മാനന്തവാടി: വീട് സന്ദർശിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശനോട് വൈകാരികമായി പ്രതികരിച്ച് വയനാട് മാനന്തവാടിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ മകൾ അൽന. തന്റെ അച്ഛന് വന്ന ഗതി ആർക്കും വരരുതെന്ന് അജീഷിന്റെ മകൾ വിതുമ്പിക്കൊണ്ട് പറഞ്ഞു. വൈകാരിക നിമിഷങ്ങൾ കണ്ടുനിന്നവരുടെ കണ്ണുകൾ ഈറനണിയിച്ചു. പിതാവ് നഷ്ടപ്പെട്ട സങ്കടം തളർത്തുന്നുണ്ടെങ്കിലും അവളുടെ വാക്കുകളിൽ ആ തളർച്ച കാണാനില്ലായിരുന്നു.

എന്റെ ഡാഡിക്ക് സംഭവിച്ചകണക്ക് ഇനി ഒരു മനുഷ്യർക്കും പറ്റാൻ പാടില്ല വയനാട്ടിൽ. ഞാൻ കരഞ്ഞത്ര വേറൊരു കൊച്ചും ഇനി കരയാൻ പാടില്ല...... വയനാട്ടിലെ പയ്യമ്പള്ളി ചാലിഗദ്ദയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ മകൾ എട്ടാംക്ലാസുകാരി അൽന കരഞ്ഞുകൊണ്ട് പറഞ്ഞു.

''ആനയ്ക്ക് കാടുണ്ട്. കാട്ടാനകൾക്ക് കാട് ഇഷ്ടംപോലെയുണ്ട്. വയനാട്ടിൽതന്നെ എത്രത്തോളം കാടുകൾകിടക്കുന്നു. കാടില്ലേ, പിന്നെന്തുകൊണ്ട് കാട്ടാന നാട്ടിലേക്കിറങ്ങുന്നു. നാട്ടാനകൾക്ക് കാട്ടിലേക്ക് കേറാൻ പറ്റൂല. കാട്ടാന പിന്നെന്തിന് നാട്ടിലേക്കിറങ്ങുന്നു. കാട്ടാന കാട്ടിലിറങ്ങിയാ മതി, നാട്ടിലിറങ്ങണ്ട. അതിനുള്ള സംവിധാനം ഒന്ന് വയനാട്ടിൽ ചെയ്തുകൊടുക്കണം. എന്റെ ഡാഡിക്ക് സംഭവിച്ചകണക്ക് ഇനി ഒരു മനുഷ്യർക്കും പറ്റാൻ പാടില്ല വയനാട്ടിൽ. ഞാൻ കയഞ്ഞത്ര വേറൊരു കൊച്ചും ഇനി കരയാൻ പാടില്ല.

വയനാട്ടിലെ ജനങ്ങൾ കടുവയുടെ, ആനയുടെ ആക്രമണത്തിൽ മരിക്കുന്നുണ്ട്. എനിക്കറിയാം, ഞാൻ ന്യൂസ് കേൾക്കുന്നതാ, പത്രം വായിക്കുന്നതാ. ഇതുവരെ അതിനൊരു പോംവഴി വയനാട്ടിൽ വന്നിട്ടില്ല. വേറേത് രാജ്യത്ത് വന്നിട്ടുണ്ടെങ്കിലും വയനാടെന്ന ഈ ചെറിയ മലയോര പ്രദേശത്ത് വന്നിട്ടില്ല, അറിയോ. മൂന്നുമാസം മുമ്പ് ഇവിടെ ആന ഇറങ്ങിയായിരുന്നു. ഒരു പ്രശ്നവും ഉണ്ടാക്കിയില്ല. എന്റെ ഡാഡിയും കുറച്ചു ചേട്ടന്മാരുംകൂടി അതിനെ കരകയറ്റിവിട്ടു.

ഈ ആന ഇവിടെ വന്നപ്പോഴും എന്റെ ഡാഡിയും ആ ചേട്ടന്മാരുമാണ് അതിന്റെ പിറകെ ഓടിയത്. എനിക്ക് വേറൊരു ചേട്ടായി ഉണ്ട്. ആന ഇളകിയതുകണ്ടപ്പോ ചേട്ടായി ഓടി. അതിന്റെ പിറകെ ഡാഡിയും ഓടി. ഡാഡി ഓടിയപ്പോ അവിടെ എത്താൻ പറ്റാത്തോണ്ടല്ലേ. എന്റെ ഡാഡിക്ക് പറ്റിയകണക്ക് വയനാട്ടിലെ ഒരു പുരുഷനും സ്ത്രീയ്ക്കും അങ്ങനൊരു കാര്യം നടക്കില്ലെന്ന് എനിക്ക് വാക്കുതരണം. കാട്ടിൽ എത്രയോളം ഭക്ഷണങ്ങൾക്കിടക്കുന്നു കാട്ടാനയക്ക്. വെള്ളമില്ലേ, പിന്നെ എന്തുകൊണ്ട് കാട്ടാന ഇവിടെ വരുന്നു. എന്റെ ഡാഡിക്ക് സംഭവിച്ച കാര്യം ഇവിടെ ഇനി നടക്കാൻ പാടില്ലാന്ന് മാത്രമേ എനിക്ക് പറയാനുള്ളു''-

കണ്ടുനിന്നവരുടെ കണ്ണുകളെയും ഈറനണിയിക്കുന്നതായിരുന്നു അജീഷിന്റെ മകളുടെ തേങ്ങലടക്കിയുള്ള വാക്കുകൾ. കഴിഞ്ഞ ദിവസം ബേലൂർ മഖ്‌ന എന്ന കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിൽ സന്ദർശനം നടത്താനെത്തിയതായിരുന്നു പ്രതിപക്ഷ നേതാവ്. അൽനയുടെ മൂർച്ചയുള്ള ഈ വാക്കുകൾക്കുമുമ്പിൽ നിശബ്ദരായി നിൽക്കാനേ പ്രതിപക്ഷ നേതാവുൾപ്പെടെ ചുറ്റുംനിന്നവർക്ക് സാധിച്ചുള്ളൂ.