ലണ്ടൻ: ഒഇടി പരീക്ഷ തട്ടിപ്പ് വിവരം പുതിയ തലത്തിലേക്ക്. മുൻപ് സമാനമായ തരത്തിൽ പരീക്ഷ തട്ടിപ്പും പണം പിടുങ്ങാനുമായി പലവട്ടം കിഡ്‌നാപ്പിങ് നടന്നിട്ടുണ്ട് എന്ന വെളിപ്പെടുത്തൽ ഈ വിവാദത്തെ ഏറെ ചർച്ചയാക്കിയിരുന്നു.

മുൻപ് ഒഇടി പരീക്ഷ നടന്നപ്പോൾ ചോദ്യ പേപ്പർ ചോർത്തിയതുമായി ബന്ധപ്പെട്ടു തൃശൂരിലെ വടക്കാഞ്ചേരിയിൽ നടന്ന കിഡ്നാപ്പിംഗിൽ പൊലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തതോടെയാണ് ലോകമെങ്ങും നടക്കുന്ന ഈ ഇംഗ്ലീഷ് യോഗ്യത നിർണായ പരീക്ഷയിൽ കേരളത്തിൽ തട്ടിപ്പ് നടക്കുന്ന വിവരം പുറം ലോകം അറിഞ്ഞത്. കേരളത്തിൽ നിന്നും പതിനായിരക്കണക്കിന് നഴ്‌സുമാർക്ക് വിദേശത്തു പോകാൻ ഈ പരീക്ഷ പാസാകണം എന്നതിനാൽ മുൻകൂർ ചോദ്യപേപ്പർ ലഭിക്കാൻ നാലു ലക്ഷം രൂപ വരെ ഓരോ പരീക്ഷാർത്ഥിയും നൽകണം എന്നതിനാൽ കോടികളാണ് പരീക്ഷ ദിവസം കൈമറിയുന്നത് എന്ന വിവരമാണ് ഇപ്പോൾ പുറത്തു വന്നത്.

കേരളത്തിലെ പതിനായിരക്കണക്കിന് നഴ്‌സുമാരുടെ ഭാവിയെ ബാധിക്കുന്ന ഗുരുതര വിഷയം ആയിട്ടും ഇക്കാര്യത്തിൽ സജീവ പരിഗണന നൽകിയുള്ള അന്വേഷണമല്ല നടക്കുന്നത് എന്നും ആരോപണം ഉയർന്നിരുന്നു. കൊല്ലാത്തെ കുട്ടിയെ തട്ടിയെടുത്ത കേസിൽ ഒഇടി പരീക്ഷ തട്ടിപ്പ് സംബന്ധിച്ച സൂചനകൾ പുറത്തു വന്നതോടെയാണ് കേരളത്തിൽ ഈ പരീക്ഷ നടത്തിപ്പ് തട്ടിപ്പുകാരുടെ കൈകളിലാണ് എന്ന വിവരം പുറം ലോകത്ത് എത്തിയത്. ഇതേതുടർന്ന് ലഭിച്ച മാധ്യമ ശ്രദ്ധ വഴി ഇപ്പോൾ ഓസ്‌ട്രേലിയ ആസ്ഥാനമായ സിബിഎൽഎയു എന്ന പരീക്ഷ നടത്തിപ്പുകാരും ഗൗരവ ശ്രദ്ധയോടെ കാണുകയാണ് എന്ന് ദി ഹിന്ദു പത്രം റിപ്പോർട്ട് ചെയ്യുന്നു.

പരീക്ഷ നടത്തിപ്പ് ചുമതലയുള്ള ചീഫ് എക്സ്പീരിയൻസ് ഓഫിസർ മാർക്കോ ഡെൽഗാഡോയാണ് ഇക്കാര്യത്തിൽ വിട്ടുവീഴ്ച ഇല്ലാത്ത നടപടികൾ ഉണ്ടാകും എന്ന മുന്നറിയിപ്പ് നൽകുന്നത്.

