ഇടുക്കി: ജില്ലയിലെ അഞ്ച് ഭൂപതിവ് ഓഫീസുകൾ പ്രവർത്തനം നിർത്താൻ സർക്കാർ തീരുമാനം. കരിമണ്ണൂർ, രാജകുമാരി, കട്ടപ്പന, മുരിക്കാശ്ശേരി, നെടുങ്കണ്ടം എന്നീ ഓഫീസുകളാണ് നിർത്തലാക്കുന്നത്. ചീഫ് സെക്രട്ടറിയുടെ ഉത്തരവുപ്രകാരം ഇനി ആറുമാസംകൂടി മാത്രമേ ഈ ഓഫീസുകൾ പ്രവർത്തിക്കുകയുള്ളൂ.

2023 മാർച്ച് 31ന് ഓഫീസിന്റെ പ്രവർത്തനം നിർത്തണം എന്ന് നിർദ്ദേശിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കി. ഇടുക്കി ഭൂപതിവ് ഓഫീസ് നിലനിർത്തും. ജില്ലയിലെ പട്ടയ നടപടികളെ പുതിയ പരിഷ്‌കാരം മോശമായി ബാധിക്കുമെന്ന ആശങ്ക ഉയരുന്നു. വനഭൂമി കുടിയേറ്റം ക്രമീകരിക്കുന്നതിന് കേരള ഭൂമി പതിവ് പ്രത്യേക ചട്ടങ്ങൾ പ്രകാരമാണ് എൽ.എ.ഓഫീസുകൾ രൂപവത്കരിക്കപ്പെട്ടത്.

ഇടുക്കി ജില്ലയിൽ ആറും തൃശ്ശൂരിൽ ഒരെണ്ണവും സ്ഥാപിച്ചു.പട്ടയം അപേക്ഷ സ്വീകരിക്കുക, സർവേ നടത്തിക്കുക, പട്ടയം നൽകുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇവിടെ ചെയ്തുകൊണ്ടിരുന്നത്. എന്നിട്ടുപോലും നിയമത്തിന്റെ നൂലാമാലകൾ കാരണം ആയിരക്കണക്കിന് പട്ടയ അപേക്ഷകൾ ഇപ്പോഴും കെട്ടിക്കിടക്കുന്നു. ഇത്തരമൊരു അവസ്ഥയിൽ അഞ്ച് ഓഫീസുകൾ നിർത്തലാക്കുന്നതോടെ പട്ടയ നടപടികൾ അവതാളത്തിലാകും.

കരിമണ്ണൂർ ഓഫീസിലെ ഫയലുകൾ ഇടുക്കി എൽ.എ. ഓഫീസിലേക്കും രാജകുമാരി ഓഫീസിലെ ഫയലുകൾ ദേവികുളം തഹസീൽദാർക്കും കൈമാറണം. കട്ടപ്പന, മുരിക്കാശ്ശേരി ഓഫീസുകളിലെ ഫയലുകൾ ഇടുക്കി തഹസിൽദാർക്കും നെടുങ്കണ്ടം ഓഫീസിലെ ഫയലുകൾ ഉടുമ്പൻചോല തഹസിൽദാർക്കും കൈമാറണമെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു.

മുമ്പ് പട്ടയ അപേക്ഷകൾ താലൂക്കുകളിൽ പരിഗണിച്ചിരുന്നു. അപേക്ഷകൾ കുന്നുകൂടിയതോടെയാണ് പട്ടയനടപടികൾക്കായി ഭൂപതിവ് ഓഫീസുകൾ തുറന്നത്. ഇപ്പോൾ വീണ്ടും പട്ടയ ഫയലുകൾ തഹസിൽദാർക്കും മറ്റും കൈമാറുകയാണ്. വനഭൂമി ക്രമീകരണ പട്ടയ അപേക്ഷകൾ പരിഗണിക്കാൻ എൽ.എ. ഡെപ്യൂട്ടി കളക്ടറുടെ ഓഫീസും ഇടുക്കി ഭൂപതിവ് ഓഫീസും മാത്രമായി ചുരുങ്ങാനാണു സാധ്യത. കൈമാറി കിട്ടുന്ന ഫയലുകൾ മറ്റ് ജോലിത്തിരക്കുകൾക്കിടയിൽ താലൂക്ക് ഓഫീസുകളിൽ കെട്ടിക്കിടക്കും എന്നുറപ്പാണ്. ഭൂമിപതിവ് ഓഫീസുകൾ നിർത്തുന്നതിന് പ്രത്യേക കാരണമൊന്നും പറയുന്നില്ലെങ്കിലും ഓഫീസുകളുടെ പ്രവർത്തനംമൂലം സർക്കാരിനുണ്ടാകുന്ന അധിക ബാധ്യത ഇല്ലാതാക്കുകയാണ് ലക്ഷ്യം.

ഏഴ് പ്രത്യേക ഭൂമിപതിവ് ഓഫീസുകളിലെ താത്കാലിക ജീവനക്കാരുടെ തസ്തികകൾക്ക് 2023 മാർച്ച് 31വരെ തുടർച്ചാനുമതി നൽകിക്കൊണ്ടുള്ള ഉത്തരവിലാണ് അഞ്ച് ഓഫീസുകൾ നിർത്താൻ ചീഫ് സെക്രട്ടറി നിർദ്ദേശിച്ചിരിക്കുന്നത്. ഇടുക്കിയിലും തൃശ്ശൂരുമായുള്ള എൽ.എ. ഓഫീസുകളിൽ സ്ഥിരം ജീവനക്കാർക്കുപുറമേ 203 താത്കാലിക ജീവനക്കാർ ജോലിചെയ്യുന്നുണ്ട്. ഇതിൽ 174 താത്കാലിക ജീവനക്കാർ ഇടുക്കിയിലാണ്. എൽ.എ.ഓഫീസുകൾ നിർത്തുന്നതോടെ താത്കാലിക ജീവനക്കാരുടെ ഭാവിയും തുലാസിലാകും.

ഭൂമിപതിവ് ഓഫീസുകൾ നിർത്തലാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ആർ.വൈ.എഫ്. ജില്ലാ ജോയിന്റ് സെക്രട്ടറി അജോ കുറ്റിക്കൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. നിലവിലുള്ള പട്ടയ അപേക്ഷകളിൽ നടപടികൾ പൂർത്തീകരിക്കും വരെയെങ്കിലും ഓഫീസുകളുടെ പ്രവർത്തനം അനുവദിക്കണമെന്ന ആവശ്യവും നിവേദനത്തിലുണ്ട്.