കൊച്ചി: നിരോധനത്തിന് മുമ്പായി പോപ്പുലർ ഫ്രണ്ട് നടത്തിയ അക്രമ ഹർത്താലിനെതിരെ കർശന നടപടി വേണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടും സർക്കാറിന് മെല്ലേപ്പോക്ക്. ഇതോടെ വീണ്ടും കോടതിയുടെ കർശന വിമർശനം കേൾക്കേണ്ടി വന്നു സർക്കാർ. പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ച കേസിൽ റവന്യൂ റിക്കവറി നടപടികൾ വൈകുന്നതിൽ ഹൈക്കോടതി അതൃപ്തി അറിയിച്ചു. ഇതൊരു സാധാരണ കേസല്ലെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. പൊതുമുതൽ നശിപ്പിച്ചത് നിസാരമായി കണക്കാക്കാനാകില്ല. സ്വത്ത് കണ്ടുകെട്ടുന്നതിന് ആറ് മാസം സമയം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.

പോപ്പുലർ ഫ്രണ്ട് നോതാക്കളുടെ വീട്ടിലും ഓഫീസുകളിലും എൻഐഎ തെരച്ചിൽ നടത്തിയതിൽ പ്രതിഷേധിച്ച് കഴിഞ്ഞ സെപ്റ്റംബർ 23നാണ് സംസ്ഥാന വ്യാപകമായി ഹർത്താൽ നടത്തിയത്. ഇതിൽ നിരവധി അക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ നഷ്ടം കണക്കാക്കി സ്വത്ത് കണ്ടെത്താനാണ് കോടതി നിർദ്ദേശിച്ചത്. സ്വത്തുക്കൾ കണ്ടുകെട്ടാൻ ആറ് മാസം സമയം വേണമെന്ന് സർക്കാർ അറിയിച്ചതിനോടായിരുന്നു. ഹൈക്കോടതി കടുപ്പിച്ചത്.

കോടതിയുടെ നിർദ്ദേശങ്ങൾ നടപ്പാക്കാനുള്ള ഉത്തരവിനോട് അനാദരവ് കാട്ടുന്നു. ഇതൊരു സാധാരണ കേസല്ല. സ്വത്ത് കണ്ടുകെട്ടൽ ഉൾപ്പെടെ എല്ലാ നടപടികളും ജനുവരിക്കകം പൂർത്തിയാക്കണം. പൊതുമുതൽ നശിപ്പിച്ചത് നിസ്സാരമായി കണക്കാക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വെള്ളിയാഴ്ച വീണ്ടും ഹർജി പരിഗണിക്കും. അന്ന് ആഭ്യന്തര സെക്രട്ടറിയോട് കോടതിയിൽ ഹാജരാകണമെന്നും ജസ്റ്റിസ് ജയശങ്കർ നമ്പ്യാരുടെ ഡിവിഷൻ ബഞ്ച് നിർദ്ദേശം നൽകി. കേസിൽ ജനുവരി 31 ന് ഉള്ളിൽ റവന്യൂ റിക്കവറിയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂർത്തിയാക്കും.

അക്രമ ഹർത്താലിൽ പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താലിൽ നടന്ന ആക്രമണങ്ങളിൽ 86,61,775 രൂപയുടെ പൊതുമുതൽ നഷ്ടം ഉണ്ടായെന്നും സ്വകാര്യ വ്യക്തികൾക്ക് 16,13,020 രൂപയുടെ നാശനഷ്ടം ഉണ്ടായെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് റവന്യൂ റിക്കവറി നടപടി ആരംഭിക്കാൻ റവന്യൂ വകുപ്പിന് നിർദ്ദേശം നൽകിയത്.

അതേസമയം ഹർത്താൽ പ്രഖ്യാപിച്ചവരിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ആർടിസിയും ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. 5 കോടി 6 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യപ്പെട്ടത്. ഹർത്താലിൽ ഉണ്ടായ അക്രമത്തിൽ 58 ബസുകളാണ് തകർക്കപ്പെട്ടത്. 10 ജീവനക്കാർക്ക് പരിക്കേറ്റു. ഹൈക്കോടതി സ്വമേധയ എടുത്ത കേസിലാണ്.കക്ഷി ചേരാൻ കെഎസ്ആർടിസി ഹർജി നൽകിയത്.