പരീക്ഷ രീതികൾ അടിമുടി മാറിയേക്കും, വ്യാപകമായി ദുരുപയോഗം നടന്നിട്ടില്ലെന്ന് പരീക്ഷ നടത്തിപ്പുകാർ

വിദേശ രാജ്യങ്ങളിൽ ജോലിക്കായി എത്തുമ്പോൾ അത്യാവശ്യം ഇംഗ്ലീഷ് പ്രാവീണ്യം ഉണ്ടായിരിക്കണം എന്നതിനാണ് ഒഇടി ലോകമെങ്ങും അംഗീകൃത പരീക്ഷ യോഗ്യത ആയി മാറിയത്. സമാനമായ ഐഇഎൽടിഎസ് കൂടുതൽ കടുപ്പമേറിയ പരീക്ഷ ആയതിനാൽ അടുത്തിടെ അംഗീകാരം ലഭിച്ച ഒഇടിയാണ് ഇപ്പോൾ മലയാളികളിൽ നല്ല പങ്കും തിരഞ്ഞെടുക്കുന്നത്. ആദ്യ തവണ പരാജയപ്പെട്ടാലും രണ്ടോ മൂന്നോ വട്ടം എഴുതിയാൽ പാസാകാൻ വലിയ പ്രയാസം ഇല്ലാത്തതിനാൽ ഏറെ വേഗം ജനപ്രീതി നേടിയ പരീക്ഷ ആണിത്. എന്നാൽ കഷ്ടപ്പെടാൻ തയാറില്ലാതെ കുറുക്ക് വഴി തിരയുന്ന അടിസ്ഥാന മലയാളി സ്വഭാവമാണ് ഈ പരീക്ഷയെയും ഇപ്പോൾ കേരളത്തിൽ നിന്നും നാടുകടത്താൻ കാരണമായി മാറിയിരിക്കുന്നത്. പരീക്ഷ നടത്തിപ്പ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടു എന്ന് വ്യക്തമായാൽ പരീക്ഷ കേന്ദ്രങ്ങളുടെ ലൈസൻസ് കേരളത്തിന് നഷ്ടമാകും. തുടർന്ന് അയൽ സംസ്ഥാനങ്ങളിൽ എത്തിയാൽ മാത്രമേ മലയാളി നഴ്‌സുമാർക്ക് ഈ പരീക്ഷയിൽ പങ്കെടുക്കാനാകൂ.

കേംബ്രിഡ്ജ് ഇംഗ്ലീഷ്, ബോക്സ് ഹിൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ സംയുക്തമായാണ് ഈ പരീക്ഷ നടത്തുന്നത്. ഓരോ രാജ്യത്തെയും സമയ വൃത്യസം ഉള്ളതിനാൽ ഇത്തരം തട്ടിപ്പുകൾ മുൻകൂട്ടി കണ്ടു തന്നെയാണ് പരീക്ഷ നടത്തുന്നത് എന്നും മാർകോ ഡെൽഗാഡോ വ്യക്തമാക്കുന്നു. കഴിഞ്ഞു പോയ പരീക്ഷകളിൽ വ്യാപകമായ തട്ടിപ്പ് നടന്നിട്ടില്ല എന്ന് തന്നെയാണ് തങ്ങൾ ഇപ്പോഴും കരുതുന്നതെന്നും അദ്ദേഹം പറയുന്നു. ഒരേ സമയം പലതരം ചോദ്യപേപ്പർ ഉപയോഗിച്ച് പരീക്ഷ നടത്തുന്നതിനാൽ ഒരു ചോദ്യ പേപ്പർ ചോർന്നാൽ പോലും ഗുരുതരമായ വിധത്തിൽ ദുരുപയോഗം ചെയ്യാൻ സാധിക്കില്ല എന്നാണ് കരുതുന്നത് എന്നും അദ്ദേഹം തുടർന്നു വ്യക്തമാക്കുന്നുണ്ട്.

കഴിഞ്ഞയിടെ നടന്ന പരീക്ഷകളിൽ വ്യാപകമായ തരത്തിൽ മാറ്റങ്ങൾ വരുത്തിയതും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മറ്റെവിടെ നിന്നും ഇത്തരം പരീക്ഷ ചൂഷണ വാർത്ത ശ്രദ്ധയിൽ വന്നിട്ടില്ല എന്നതും പരീക്ഷ നടത്തിപ്പുകാർ നേട്ടമായി കാണുക ആണെങ്കിലും കേരളത്തിൽ നടന്നത് മലയാളികൾക്ക് കോട്ടമായി മാറുമോ എന്നതാണ് ഇനി അറിയേണ്ടത്.

