള ചെറിയ ചെറിയ കാര്യങ്ങളും വലിയ കാര്യങ്ങളും നിങ്ങൾ ഉണർത്തി തരുന്നതുകൊണ്ട് അത് തിരുത്താൻ സാധിക്കുന്നുണ്ട്. എനിക്ക് ദൈവം പൊറുത്തു തരട്ടെ.



ഒരു ഹിന്ദിക്കാരുടെ ഇടയിലും ഞാൻ അറിവുള്ള ആളാണെന്ന് പറഞ്ഞ് ഇതുവരെ പോയിട്ടില്ല. ഞാനൊരു സാധാരണക്കാരനാണ് ,എന്റെ സ്വപ്നത്തിനു വേണ്ടിയാണ് ഞാൻ ഹജ്ജ് യാത്ര നടത്തിയതെന്നാണ് ഞാൻ ഹിന്ദിക്കാരോട് പറയാറുള്ളൂ .

മുമ്പ് പല വിവാദങ്ങൾ ഉണ്ടായപ്പോഴും വീഡിയോ ചെയ്ത ആളുകൾ പിന്നീട് ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇതിൽ പല മാധ്യമങ്ങളുമുണ്ട്. വലിയ തലക്കെട്ട് കെട്ടിയ പണ്ഡിതന്മാരും ഉണ്ട്. അമ്പലത്തിൽ പാട്ട് പാടാൻ പോയെന്ന് പറഞ്ഞില്ലേ , അത് ഒരു കളവായിരുന്നില്ലേ. വഹാബികളുടെ പുസ്തകം പ്രചരണം നടത്താൻ പോയെന്ന് പറഞ്ഞു. ജീവൻ ഉണ്ടെങ്കിൽ അവരുടെ പുസ്തകം പ്രചരിപ്പിക്കാൻ ഞാൻ പോകുമോ? അതൊക്കെ കളവായില്ലേ. എന്നെക്കുറിച്ച് നാടകം നടത്തിയ ഒരാൾ ഫോണിൽ വിളിച്ച് മാപ്പു ചോദിച്ചിരുന്നു. നിങ്ങളൊക്കെ അറിയുന്ന ആളാണ്. എല്ലാവരും വീഡിയോക്ക് വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത്. എല്ലാവരും ഒന്നു മനസ്സിലാക്കൂ...

ഒരു ദിവസം എല്ലാം തിരിച്ചറിയും സത്യം മനസ്സിലാകും.. (വീഡിയോ സന്ദേശം;അവസാനിപ്പിക്കുന്നു)



അതേസമയം വഹാബികളെ കുറിച്ച് പറഞ്ഞാൽ കുറച്ചു സുന്നികളുടെ പിന്തുണ ലഭിക്കുമെന്ന് കരുതിയാണോ വഹാബികളെ പറയുന്നതെന്ന് ചോദ്യവും ശിഹാബിന്റെ വീഡിയോക്ക് താഴെ ഉയർന്നുവന്നിട്ടുണ്ട്. മാത്രമല്ല നിരവധി പരിഹാസ മറുപടികളാണ് വീഡിയോ താഴേ മറുപടിയായി ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം ഫോട്ടോ എടുക്കുന്നത് നിഷിദ്ധമാണെന് ശിഹാബ് പറഞ്ഞതായി പറയപ്പെടുന്ന കാര്യത്തിൽ വീഡിയോയിൽ മൗനം അവലംബിക്കുകയാണ്.

ശിഹബിന്റെ നടന്നുള്ള ഹജ്ജ് യാത്രയുടെ തുടക്കത്തിൽ വലിയ പിന്തുണ നേടാൻ സാധിച്ചുവെങ്കിലും തുടർന്ന് വഴിയിൽ വച്ച് ആകാശത്ത് അല്ലാഹുവിനെ കണ്ടു എന്ന് ധ്വനിപ്പിക്കുന്ന രീതിയിൽ അവകാശവാദം ഉന്നയിച്ചതും വിമർശകരെ കുരക്കുന്ന പട്ടികൾ എന്ന് സമം ചേർത്ത് പറയുകയും ചെയ്തതോടെയാണ് ഹജ്ജ് യാത്രയ്ക്കിടയിൽ വിമർശനം കടത്തു. ഇതോടെ യൂട്യൂബ് ഹാജി എന്ന പേര് ശിഹാബ് സ്വന്തമാക്കി.

തുടർന്ന് പാക്കിസ്ഥാൻ വിസ പ്രതിസന്ധിയും പാക്കിസ്ഥാനിൽ നിന്നും ഇറാനിലേക്കുള്ള വിമാനത്തിൽ ആകാശ യാത്രയും തുടർന്ന് ഇറാനിൽ നിന്നും ബൈക്ക് യാത്രയും ഒക്കെ വിവാദങ്ങൾ ആയി മാറി. ഹജ്ജ് നിർവഹിച്ചു മടങ്ങിയ ശിഹാബിനെ കേരളത്തിൽ ലഭിച്ചത് തണുത്ത സ്വീകരണമാണ് .

ഇതിനിടയിൽ സുഗന്ധ ദ്രവ്യങ്ങളുടെ പരസ്യവും മറ്റുമായി കടന്നു പോകുമ്പോഴാണ് രാമലല്ല വിവാദം കടന്നുവരുന്നത്. അയോധ്യയിലെ രാമ വിഗ്രഹം പ്രതിഷ്ഠാദിനത്തിൽ പ്രധാനമന്ത്രി നന്ദി അറിയിച്ചും അഭിനന്ദിച്ചും രംഗത്ത് വന്നിരുന്നു. ഇത് വിവാദമായതോടെ പോസ്റ്റ് മുക്കി വിശദീകരണവുമായി രംഗത്തുവന്നിരുന്നു. ഇതിനിടയിലാണ് പശ്ചിമബംഗാളിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുള്ള മുസ്ലീങ്ങൾക്കിടയിൽ ശിഹാബ് സാന്നിധ്യം ഉറപ്പിക്കുന്നത്.

പശ്ചിമ ബംഗാളിലാണ് വിവിധ മുസ്ലിം പരിപാടികളിൽ ശിഹാബ് അതിഥിയായി കൂടുതൽ കടന്നുവന്നത്. ഇവിടെ വച്ചാണ് സെൽഫി എടുക്കാൻ ശ്രമിച്ച ആദിവാസി യുവാവിന്റെ മൊബൈൽ പിടിച്ചു വാങ്ങുകയും എറിഞ്ഞ് ഉടക്കുകയും രോഷം പ്രകടിപ്പിക്കുകയും ചെയ്തത്. ഫോട്ടോ വീഡിയോ പകർത്തൽ ഹറാമാണെന്നും നിഷിദ്ധമായ കാര്യങ്ങളിൽ ഇപ്പോൾ താല്പര്യമില്ല എന്നാണ് ശിഹാബ് ചേറ്റൂരിന്റെ അടുത്ത വൃത്തങ്ങളിൽ നിന്നും ഇതുമായി ബന്ധപ്പെട്ട് ആദ്യം പുറത്തുവന്ന വിവരങ്ങൾ. തുടർന്നുള്ള വീഡിയോ വിശദീകരണത്തിലും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശിഹാബ് വിശദീകരിച്ചിട്ടില്ല.