കണ്ണൂർ : കർണാടക വനാതിർത്തി പ്രദേശമായ കാഞ്ഞിരക്കൊല്ലി വനത്തിലൂടെ സഞ്ചരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമത്തിൽ കാലിനും കൈക്കും പരിക്കേറ്റ മാവോയിസ്റ്റ് പ്രവർത്തകൻ ചിക്മംഗളൂർ സ്വദേശി എ.സുരേഷിനെ(45)പ്രവേശിപ്പിച്ച പരിയാരത്തെകണ്ണൂർ ഗവ.മെഡിക്കൽ കോളേജ് പരിസരത്തും ഐ.സി.യുവിന് മുൻപിലും കനത്ത പൊലിസ് സുരക്ഷ ഏർപ്പെടുത്തി.

എ,കെ.-47 തോക്കുകളുമായി എ.എൻ.എഫിന്റെ(ആന്റി നക്സൽ ഫോഴ്സ്)പത്തോളം സേനാംഗങ്ങളും നിരവധി പൊലീസുകാരും ഇവിടെ ഡ്യൂട്ടിയിലുണ്ട്.
വെള്ളിയാഴ്‌ച്ച രാത്രി ഒൻപതോടെയാണ് സുരേഷിനെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചത്. കാലിനും കൈയിലുമുള്ള പരിക്കുകളല്ലാതെ മറ്റ് പ്രശ്നങ്ങളൊന്നും ഇയാൾക്കില്ലെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു.

സർജറി ഐ.സി.യുവിൽ കഴിയുന്ന സുരേഷ്‌കുമാറിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിട്ടുണ്ട്. വെള്ളിയാഴ്‌ച്ച വൈകുന്നേരത്തോടെയാണ് പരിക്കേറ്റ ഇയാളെ കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയിലെ ചപ്പിലി കൃഷ്ണന്റെ വീട്ടിലെത്തിച്ച ശേഷം മാവോയിസ്റ്റ് സംഘം രക്ഷപ്പെട്ടത്. മാവോയിസ്റ്റ് പ്രവർത്തകന്റെ ചികിൽസ സംബന്ധിച്ച വിവരങ്ങൾ പൊലിസ് രഹസ്യമാക്കി വെച്ചിരിക്കയാണ്.

ആർക്കും ഇത് സംബന്ധിച്ച വിവരങ്ങൾ നൽകരുതെന്ന് ഉന്നത പൊലിസ് അധികൃതർ മെഡിക്കൽ കോളജുമായി ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയതായാണ് വിവരം വൻ സുരക്ഷാ സന്നാഹത്തെയാണ് മെഡിക്കൽ കോളേജ് കവാടത്തിലും വിവിധയിടങ്ങളിലും വിന്യസിപ്പിച്ചിട്ടുള്ളത്. കണ്ണൂർ റൂറൽ എസ്‌പി ഹേമലതയുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്. പിടിയിലായ സുരേഷിനെ കണ്ണൂർ റൂറൽ എസ്‌പി ഹേമലതയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തിട്ടുണ്ട്.

ഇയാളുടെ കൂടെയുണ്ടായിരുന്നവരെ കുറിച്ചുള്ള വിവരങ്ങളാണ് പൊലിസ് അന്വേഷിച്ചത്. ആറംഗ സംഘമാണ് കാഞ്ഞിരക്കൊല്ലിയിൽ ഇറങ്ങിയതെന്നാണ് സുരേഷ് പൊലിസിന് നൽകിയ മൊഴി. ഇതിൽ ഒരു സ്ത്രീയും കൂടിയുണ്ടെന്നാണ് പൊലിസിന് ലഭിക്കുന്ന വിവരം.