തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് പുറപ്പെട്ടു. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലെ ചികിത്സക്ക് ശേഷം ന്യൂമോണിയ ഭേദമായതോടെ പാർട്ടി കൂടി ഇടപെട്ടു കൊണ്ടാണ് ഉമ്മൻ ചാണ്ടിയെ ബംഗളുരുവിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ ഒരുങ്ങുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ചാർട്ടേഡ് വിമാനത്തിലാണ് ഉമ്മൻ ചാണ്ടിയുടെ ബംഗളുരു യാത്ര.

ന്യുമോണിയ ഭേദമായ സാഹചര്യത്തിലാണ് തിരുവനന്തപുരത്തെ ആശുപത്രിയിൽ നിന്നുള്ള മാറ്റം. കഴിഞ്ഞ തിങ്കളാഴ്ചയാണ് ന്യുമോണിയ ബാധിച്ച് ഉമ്മൻ ചാണ്ടിയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഞ്ച് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ന്യുമോണിയ ഭേദമായെങ്കിലും ശാരീരിക അവശതകൾ തുടരുകയാണ്.

ഇന്ന് വൈകുന്നേരത്തോടെ നിംസ് ആശുപത്രിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകാൻ വേണ്ടി ഉമ്മൻ ചാണ്ടി പുറത്തേക്കു വന്നപ്പോൾ ചുറ്റും നിന്നവരെ കൈ ഉയർത്തി അഭിവാദ്യം ചെയ്തിരുന്നു. മാധ്യമപ്രവർത്തകരോടായി സംസാരിച്ചെങ്കിലും അത് വ്യക്തമായില്ല. ഇന്നോവാ കാറിൽ കുടുംബത്തോടൊപ്പമാണ് ഉമ്മൻ ചാണ്ടി നെയ്യാറ്റിൻകരയിലെ ആശുപത്രിയിൽ നിന്നും വിമാനത്താവളത്തിൽ എത്തിയത്. ഇവിടെ നിരവധി കോൺഗ്രസ് പ്രവർത്തകരും കാത്തിരിപ്പുണ്ടായിരുന്നു.

ബെന്നി ബെഹനാൻ, പി സി വിഷ്ണുനാഥ് തുടങ്ങിയവരും ഉമ്മൻ ചാണ്ടിക്കൊപ്പം വിമാനത്തവളത്തിൽ എത്തിയിട്ടുണ്ട്. മുൻ മുഖ്യമന്ത്രിക്കൊപ്പം ചാണ്ടി ഉമ്മൻ, അച്ചു ഉമ്മൻ, മറിയം ഉമ്മൻ തുടങ്ങിയവരും ഭാര്യയും ബംഗളുരുവിലേക്ക് യാത്ര ചെയ്യുന്നുണ്ട്. ഭാര്യയും മകനും മൂത്തമകളും ഉമ്മൻ ചാണ്ടിക്ക് വിദഗ്ധ ചികിത്സ നിഷേധിക്കുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് പാർട്ടി ഇടപെട്ട് ബെംഗളൂരുവിലേക്ക് മാറ്റുന്നത്. ചികിത്സയുടെ മുഴുവൻ ചെലവും എഐസിസി തന്നെ വഹിക്കാനാണ് തീരുമാനം.

ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കയിൽ എഐസിസി അധ്യക്ഷന്റെ നിർദ്ദേശപ്രകാരം ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉമ്മൻ ചാണ്ടിയെ ആശുപത്രിയിലെത്തി കണ്ടിരുന്നു. കുടുംബവുമായി സംസാരിച്ചതിന് ശേഷം ഉമ്മന്ചാണ്ടിയെ ബംഗളുവുരിലേക്ക് മാറ്റാൻ എല്ലാ സജ്ജീകരണങ്ങളും അദ്ദേഹം തയ്യാറാക്കി.

9 പേർക്ക് ഇരിക്കാൻ കഴിയുന്ന ചാർട്ടേഡ് വിമാനത്താവളത്തിലാണ് ഉമ്മൻ ചാണ്ടി യാത്ര പുറപ്പെട്ടത്. തുടർ ചികിത്സക്കായി ബെംഗളൂരു എച്ച്‌സിജി ക്യാൻസർ സെന്ററിലേക്കാണ് മാറ്റുക. അതേസമയം, ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ നിലയെ കുറിച്ച് വ്യാജ വാർത്തകൾ പ്രചരിക്കുന്നതിനെതിരെ മകൻ ചാണ്ടി ഉമ്മൻ രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റ ആരോഗ്യ നിലയെ പറ്റി മകനെന്ന നിലയ്ക്ക് തനിക്ക് കൺസേൺ ഉണ്ടെന്നും, ഈ വിഷയത്തിൽ ദുഃഖപൂർണമായ ക്യാമ്പെയിൻ നടന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

പുതുപ്പള്ളിയിൽ നിന്നടക്കം നൂറുകണക്കിന് ആളുകൾ ഉമ്മൻ ചാണ്ടിയെ കാണാൻ വന്നിരുന്നു. കടുത്ത പനിയും ശ്വാസകോശത്തിലെ അണുബാധയെയും തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് ഉമ്മൻ ചാണ്ടിയെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരുന്നുകൾ നൽകിയതോടെ ന്യൂമോണിയ ഭേദമായി.

കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് വീട്ടുകാർ ചികിത്സ നിഷേധിക്കുന്നു എന്ന ആരോപണം ഉയർന്നപ്പോഴാണ് പാർട്ടിക്കാർ അടക്കം ഇടപെട്ട് അദ്ദേഹത്തെ ജർമനിയിലെ ബർലിൻ ചാരിറ്റി ആശുപത്രിയിൽ ചികിത്സക്ക് കൊണ്ടുപോയത്. ഭാര്യയുടെയും മകന്റെയും വിശ്വാസപ്രമാണങ്ങൾ കാരണമാണ് ഉമ്മൻ ചാണ്ടിക്ക് ചികിത്സ നൽകാതിരിക്കുന്നത് എന്നായിരുന്നു മുൻപ് പ്രചരിച്ചിരുന്നത്. ഈ പ്രചരണത്തോടെയാണ് അദ്ദേഹം ജർമ്മനിയിലേക്ക് ചികിത്സക്ക് വിമാനം കയറിയതും. അതിന് ശേഷം, നാട്ടിൽ തിരിച്ചെത്തിയ ഉമ്മൻ ചാണ്ടിക്ക് തുടർചികിത്സ വൈകുന്നതാണ് ഇപ്പോൾ മറ്റൊരു ആശങ്കയായി മാറിയത്.

മുൻ മുഖ്യമന്ത്രിയെന്നനിലയിൽ ചികിത്സ ഉറപ്പാക്കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി സഹോദരൻ അടക്കമുള്ളവർ രംഗത്തുവന്നിരുന്നു. ഇതോടെയാണ് പാർട്ടിയും സർക്കാറും അടക്കം വിഷയത്തിൽ ഇടപെട്ടതും.