തട്ടിപ്പിന് എതിരെ മുൻകരുതൽ, കേരളത്തിലെ പരീക്ഷ സെന്ററുകൾ പ്രത്യേക ശ്രദ്ധയിലേക്ക്

വളരെ കാര്യക്ഷമം ആയി പരീക്ഷ നടത്തിയാലും തട്ടിപ്പ് സംഘം ആസൂത്രിതമായ അട്ടിമറി നീക്കം നടത്താൻ ഉള്ള സാധ്യത മുൻകൂട്ടി കണ്ടു ഉത്തരങ്ങൾ മൂല്യ നിർണയം ചെയ്യുമ്പോൾ പ്രത്യേക കരുതലെടുക്കുന്നതും സ്വാഭാവിക നടപടിയാണെന്ന് മാർകോ പറയുന്നു. അസ്വാഭാവികമായി ശരിയുത്തരങ്ങൾ വന്നാൽ അത്തരം ഉത്തരക്കടലാസുകൾ തടഞ്ഞു വയ്ക്കുന്ന രീതിയുമുണ്ട്. എങ്കിലും ഇപ്പോൾ ആരോപണം ഉയർന്ന സ്ഥിതിക്ക് പുതുക്കിയ തരത്തിൽ ഉള്ള പരീക്ഷയാകും ഇനി നടത്തുക എന്ന് അദ്ദേഹം വ്യക്തമാക്കുമ്പോൾ കേരളത്തിലെ പരീക്ഷ സെന്ററുകൾ പ്രത്യേക ശ്രദ്ധയിലാകാൻ ഉള്ള സാധ്യത കൂടിയാണ് തെളിയുന്നത്.

ഇന്ത്യയിൽ ഉള്ള ആകെ ആറു പ്രീമിയം കേന്ദ്രങ്ങളിൽ നാലും അപേക്ഷകർ കൂടുതൽ ഉള്ളതിനാൽ കേരളത്തിലാണ് പ്രവർത്തിക്കുന്നത്. എറണാകുളം, കോട്ടയം, അങ്കമാലി എന്നീ നഗരങ്ങളിലാണ് ഇത് പ്രവർത്തിക്കുന്നത്. മറ്റു രാജ്യങ്ങളിൽ നിന്നും ഡോക്ടർമാർ കൂടുതലായി വിദേശത്ത് എത്തുമ്പോൾ ഒഇടി പരീക്ഷയെ ആശ്രയിച്ച് ഇന്ത്യയിൽ നിന്നും നഴ്‌സുമാരാണ് കൂടുതൽ വിദേശത്ത് എത്തുന്നത്. ഓരോ വർഷവും രണ്ടര ലക്ഷം പേർ പരീക്ഷ എഴുതുന്നതിൽ 90 ശതാമാനവും മലയാളികൾ ആണെന്നതും പ്രത്യേകതയാണ്.

കേരളത്തിലെ ഒഇടി പരീക്ഷ തട്ടിപ്പ് ഓസ്‌ട്രേലിയ കേന്ദ്രമാക്കിയ പരീക്ഷ നടത്തിപ്പുകാരും അറിഞ്ഞു, ഇനിയെന്ത്?

ലോകത്തെല്ലായിടത്തും ഒരൊറ്റ ദിവസം ഒരേ ചോദ്യപേപ്പറിൽ പരീക്ഷ നടക്കുന്നതിനാൽ മറ്റു രാജ്യങ്ങളിലെ സമയ വ്യത്യാസത്തിന്റെ ആനുകൂല്യം മുതലെടുത്താണ് പരീക്ഷ ചോദ്യങ്ങൾ ചോർത്തിയിരുന്നത്. ഗൾഫിൽ പരീക്ഷ നടന്നു മൂന്നു മണിക്കൂർ കഴിഞ്ഞാണ് കേരളത്തിൽ പരീക്ഷ നടക്കുന്നത് എന്നത് തട്ടിപ്പ് സംഘത്തിന് ഈ കൃത്യം വീഴ്ച കൂടാതെ നടത്തിയെടുക്കാനുമായി. മുൻപ് നൈജീരിയയിൽ സമാനമായ സിബിടി പരീക്ഷ തട്ടിപ്പ് നടന്നതിനെ തുടർന്ന് ഇപ്പോൾ യുകെ അടക്കമുള്ള രാജ്യങ്ങൾ ഇവിടെ നിന്നും നഴ്‌സുമാരെ ജോലിക്കെടുക്കുന്നത് ഇപ്പോൾ നിർത്തി വച്ചിരിക്കുകയാണ്.

കേരളത്തിൽ നടന്ന ഒഇടി പരീക്ഷ തട്ടിപ്പ് ഓസ്‌ട്രേലിയയിൽ ഉള്ള പരീക്ഷ നടത്തിപ്പുകാർ അറിഞ്ഞു കഴിഞ്ഞ നിലയ്ക്ക് സമാനമായ നിരോധനം കേരളത്തിലെ നഴ്‌സുമാരെ തേടിയും എത്തുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.