കോട്ടയം: ഉമ്മൻ ചാണ്ടിക്ക് സ്വതന്ത്രവും തൃപ്തികരവുമായ ചികിത്സ ലഭ്യമാക്കാൻ ബന്ധുക്കളുടെ നിലപാട് തടസ്സമാകുന്നതായി ഇളയ സഹോദരൻ അലക്‌സ് വി ചാണ്ടി. ചികിത്സാ പുരോഗതി സർക്കാർ രൂപീകരിച്ച മെഡിക്കൽ ബോർഡ് വിലയിരുത്തണമെന്നാവശ്യപ്പെട്ട് അലക്സ് ചാണ്ടി ആരോഗ്യമന്ത്രിക്ക് കത്തയച്ചു. ബാംഗ്ലൂർ എച്ച് സി ജി ആശുപത്രിയുമായി സർക്കാർ മെഡിക്കൽ ബോർഡ് ബന്ധപ്പെടണം എന്ന് അലക്സ് ആവശ്യപ്പെട്ടു.

ശാസ്ത്രീയമായ മെഡിക്കൽ ചികിത്സ സംബന്ധിച്ച് ഉമ്മൻ ചാണ്ടിയുടെ അടുത്ത കുടുംബാംഗങ്ങളുടെ കാഴ്ചപ്പാടും, നിലപാടുകളും അദ്ദേഹത്തിന് സ്വതന്ത്രവും തൃപ്തികരവുമായ ചികിത്സ ലഭ്യമാക്കാൻ തടസ്സമായി വരുന്നതായി അലക്‌സ് ചാണ്ടി ആരോഗ്യമന്ത്രിക്ക് അയച്ച കത്തിൽ ആരോപിച്ചു.

ഉമ്മൻ ചാണ്ടിക്ക് പര്യാപ്തമായ ചികിത്സയാണോ നൽകുന്നത്, മറ്റുചികിത്സാരീതികൾ ആവശ്യമാണോ എന്ന കാര്യത്തിൽ മെഡിക്കൽ ബോർഡ് വിലയിരുത്തൽ ആവശ്യമാണ്. സംസ്ഥാന സർക്കാർ രൂപീകരിച്ച മെഡിക്കൽ ബോർഡ് അടിയന്തരമായി ബെംഗളുരു എച്ച്‌സിജി ആശുപത്രിയുമായി ബന്ധപ്പെട്ട് തുടർ ചികിത്സയ്ക്ക് നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. വിദഗദ്ധ ചികിത്സ നൽകാൻ ഏതെങ്കിലും തരത്തിൽ ഏതുഭാഗത്ത് നിന്നുണ്ടായാലും, അതുനീക്കുന്നതിന് നടപടികൾ വേണമെന്നും, അതാത് ദിവസത്തെ ആരോഗ്യസ്ഥിതി മുഖ്യമന്ത്രിയെയും, ആരോഗ്യമന്ത്രിയെയും അറിയിക്കാൻ ഏർപ്പാട് ചെയ്യണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

അർബുദ രോഗബാധിതനാണ് ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടിക്ക് കുടുംബം കൃത്യമായ ചികിത്സ നൽകുന്നില്ലെന്ന് വിവാദമുയർന്നിരുന്നു. ഫെബ്രുവരി 12നാണ് വിദഗ്ധ ചികിത്സക്കായി ഉമ്മൻ ചാണ്ടി ബെംഗളുരുവിലേക്ക് പോയത്. നേരത്തെ ഉമ്മൻ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുകയാണെന്ന് അലക്സ് വി ചാണ്ടി ആരോപിച്ചിരുന്നു. മുൻ മുഖ്യമന്ത്രിയുടെ ഭാര്യയും ചാണ്ടി ഉമ്മനും മൂത്ത മകൾ മറിയയുമായണ് ചികിത്സക്ക് നടസം നിൽക്കുന്നത് എന്നാണ് അദ്ദേഹം അന്ന് ആരോപിച്ചത്. അച്ഛനെ ചികിത്സിച്ചേ മതിയാകൂവെന്ന ഉറച്ച നിലപാടിലാണ് ഇളയ മകൾ അച്ചു ഉമ്മനെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ജർമ്മനിയിൽ പോയിട്ട് ചികിത്സ നടന്നില്ലെന്നും ഉമ്മൻ ചാണ്ടിയുടെ സഹോദരൻ അലക്സ് ചാണ്ടി പറഞ്ഞിരുന്നു. പ്രാർത്ഥനക്കാരാണ് വഴിതെറ്റിച്ചത് എന്നാണ് എന്നാണ് മനസിലാക്കാൻ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആയുർവേദം കഴിക്കുന്നുണ്ട്. ഉള്ള മഞ്ഞളുവെള്ളം കലക്കി കൊടുത്ത് ചേട്ടനെ ബുദ്ധിമുട്ടിക്കുകയാണ് ചെയ്യുന്നതെന്നും അലക്സ് വി ചാണ്ടി ആരോപിച്ചിരുന്നു. അലക്‌സ് വി ചാണ്ടിയുടെ ആരോപണത്തെ തുടർന്ന് സർക്കാർ ഇടപെട്ട് മെഡിക്കൽ ബോർഡ് രൂപീകരിച്ചിരുന്നു.