തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർക്കിടയിൽ ആത്മഹത്യ വർധിച്ചു വരുന്നത് അമിതമായ ഡ്യൂട്ടിയും ജോലി സ്ഥലത്തെ മാനസിക പീഡനവുമാണ്. ഇത് അകറ്റുന്നതിനായി പരേഡും യോഗയും പോലുള്ള മണ്ടൻ പരിഷ്‌കാരങ്ങൾ ഡിജിപി അടക്കം നിർദേശിച്ചിരിക്കുകയുമാണ്. എന്നാൽ, ഡ്യൂട്ടിയുടെ പേരിൽ പൊലീസിനെ വലയ്ക്കുന്നതിന്റെ ക്രൂരമുഖമാണ് തലസ്ഥാന നഗരിയിൽ കാണുന്നത്.

ആറ്റുകാൽ പൊങ്കാല ഡ്യൂട്ടിക്ക് മറ്റ് ജില്ലകളിൽ നിന്ന് വന്ന പൊലീസുകാരനെ തിരിച്ചു വിടണ്ടെന്ന് എഡിജിപിയുടെ ഉത്തരവ്. 27 ന് നടക്കുന്ന പ്രധാനമന്ത്രിയുടെ സന്ദർശനം കഴിഞ്ഞ് മടങ്ങിപ്പോയാൽ മതി എന്നാണ് നിർദ്ദേശം. ഇതോടെ പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്ന് സ്പെഷൽ ഡ്യൂട്ടിക്ക് വന്ന പൊലീസുകാർ വെട്ടിലായി. ശനിയാഴ്ച രാവിലെ ആറ്റുകാൽ ഡ്യൂട്ടിക്ക് പുറപ്പെട്ടതാണ് മൂന്നു ജില്ലകളിലെ പൊലീസുകാർ. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ ആറ്റുകാൽ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങത്തക്ക വിധമുള്ള തയ്യാറെടുപ്പുകളോടെയാണ് ഇവർ എത്തിയത്.

എന്നാൽ, പൊങ്കാല കഴിഞ്ഞ് മടങ്ങാൻ ഇവർ തയ്യാറെടുക്കുമ്പോഴാണ് ക്രമസമാധാന പാലന ചുമതലയുള്ള എഡിജിപി എംആർ അജിത്ത് കുമാറിന്റെ ഉത്തരവ് എത്തിയത്. 27 നുള്ള പ്രധാനമന്ത്രിയുടെ തിരുവനന്തപുരം സന്ദർശനം കഴിഞ്ഞിട്ട് പൊങ്കാല ഡ്യൂട്ടിക്കാർ മടങ്ങിയാൽ മതി. ഒരു ദിവസത്തേക്കുള്ള യൂണിഫോമും മാറാനുള്ള മറ്റ് വസ്ത്രങ്ങളുമായി രണ്ടു ദിവസത്തെ ഡ്യൂട്ടിക്ക് എത്തിയ പൊലീസുകാർ ഇതോടെ വെട്ടിലായി. പത്തനംതിട്ട ജില്ലയിൽ നിന്ന് മാത്രം 120 ഓളം പൊലീസുകാരാണ് എത്തിയത്.

പ്രധാനമന്ത്രിയുടെ ഡ്യൂട്ടിക്ക് ബറ്റാലിയൻ പൊലീസും തിരുവനന്തപുരം ജില്ലയിലെ പൊലീസും ഉള്ളപ്പോഴാണ് രണ്ടുദിവസത്തെ ഡ്യൂട്ടിക്കായി വന്നവരെ ഒരു മുന്നറിയിപ്പുമില്ലാതെ രണ്ടു ദിവസം കൂടി ഡ്യൂട്ടിക്ക് ഇട്ടിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ ഇവരുടെ ഡ്യൂട്ടി ആരംഭിക്കും. സുരക്ഷാ റിഹേഴ്സലോടു കൂടിയാണ് ഡ്യൂട്ടി ആരംഭിക്കുന്നത്.

രണ്ടു ദിവസം കൊണ്ട് മാനസികമായും ശാരീരികവുമായി തളർന്നിരിക്കുന്ന പൊലീസുകാർക്ക് വിശ്രമം പോലും അനുവദിക്കാതെ അമിത ജോലി ഇട്ടിരിക്കുന്നത്. മാനസികമായി തകർന്ന പൊലീസുകാർ പരാതി പറയാൻ പോലും മടിച്ച് നിൽക്കുകയാണ്. എഡിജിപി അജിത്കുമാറിനെതിരേ അസംതൃപ്തി പുകയുന്നു.