മലപ്പുറം: സംസ്ഥാനത്ത് മഴക്കെടുതിയിൽ വ്യാപക നാശനഷ്ടം. മലപ്പുറം ഓമാനൂരിൽ മിന്നൽ ചുഴലി ഉണ്ടായി. മൂന്നു മിനിറ്റോളം നീണ്ടു നിന്ന അതി ശക്തമായ കാറ്റാണ് വീശിയടിച്ചത്. കൊണ്ടോട്ടി ചീക്കോട് പഞ്ചായത്തിലെ ഓമാനൂരിലെ കൊടക്കാടാണ് മിന്നൽ ചുഴലി ഉണ്ടായത്. വീടുകൾക്ക് നാശനഷ്ടം സംഭവിക്കുകയും നൂറ് കണക്കിന് മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു. വലിയ നാശമാണ് കാറ്റ് വിതച്ചതെന്ന് വാർഡ് മെമ്പർ എം മുബഷിർ പറഞ്ഞു.

ഇന്നു ഉച്ചയോടു കൂടി പെയ്ത കനത്ത കാറ്റിലാണ് നൂറിലേറെ മരങ്ങൾ വീഴുകയും വലിയ അപകടം സംഭവിക്കുകയും ചെയ്തത്. പല വീടുകളുടെ മുകളിലും ഇപ്പോഴും മരം വീണു കിടപ്പുണ്ട്.നാട്ടുകാരും സന്നദ്ധ വോളണ്ടിയർമാരും അടക്കം ഓരോ ഭാഗങ്ങളിൽ നിന്നായി മരം മുറിച്ചു നീട്ടി തുടങ്ങിയിട്ടുണ്ട്. കൊണ്ടോട്ടി തഹസിൽദാർ പി അബൂബക്കർ സ്ഥലം സന്ദർശിച്ച് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. ആർക്കും പരിക്കില്ലെന്നും വൈദ്യുതി ബന്ധം പൂർണമായി നിലച്ച അവസ്ഥയാണന്നും തഹസിൽദാർ പറഞ്ഞു.

അതേ സമയം കനത്ത മഴയും കടലാക്രമണവും തുടരുന്നതിനാൽ പൊന്നാനി താലൂക്ക് പരിധിയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ നാളെ (6.7.2023) അവധി പ്രഖ്യാപിച്ചു. യൂണിവേഴ്സിറ്റി പരീക്ഷകൾ, പി എസ് സി പരീക്ഷകൾ എന്നിവ മുൻനിശ്ചയപ്രകാരം മാറ്റമില്ലാതെ നടക്കും. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും മദ്രസകൾക്കും അവധി ബാധകമാണ്.

കാലവർഷം കനത്തതിനെ തുടർന്ന് മലപ്പുറം ജില്ലയിൽ വീടുകൾക്ക് നാശനഷ്ടം റിപ്പോർട്ടു ചെയ്തു. ചൊവ്വാഴ്ച ഉച്ച മുതൽ ബുധനാഴ്ച ഉച്ച വരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ 45 വീടുകൾക്ക് നാശനഷ്ടമുണ്ടായി. നാലു വീടുകൾ പൂർണ്ണമായും 41 വീടുകൾ ഭാഗികമായും തകർന്നു. പൊന്നാനി താലൂക്കിലാണ് വീടുകൾ പൂർണ്ണമായും തകർന്നത്. തിരൂർ-4, പൊന്നാനി,-19, തിരൂരങ്ങാടി-3, പെരിന്തൽമണ്ണ-1, ഏറനാട്-4, നിലമ്പൂർ -1, കൊണ്ടോട്ടി-9 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിൽ ഭാഗികമായി തകർന്ന വീടുകളുടെ എണ്ണം. ജില്ലയിൽ പൊന്നാനി എം.ഇ.എസ് ഹയർസെക്കൻഡറി സ്‌കൂളിൽ ഒരു ദുരിതാശ്വാസ ക്യാമ്പും തുറന്നിട്ടുണ്ട്. 13 കുടുംബങ്ങളിൽ നിന്നായി 66 പേരാണ് ക്യാമ്പിൽ കഴിയുന്നത്.

