തേനി: തമിഴനാടിനും കേരളത്തിനും ഒരുപോലെ തലവേദനയായ അരിക്കൊമ്പമ്പെ വീണ്ടും മയക്കുവെടിവച്ചു. തമിഴ്‌നാട് വനംവകുപ്പാണ് മയക്കുവെടി വച്ചത്. രാത്രി 12.30 ന് തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവച്ചാണ് വെടിവച്ചത്. രാത്രി ജനവാസമേഖലയിൽ ഇറങ്ങിയതോടെയാണ് മയക്കുവെടി വെക്കേണ്ടി വന്നത്. രണ്ടു ഡോസ് മയക്കുവെടി നൽകിയതായാണ് വിവരം. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് അരിക്കൊമ്പൻ നിലവിലുള്ളതെന്നാണ് വിവരം. മൂന്നു കുങ്കിയാനകളെ സ്ഥലത്തെത്തിച്ചിട്ടുണ്ട്. അരിക്കൊമ്പന്റെ കാല് വടം കൊണ്ട് ബന്ധിച്ച് ആനിമൽ ആംബുലൻസിലേക്ക് കയറ്റിയിട്ടുണ്ട്.

സ്ഥലത്തെ വൈദ്യുതി ബന്ധം അടക്കം വിച്ഛേദിച്ചിട്ടുണ്ട്. ആരോഗ്യ പരിശോധനയ്ക്കു ശേഷം വനത്തിനുള്ളിലേക്കു കടത്തിവിടാനാണ് തമിഴ്‌നാട് വനംവകുപ്പിന്റെ നീക്കം. ദൗത്യം ഇപ്പോഴും തുടരുകയാണ്. അതേസമയം മെയ്‌ 27 ന് കമ്പത്ത് ജനവാസമേഖലയിലിറങ്ങി അരിക്കൊമ്പൻ പരിഭ്രാന്ത്രി പരത്തിയതോടെ പിറ്റേന്ന് മയക്കുവെടിവയ്ക്കാൻ തമിഴ്‌നാട് വനംവകുപ്പ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കമ്പം മുനിസിപ്പാലിറ്റിയിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചു. തയ്യാറെടുപ്പുകൾ നടത്തി കാത്തുനിന്നെങ്കിലും അരിക്കൊമ്പൻ കാട്ടിലേക്കു മറഞ്ഞതോടെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു.

നേരത്തെ, ചിന്നക്കനാലിനെയും പരിസരപ്രദേശങ്ങളെയും വിറപ്പിച്ച അരിക്കൊമ്പനെ ഏപ്രിൽ 29 ന് മയക്കുവെടി നൽകി നിയന്ത്രണത്തിലാക്കിയശേഷം ലോറിയിൽ പെരിയാർ വന്യജീവി സങ്കേതത്തിലെ മേദകാനത്ത് എത്തിച്ചു തുറന്നുവിട്ടിരുന്നു. ഉൾവനത്തിലേക്കു മറഞ്ഞ അരിക്കൊമ്പൻ ദിവസങ്ങൾക്കുള്ളിൽ തമിഴ്‌നാട് വനമേഖലയോടു ചേർന്ന്, ജനവാസമുള്ള മേഘമലയിലെത്തി. പിന്നാലെയാണ് മെയ്‌ ഒടുവിൽ കമ്പത്ത് ജനവാസമേഖലയിലിറങ്ങിയത്.

നേരത്തെ കങ്കിയാനകളുടെ സാന്നിധ്യം മനസ്സിലാക്കിയ അരിക്കൊമ്പൻ തമിഴ്‌നാട്ടിലെ കമ്പം ചുരുളിപ്പെട്ടിക്കടുത്ത് ഷൺമുഖനദി അണക്കെട്ട് പരിസരത്തായിരുന്നു തുടർന്നത്. കമ്പത്തെ ഫോറസ്റ്റ് റേഞ്ച് ഓഫിസ് പരിസരത്താണ് കുങ്കിയാനകളെ തളച്ചിരിക്കുന്നത്. ഷൺമുഖനദി അണക്കെട്ട് കടന്നെത്തിയാൽ ആനയെ മയക്കുവെടി വയ്ക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം വനംവകുപ്പ് പൂർത്തിയാക്കിയിരുന്നു.

കഴിഞ്ഞ കുറേയെറെ ദിവസങ്ങളായി ഷണ്മുഖ നദി തീരത്തെ വനമേഖലയിലൂടെ സഞ്ചരിക്കുകയായിരുന്നു അരികൊമ്പൻ. ആറ് ദിവസമായി ജനവാസ മേഖലയിലേക്ക് ഇറങ്ങിയിരുന്നില്ല. ഇന്ന് പുലർച്ചെയോടെയാണ് ആന ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. ആനയെ 24 മണിക്കൂറും നിരീക്ഷിക്കുന്ന 85 പേരടങ്ങുന്ന തമിഴ്‌നാട് സംഘത്തിന്റെ ശ്രദ്ധയിൽ ഇത് പെടുകയും ആനയെ മയക്കുവെടി വെക്കുകയുമായിരുന്നു. അരിക്കൊമ്പൻ ജനവാസമേഖലയിലേക്ക് ഇറങ്ങാൻ സാധ്യതയുള്ളതിനാൽ കമ്പം, പുതുപ്പെട്ടി, കെ കെ പെട്ടി, ഗൂഡല്ലൂർ എന്നീ മുനിസിപ്പാലിറ്റികളിൽ നേരത്തെ നിരോധനാജ്ഞയുണ്ട്.

കഴിഞ്ഞ ഏപ്രിൽ 29 നാണ് ചിന്നക്കനാലിൽ നിന്നും അരിക്കൊമ്പനെ മയക്കുവെടിവെച്ച് പെരിയാർ റിസർവിലേക്ക് മാറ്റിയത്. സാറ്റലൈറ് കോളർ സിഗ്‌നൽ അനുസരിച്ച് നിരീക്ഷിച്ച് വരുന്നതിനിടെ, കഴിഞ്ഞ ദിവസം അരിക്കൊമ്പൻ തമിഴ്‌നാട്ടിലെ കമ്പം മജനവാസ മേഖലയിലേക്ക് ഇറങ്ങി. കമ്പം ടൗണിലൂടെ വിരണ്ട് ഓടുന്നതിനിടെ എതിരെ ബൈക്കിൽ വന്ന പാൽരാജിനെ തട്ടിയിടുകയും തലക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇയാൾ മരിക്കുകയും ചെയ്തു. ഇതോടെ ആനയെ മയക്കുവെടിവെച്ച് ഉൾക്കാട്ടിലേക്ക് എത്തിക്കാൻ തമിഴ്‌നാട് സർക്കാർ തീരുമാനിക്കുകയായിരുന്നു.