പത്തനംതിട്ട: എൻഎസ്എസ് താലൂക്ക് യൂണിയൻ ഒന്നര വർഷത്തെ ഇടവേളയിൽ രണ്ടാമതും പിരിച്ചു വിട്ടു. പ്രസിഡന്റ് അടക്കം ആറു പേരെ പുറത്താക്കി. നിലവിലുള്ള ഭരണ സമിതിയിൽ 11 പേരെ നിലനിർത്തി വൈസ് പ്രസിഡന്റ് ചെയർമാനായി അഡ്ഹോക്ക് കമ്മറ്റി നിലവിൽ വന്നു. ഇതിൽ പുതുതായി നാലു പേരെ ഉൾക്കൊള്ളിച്ചു. അഴിമതിയാരോപണങ്ങളുടെ പേരിലാണ് കമ്മറ്റി പിരിച്ചു വിട്ടതെന്നാണ് ഔദ്യോഗിക പക്ഷം പറയുന്നത്. എന്നാൽ, നിലവിലുള്ള പ്രസിഡന്റ് ഹരിദാസ് ഇടത്തിട്ട മുൻ ഡയറക്ടർ ബോർഡ് അംഗവും ധനലക്ഷ്മി ബാങ്ക് ചെയർമാനുമായ കലഞ്ഞൂർ മധുവുമായി ഏറെ നേരം സംഭാഷണത്തിൽ ഏർപ്പെട്ടതാണ് പിരിച്ചു വിടലിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

പ്രസിഡന്റ് ഹരിദാസ് ഇടത്തിട്ട, അഖിലേഷ് എസ്. കാര്യാട്ട്, രാജേഷ്, അജിത് കുമാർ, പ്രദീപ്, ശ്രീജിത്ത് എന്നിവരെയാണ് നിലവിലുള്ള ഭരണ സമിതിയിൽ നിന്ന് പുറത്താക്കിയിരിക്കുന്നത്. നിലവിലെ വൈസ് പ്രസിഡന്റ് പ്രഫ. ദേവരാജൻ ചെയർമാനായിട്ടാണ് അഡ്ഹോക്ക് കമ്മറ്റി നിലവിൽ വന്നിരിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബർ 22 ന് തെരഞ്ഞെടുപ്പിലൂടെയാണ് ഹരിദാസ് ഇടത്തിട്ട പ്രസിഡന്റായ താലൂക്ക് യൂണിയൻ കമ്മറ്റി നിലവിൽ വന്നിരിക്കുന്നത്. 2020 ൽ പ്രസിഡന്റായിരുന്ന അഡ്വ. സി.എൻ. സോമനാഥൻ നായരുടെ നിര്യാണത്തെ തുടർന്ന് വൈസ് പ്രസിഡന്റായിരുന്ന ഹരിദാസ് ഇടത്തിട്ട ചെയർമാനായി ഒരു അഡ്ഹോക്ക് കമ്മറ്റി നിലവിൽ വന്നിരുന്നു.

ഈ കമ്മറ്റിക്കെതിരേ ആരോപണങ്ങൾ ഉയർന്നപ്പോൾ പിരിച്ചു വിട്ട് ഹരിദാസ് ഇടത്തിട്ട ചെയർമാനായി അഡ്ഹോക്ക് കമ്മറ്റി രൂപീകരിച്ചു. തുടർന്ന് തെരഞ്ഞെടുപ്പ് നടന്നപ്പോൾ ഹരിദാസ് ഇടത്തിട്ട പ്രസിഡന്റും പ്രഫ. ദേവരാജൻ വൈസ് പ്രസിഡന്റുമായി 18 അംഗ ഭരണ സമിതി നിലവിൽ വന്നു. നാൽപ്പതോളം കരയോഗങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തിയില്ല, കരയോഗങ്ങളിൽ വിഭാഗീയത സൃഷ്ടിക്കുന്നു, അഴിമതി സർവ വ്യാപിയാകുന്നു എന്നിങ്ങനെ നിരവധി ആരോപണങ്ങൾ ഹരിദാസിനും കൂട്ടർക്കുമെതിരേ എൻഎസ്എസ് ജനറൽ സെക്രട്ടറിക്ക് മുൻപാകെ എത്തിയിരുന്നു.

മുൻ രജസ്ട്രാർ ആയിരുന്ന പി.എൻ. സുരേഷിനൊപ്പം ചേർന്ന് അഴിമതി നടത്തുന്നുവെന്ന ആരോപണം ഉയർന്നിരുന്നു. സുകുമാരൻ നായർക്ക് മുകളിലേക്ക് സുരേഷ് വളരുന്നുവെന്ന തിരിച്ചറിവിൽ അദ്ദേഹത്തെ രജിസ്ട്രാർ സ്ഥാനത്ത് നിന്ന് പുറത്താക്കി. പത്തനംതിട്ടയിലെ പത്മാ കഫേ നടത്തിപ്പടക്കം യൂണിയൻ സമീപകാലത്ത് നടപ്പാക്കിയ പല പരിപാടികളിലും അഴിമതി ആരോപണം ഒരു വിഭാഗം ഉയർത്തിയിരുന്നു. ജില്ലയിൽ പിരിച്ചു വിടപ്പെടുന്ന രണ്ടാമത്തെ എൻഎസ്എസ് കരയോഗമാണ് പത്തനംതിട്ട. നേരത്തേ ഡയറക്ടർ ബോർഡംഗം കലഞ്ഞൂർ മധു പ്രസിഡന്റായിരുന്ന അടൂർ യൂണിയൻ ജനറൽ സെക്രട്ടറി പിരിച്ചു വിട്ടിരുന്നു.

മന്ത്രി കെ.എൻ. ബാലഗോപാലിന്റെ സഹോദരൻ കൂടിയായ കലഞ്ഞൂർ മധു അറിയപ്പെടുന്ന വ്യവസായിയാണ്. എൻഎസ്എസ് ഭരണസമിതിയിൽ നിന്ന് പുറത്തായതിന് പിന്നാലെ അദ്ദേഹത്തെ സർക്കാർ ധനലക്ഷ്മി ബാങ്ക് ചെയർമാനാക്കിയിരുന്നു. സുകുമാരൻ നായർക്കെതിരേ പടയൊരുക്കം നടത്തിയെന്നതിന്റെ പേരിലാണ് മധു പുറത്തായത്. കഴിഞ്ഞയാഴ്ച ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് കോന്നിയൂർ രാധാകൃഷ്ണന്റെ സംസ്‌കാര സ്ഥലത്ത് വച്ച് കലഞ്ഞൂർ മധുവും പത്തനംതിട്ട യൂണിയൻ പ്രസിഡന്റായിരുന്ന ഹരിദാസ് ഇടത്തിട്ടയുമായി ദീർഘനേരം സംഭാഷണം നടത്തിയിരുന്നു.

ആരോ ഇതിന്റെ ദൃശ്യങ്ങൾ എൻഎസ്എസ് ജനറൽ സെക്രട്ടറിക്ക് എത്തിച്ചു കൊടുത്തുവെന്നും അതിന് ശേഷമാണ് തിരക്കിട്ട് പത്തനംതിട്ട യൂണിയൻ പിരിച്ചു വിട്ടതെന്നുമാണ് എതിർ പക്ഷം പറയുന്നത്. ഹരിദാസ് ഇടത്തിട്ടയെ താമസിക്കാതെ ഡയറക്ടർ ബോർഡിൽ നിന്നും ഒഴിവാക്കുമെന്നും സൂചനയുണ്ട്.