കൊച്ചി: തിരുവോണ നിറവിൽ കേരളം നിൽക്കുമ്പോൾ വെല്ലുവിളിയായി കനത്ത ചൂട്. മഴപ്പേടിയില്ലാതെ ആഘോഷിക്കാൻ ഇറങ്ങുന്നവർക്ക് കടുത്ത വെല്ലുവിളിയാണ് ചൂട്. ആറുജില്ലകളിൽ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 °C വരെയും കൊല്ലം, തൃശൂർ, കോട്ടയം എന്നീ ജില്ലകളിൽ 38 °C കോഴിക്കോട്, ആലപ്പുഴ എന്നീ ജില്ലകളിൽ 37 °C വരെയും താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സാധാരണ അനുഭവപ്പെടുന്നതിനെക്കാൾ രണ്ട് മുതൽ അഞ്ചുഡിഗ്രി സെൽസിയസ് വരെ ചൂടാണ് കൂടുതലായി അനുഭവപ്പെടുന്നത്. കൊല്ലത്ത് താപനില 36 ഡിഗ്രി സെൽസിയസിലേക്ക് ഇന്നലെ ഉയർന്നു. കോട്ടയത്ത് 35 ഡിഗ്രി സെൽസിയസും ആലപ്പുഴ, കണ്ണൂർ,പത്തനംതിട്ട എന്നിവിടങ്ങളിൽ 34 ഉം തിരുവനന്തപുരത്ത് 33 ഡിഗ്രി സെൽസിയസ് ചൂടുമാണ് അനുഭവപ്പെട്ടത്. പകൽ സമയത്ത് പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും കുടിവെള്ളം കൈയിൽ കരുതണമെന്നും വിദഗ്ദ്ധർ മുന്നിറിയിപ്പ് നൽകുന്നു. പകൽ പതിനൊന്ന് മണി മുതൽ മൂന്ന് മണി വരെ നേരിട്ട് വെയിലേൽക്കരുതെന്നും നിർദേശത്തിൽ പറയുന്നു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കണ്ണൂർ എന്നീ ജില്ലകളിലാണു മുന്നറിയിപ്പ്. ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർ ജാഗ്രത പാലിക്കണം. നിർജലീകരണവും സൂര്യാതപവും ഉണ്ടാകാതെ നോക്കണമെന്നും മുന്നറിയിപ്പുണ്ട്. വനപ്രദേശങ്ങളിൽ കാട്ടുതീയ്ക്കു സാധ്യത ഉള്ളതിനാൽ മലയോരത്തു താമസിക്കുന്നവരും വിനോദസഞ്ചാരികളും മുൻകരുതലെടുക്കണം. വരുന്ന 5 ദിവസം മഴയ്ക്കു സാധ്യത കുറവാണെന്നും ഒറ്റപ്പെട്ട നേരിയ മഴയ്ക്കാണു സാധ്യതയെന്നുമാണു കാലാവസ്ഥ പ്രവചനം.

മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ഇന്നും നാളെയും നേരിയ മഴ സാധ്യതയുണ്ട്.ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും, മലയോരമേഖകളിൽ അടക്കം മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിക്കുന്നത്. സംസ്ഥാനത്ത് ജൂൺ മുതൽ ഓഗസ്റ്റ് 28 വരെ ഉള്ള കാലവർഷക്കാലത്ത് 48% മഴ കുറഞ്ഞു. ഏറ്റവും മഴക്കുറവ് (63%) ഇടുക്കി ജില്ലയിലാണ്.

സംസ്ഥാനത്ത് ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ.

* പൊതുജനങ്ങൾ പകൽ 11 am മുതൽ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കയ്യിൽ കരുതുക.

* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.

* അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കുക.

* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതമാണ്.

* ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

* മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

* വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും , ക്ലാസ്സ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

* വിദ്യാർത്ഥികളുടെ കാര്യത്തിൽ സ്‌കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകൾ 11 am മുതൽ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

* അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

* പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

* ഇരു ചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്തു (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദ്ദേശം നൽകുകയും, അതുപോലെ, ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.

*മാധ്യമപ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന പൊലീസ്‌കാർക്ക് സു:മനസ്‌കർ കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.

* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.

*നിർമ്മാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.

* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

* അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

* കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അഥോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.