ആഗോളാടിസ്ഥാനത്തില്‍ തന്നെ കൂടുതല്‍ പേര്‍ മതങ്ങളില്‍ നിന്നും അകലുന്നു എന്നതിന്റെ സൂചനയാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ലഭിച്ചു കൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്, പുതിയ പുരോഹിതരും സന്യാസിനിമാരും സഭയില്‍ ഉണ്ടാകാനായി പ്രാര്‍ത്ഥിക്കണമെന്ന് മാര്‍പ്പാപ്പ വിശ്വാസികളോട് ആവശ്യപ്പെട്ടത്. ലോകത്തിന്റെ പല ഭാഗങ്ങളിലും, കത്തോലിക്ക സഭയില്‍, മതത്തിനായി ജീവിക്കാന്‍ തയ്യാറുള്ളവരുടെ എണ്ണം കുറഞ്ഞു വരുന്നത് സഭയുടെ ഭാവിയെ ബാധിക്കുമെന്നും തിങ്കളാഴ്ച റോമില്‍ പറഞ്ഞു.

ഈ വേനല്‍ക്കാലത്ത് റോമില്‍ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്കായി എത്തിയ ചില സെമിനാരികളുടെ പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരോഹിതരാകുവാനും, സന്യാസിനിമാര്‍ ആകുവാനും അവര്‍ എത്രപേര്‍ക്ക് പരിശീലനം നല്‍കുന്നു എന്ന് പോപ്പ് ഫ്രാന്‍സിസ് അവരോട് ചോദിച്ചു. എട്ട്, പന്ത്രണ്ട്, പതിനേഴ് എന്നിങ്ങനെയായിരുന്നു അവരുടെ മറുപടി. പുതിയ അംഗങ്ങള്‍ വരുന്നത് ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നാണെന്നും അവര്‍ പറഞ്ഞു.

സഭയുടെ ഭാവി അവിടെയാണെന്നും, ഇപ്പോഴത്തെ സംഖ്യ വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും മാര്‍പ്പാപ്പ അവരോട് പറഞ്ഞു. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെ കാലമായി അമേരിക്കയിലെയും യൂറോപ്പിലേയും പുരോഹിതന്മാരുടെയും സന്യാസിനിമാരുടെയും കൊഴിഞ്ഞുപോക്ക് വര്‍ദ്ധിക്കുകയാണ്. ഇങ്ങനെ സഭ വിട്ടു പോകുന്നവരുടെയും മരണമടയുന്നവരുടെയും ഒഴിവുകള്‍ നികത്താന്‍ ആവശ്യത്തിന് പുതിയ ആളുകളെ ഇവിടങ്ങളില്‍ കിട്ടാതായിരിക്കുന്നു.

2011 ല്‍ 4,13,418 പുരോഹിതന്മാര്‍ സഭയില്‍ ഉണ്ടായിരുന്നപ്പോള്‍, 2021 ല്‍ അത് 4,07,872 ആയി കുറഞ്ഞുവെന്ന് വത്തിക്കാന്‍ രേഖകള്‍ കാണിക്കുന്നു. എന്നാല്‍, സന്യാസിനിമാരുടെ എണ്ണമാണെങ്കില്‍ കുത്തനെ ഇടിയുകയാണ്. ആഗോളാടിസ്ഥാനത്തില്‍ തന്നെ പ്രതിവര്‍ഷം 10,000 പേരോളം ഇക്കാലയളവില്‍ സഭ വിട്ടുപോവുകയോ മരണമടയുകയോ ചെയ്തിട്ടുണ്ട് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ചിലയിടങ്ങളില്‍ സന്യാസിനിമാരുടെ എണ്ണത്തില്‍ വര്‍ദ്ധാനവ് ഉണ്ടാകുന്നുണ്ടെങ്കിലും, പൊതുവെ ആഗോളാടിസ്ഥാനത്തില്‍ കനത്ത ഇടിവാണ് ഇതില്‍ ഉണ്ടാകുന്നത്. 2011 ല്‍ 7,13,206 സന്യാസിനിമാര്‍ ഉണ്ടായിരുന്നിടത്ത് 2021 ല്‍ ഉണ്ടായിരുന്നത് 6,08,958 പേര്‍ മാത്രമാണെന്നും വത്തിക്കാന്റെ കണക്കുകള്‍ പറയുന്നു.

പുരോഹിതരുടെയും സന്യാസിമാരുടെയും എണ്ണം കുറഞ്ഞതോടെ ചില ഓര്‍ഡറുകള്‍ അടച്ചുപൂട്ടേണ്ടതായി വന്നു. ചിലയിടങ്ങളില്‍ പ്രവര്‍ത്തനം ചുരുക്കുകയും, പ്രായമായ അംഗങ്ങളുടെ പരിപാലനത്തിനുള്ള തുക കണ്ടെത്താന്‍ പല സ്വത്തുക്കളും വില്‍ക്കുകയും ചെയ്യേണ്ടിവന്നു. ഭാവി അനിശ്ചിതത്തിലായതോടെ ചില ഓര്‍ഡറുകള്‍ പുതിയ അംഗങ്ങളെ സ്വീകരിക്കാതെയുമായിട്ടുണ്ട്. അതേസമയം, ആളുകള്‍ കുറയുന്നുവെങ്കിലും, അത് പരിഹരിക്കുവാനായി പുതിയ അംഗങ്ങളെ സ്വീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവുകള്‍ വരുത്തരുതെന്നും മാര്‍പ്പാപ്പ ആവശ്യപ്പെട്ടു. വളരെ ശ്രദ്ധാപൂര്‍വ്വം വേണം പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.