കോട്ടയം: ഷോൺ ജോർജ്ജിനെ എതിരായ ആരോപണങ്ങളുടെ പേരിൽ ഈരാറ്റുപേട്ടയിലെ പി സി ജോർജ്ജിന്റെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തുകയാണ്. ഈ റെയ്ഡ് രാഷ്ട്രീയ പകപോക്കലാണെന്നാണ് പി സി ജോർജ്ജിന്റെ ആരോപണം. റെയ്ഡിൽ ഒന്നും ലഭിക്കാതെ വന്നതോടെ പരീക്ഷക്ക് പഠിക്കുന്ന കൊച്ചു മകന്റെ ടാബ്ലറ്റ് വരെ കൊണ്ടു പോയി എന്നാണ് ജോർജ്ജിന്റെ ആരോപണം.

മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവരങ്ങൾ വല്ലതുമുണ്ടോ എന്ന് പരിശോധിക്കാനാണ് റെയ്ഡ് നടത്തിയതെന്നാണ് പി സി ജോർജ് ആരോപിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നു എന്ന വ്യാജപ്രചരണത്തിന്റെ ഭാഗമായി സ്‌ക്രീൻ ഷോട്ടുകൾ സൃഷ്ടിച്ച സംഭവത്തിലാണ് ഷോൺ ജോർജിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുന്നത്.

2019 ദിലീപിന്റെ അനിയൻ ഷോണിനെ വിളിച്ച ഫോൺ കണ്ടെത്താനുള്ള ഓർഡറുമായാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധനയ്ക്ക് എത്തിയതെന്ന് പി സി ജോർജ് പ്രതികരിച്ചു. 'രാവിലെ ഏഴുമണിയോടെ ക്രൈംബ്രാഞ്ചിന്റെ രണ്ട് വണ്ടി പൊലീസുകാർ വന്നു. അവർ ആവശ്യപ്പെട്ട ഫോൺ നഷ്ടപ്പെട്ടു എന്ന് കാണിച്ച് ഷോൺ 2019ൽ തന്നെ കോട്ടയം എസ്‌പിക്ക് പരാതി നൽകിയിട്ടുള്ളതാണ്. പരിശോധനയുമായി സഹകരിച്ചു, അവസാനം ഒന്നും കിട്ടാതായതോടെ കിട്ടാതായതോടെ മകന്റെ ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ ടാബ്ലറ്റ് വരെ വേണമെന്ന് പറഞ്ഞു.

അത് എന്തിനാണ്? ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ ടാബ് വേണമെന്ന് പറഞ്ഞ് വഴക്കുണ്ടാക്കിയാൽ അത് നാണം കെട്ട പരിപാടിയാണ്. ക്രൈംബ്രാഞ്ചിന്റേത് നല്ല ഉദ്ദേശമല്ലെന്ന് മനസിലായില്ലേ.പിണറായിയുടെ കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട വിവരങ്ങൾക്കാണ് റെയ്ഡ്. ആ കടലാസുകളൊക്കെ എന്റെ കയ്യിലുണ്ട് അതുകൊടുക്കാൻ ഉദ്ദേശിക്കുന്നുമില്ല. പിണറായിക്കെതിരെ വല്ലതും ഉണ്ടോ എന്ന് അന്വേഷിച്ച് നടക്കുകയാണ്. പിണറായിക്കെതിരെ പറയാനുള്ളത് മുഴുവൻ പറയും, അതിനൊക്കെ തെളിവുകളുണ്ട്. അത് കോടതിയിൽ കൊടുക്കും. ദിലീപിന്റെ കേസ് തീരാറായപ്പോൾ ക്രൈംബ്രാഞ്ച് വേറെ കള്ളക്കേസ് ഉണ്ടാക്കിയിരിക്കുകയാണ്', പി സി ജോർജ് ആരോപിച്ചു.

കോട്ടയത്തുനിന്നുള്ള ക്രൈംബ്രാഞ്ച് സംഘമാണ് ഷോൺ ജോർജിന്റെ വീട്ടിൽ റെയ്ഡ് നടത്തുന്നത്. വ്യാജ സ്‌ക്രീൻ ഷോട്ടുകൾ ഷോൺ ജോർജെന്ന ഫോൺ കോൺടാക്ടിൽ നിന്നാണ് അനൂപിന്റെ ഫോണിലേക്ക് എത്തിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി അമ്പിളി കുട്ടൻ, തൃശൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തുന്നത്. വീട്ടിലെ മുഴുവൻ ഫോണുകളും വേണമെന്ന് റെയ്ഡിനിടെ ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ടു. എന്നാൽ ഫോൺ നൽകാനാവില്ലെന്ന് ഷോൺ അറിയിച്ചത് തർക്കത്തിന് കാരണമായിരുന്നു.

അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചവരെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു നേരത്തെ പുറത്തുവന്ന വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീൻഷോട്ടുകൾ. എംവി നികേഷ് കുമാർ, പ്രമോദ് രാമൻ, ടി ബി മിനി, സന്ധ്യ ഐപിഎസ്, ലിബർട്ടി ബഷീർ, മഞ്ജു വാര്യർ, ആഷിഖ് അബു, ബൈജു കൊട്ടാരക്കര തുടങ്ങിയവരുടെ പേരിലാണ് വ്യാജവാട്‌സ്ആപ്പ് ചാറ്റുകൾ നിർമ്മിച്ചത്.

ഷോൺ ജോർജിന്റെ ഫോണിൽ നിന്നും വധ ഗൂഢാലോചന കേസിലെ രണ്ടാം പ്രതി അനൂപിന്റെ ഫോണിലേക്ക് വന്നതാണ് സ്‌ക്രീൻ ഷോട്ടുകൾ. 'ദിലീപിനെ പൂട്ടണം' എന്ന പേരിലായിരുന്നു ഗ്രൂപ്പ്. ദിലീപ് ആരാധകർക്കിടയിൽ പ്രചരിപ്പിക്കാനാണ് ഇത് നിർമ്മിച്ചതെന്നാണ് സൂചനകൾ.