മലപ്പുറം: താനൂർ ഒട്ടുംപുറം പൂരപ്പുഴയിൽ തൂവൽതീരത്തിനുസമീപം സ്വകാര്യ വിനോദയാത്രാ ബോട്ട് മറിഞ്ഞ് 22 പേർ മരിച്ചതായി സ്ഥിരീകരിക്കുമ്പോൾ ഇതിൽ ഒരു കുടുംബത്തിലെ 14പേർ. അപകടത്തിൽപ്പെട്ട ബോട്ടിൽ ഈ കുടുംബത്തിലെ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുമുണ്ടായിരുന്നു. താനൂർ കുന്നുമ്മൽ ജാബിറിന്റെ ഭാര്യ ജൽസിയ (കുഞ്ഞിമ്മു, 42), മകൻ ജറീർ (12), മകൾ ജന്ന (എട്ട്), സഹോദരൻ സൈതലവിയുടെ ഭാര്യ സീനത്ത് (43), മക്കളായ അസ്ന (18), ഷംന (16), സഫ്‌ള (13), ഫിദദിൽന (എട്ട്), സഹോദരി നുസ്‌റത്ത് (35), മകൾ ആയിഷ മെഹ്റിൻ (ഒന്നര), സഹോദരൻ സിറാജിന്റെ ഭാര്യ റസീന (27), മക്കളായ ഷഹറ (എട്ട്), ഫാത്തിമ റിഷിദ (ഏഴ്), നൈറ ഫാത്തിമ (എട്ടുമാസം) എന്നവരാണു ബോട്ടിലുണ്ടായിരുന്നത്.

കാലപ്പഴക്കമുള്ളതും ലൈസൻസില്ലാത്തതുമായ ബോട്ടാണ് ദുരന്തത്തിന് ഇടയാക്കിയതെന്നു നാട്ടുകാർ പറയുന്നു. ബോട്ട് സർവീസുകളുടെ കാര്യത്തിൽ നഗരസഭ ഇടപെടാറില്ല. അനുവദിച്ചതിലേറെ യാത്രക്കാരെ കയറ്റിയതാണ് അപകടത്തിനുകാരണമെന്നു പൊലീസും പറയുന്നു. ഇവിടെ വൈകിട്ട് 6.30 വരെയാണ് ബോട്ട് സർവീസിന് അനുമതി. അതുകഴിഞ്ഞും വിനോദസഞ്ചാരികളുമായി ബോട്ടുകൾ സർവീസ് നടത്തുന്നുണ്ട്. നാട്ടുകാർ മുന്നറിയിപ്പ് നൽകാറുണ്ടെങ്കിലും പാലിക്കാറില്ല. അപകടത്തിൽപ്പെട്ട ബോട്ടിൽ കൂടുതൽ പേരെ കയറ്റിയിരുന്നു. കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് സ്വിമ്മിങ് പൂളിൽ ഉപയോഗിക്കാവുന്ന ലൈഫ് ജാക്കറ്റാണ് ധരിക്കാൻ നൽകിയത്.

സീറ്റുബെൽറ്റിട്ടാണ് പലരും യാത്രചെയ്തതെന്നാണ് സൂചന. നാല് ബോട്ടുകളാണ് ഇവിടെ സർവീസ് നടത്തുന്നത്. ഇതിൽ ഏറ്റവും വലുതാണ് അപകടത്തിൽപ്പെട്ട 'അറ്റ്‌ലാന്റ'. വിഷുവിനാണ് ഈബോട്ട് ഇവിടെ സർവീസ് തുടങ്ങിയത്. കുട്ടികൾക്ക് ടിക്കറ്റ് ഇല്ല. നാൽപതിലധികം പേർക്ക് ടിക്കറ്റ് നൽകിയിട്ടുണ്ട്. ബോട്ട് മറിഞ്ഞിടത്ത് ചെളിയായതിനാൽ രക്ഷാപ്രവർത്തനം ആദ്യം സാധ്യമായിരുന്നില്ലെന്ന് മത്സ്യത്തൊഴിലാളിയായ ഷറഫു പറഞ്ഞു.

അരമണിക്കൂറിനുശേഷമാണ് രക്ഷാപ്രവർത്തനം തുടങ്ങാനായത്. പിന്നീട് പടിഞ്ഞാറുഭാഗത്തേക്കാണ് ആളുകളെ കൊണ്ടുപോയത്. അപകടം നടന്ന സ്ഥലത്തെ സൗകര്യങ്ങളുടെ കുറവും രക്ഷാപ്രവർത്തനത്തെ ദുഷ്‌കരമാക്കി. ബോട്ട് കരയിലേക്ക് വലിച്ചെടുത്ത് വെട്ടിപ്പൊളിച്ചപ്പോഴാണ് കുറച്ചുപേരെ എടുക്കാനായത്.

പരപ്പനങ്ങാടി-താനൂർ നഗരസഭാ പരിധിയിലെ തൂവൽത്തീരം നേരത്തേ തന്നെ പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രമാണ്. എന്നാൽ, ആളുകൾ കൂടുതലായി എത്തിത്തുടങ്ങിയത് ഈയിടെയാണ്. ഇവിടെ ഫ്ലോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനം കഴിഞ്ഞത് ആഴ്കൾക്ക് മുൻപാണ്. ഇതോടെ, വിനോദ സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചു.

നേരത്തേ ഇവിടെ 2 വിനോദ സഞ്ചാര ബോട്ടുകളാണുണ്ടായിരുന്നത്. എന്നാൽ, ആളുകളുടെ എണ്ണം വർധിച്ചതോടെ ബോട്ടുകളും കൂടി. ഇതിൽ പലതിനും ലൈസൻസോ അംഗീകാരമോ ഇല്ല. ലൈഫ് ജാക്കറ്റ് ഉൾപ്പെടെ അടിസ്ഥാന സുരക്ഷാ മുൻകരുതലുകൾ പോലുമില്ലാതെയാണ് പലതും സർവീസ് നടത്തുന്നത്.ഇന്നലെ അപകടത്തിൽപ്പെട്ട ബോട്ടിലും ഈ സംവിധാനങ്ങളൊന്നുമുണ്ടായിരുന്നില്ല.തൂവൽ തീരം വിനോദ സഞ്ചാര കേന്ദ്രം ജില്ലാ പ്രമോഷൻ കൗൺസിലിനു കീഴിലുള്ളതാണ്. എന്നാൽ, ബോട്ട് സർവീസുമായി കൗൺസിലിനു ബന്ധമില്ലെന്നു അധികൃതർ വിശദീകരിച്ചു.

ബോട്ട് ഒരുവശത്തേക്ക് ചെരിഞ്ഞ് തലകീഴായി മറിഞ്ഞതോടെ യാത്രക്കാർ അടിയിൽപെടുകയായിരുന്നു. തൊട്ടുപിറകിൽ വന്ന മറ്റൊരു വിനോദസഞ്ചാര ബോട്ട് അപകടം കണ്ട് തിരിച്ചുപോയി യാത്രക്കാരെ ഇറക്കിവന്നാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയെങ്കിലും ഇരുട്ട് തടസ്സമായി. വിവിധ സ്ഥലങ്ങളിൽനിന്നുള്ള അഗ്‌നിരക്ഷാ യൂണിറ്റുകളും പൊലീസും സ്‌കൂബ സംഘവും എത്തി. കരയ്ക്ക് എത്തിച്ചവരെ തിരൂരങ്ങാടി, പരപ്പനങ്ങാടി, താനൂർ, തിരൂർ, കോട്ടക്കൽ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.