നാല് ജില്ലകളിൽ ഓരോ മരണം

മഴക്കെടുതിയിൽ ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓരോ മരണം. കണ്ണൂർ സിറ്റി നാലുവയലിൽ വെള്ളക്കെട്ടിൽ വീണ് ബഷീർ (50) ആണ് മരിച്ചത്. ആലപ്പുഴ തോട്ടപ്പള്ളിയിൽ വള്ളം മറിഞ്ഞ് രാജ്കുമാർ മരിച്ചു.

കണ്ണൂരിൽ ഒരാൾ വെള്ളക്കെട്ടിൽ വീണു മരിച്ചു

കണ്ണുർ ജില്ലയിൽ കാലവർഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അംഗനവാടി , സി.ബി. എസ്. ഇ സ്‌കൂളുകൾ , മദ്രസകൾ എന്നിവയടക്കമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ജില്ലാകലക്ടർ എസ്. ചന്ദ്രശേഖർ ജൂലായ് ആറിന് അവധി പ്രഖ്യാപിച്ചു. മേൽ അവധി മൂലം നഷ്ടപ്പെട്ടന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടികൾ സ്വീകരിക്കേണ്ടതാണെന്ന് കലക്ടർ അറിയിച്ചു.

വിദ്യാർത്ഥികളെ മഴക്കെടുതിയിൽ നിന്ന് അകറ്റി നിർത്തുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകേണ്ടതുമാണ്. ജൂലായ് ആറിന് നടത്താനിരുന്ന സർവകലാശാല/പി എസ് സി പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല കണ്ണൂരിൽ രണ്ടു ദിവസമായി തുടരുന്ന പേമാരി കനത്തനാശമാണ് വിതയ്ക്കുന്നത്. കണ്ണൂർ കോർപറേഷൻ പരിധിയിൽ കനത്ത നാശനഷ്ടമാണ് മഴയും ചുഴലിക്കാറ്റും വരുത്തിവെച്ചത്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. തണൽമരങ്ങൾ കടപുഴകി വീണു യാത്രക്കാർക്ക് പരുക്കേറ്റു.

ബുധനാഴ്‌ച്ച രാവിലെ മുതൽ കോരിച്ചൊരിഞ്ഞു പെയ്ത മഴയിൽ സംസ്ഥാനത്താദ്യമായി ഇക്കുറി കാലവർഷത്തിൽ ഒരാൾ കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണു മരിച്ചു. കണ്ണൂർ സിറ്റിനാലുവയലിലാണ് വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചത്. നാലുവയലിലെ താഴത്ത് ഹൗസിൽ ബഷീറാ(50)ണ് ബുധനാഴ്‌ച്ച ഉച്ചയോടെ മരിച്ചത്.വീടിനു മുൻപിലെ വെള്ളക്കെട്ടിൽ കാൽവഴുതി വീണാണ് അപകടമുണ്ടായത്. മൃതദേഹം ജില്ലാആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

കോഴിക്കോട് ഒഴുക്കിൽപെട്ട് ഒരാളെ കാണാതായി

കോഴിക്കോട് ഓർക്കാട്ടേരിയിൽ ഒഴുക്കിൽപെട്ട് യുവാവിനെ കാണാതായി. കനാലിൽ പായൽ നീക്കുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. നടക്കുതാഴെ ചേറോട് കനാലിലാണ് സംഭവം. ചേറോട് സ്വദേശി വിജീഷിനെയാണ് കാണാതായത്. പൊലീസും അഗ്‌നിരക്ഷാസേനയും തിരച്ചിൽ നടത്തുന്നു.

കോഴിക്കോട് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നാളെ കലക്ടർ അവധി പ്രഖ്യാപിച്ചു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ തുടരും. ഞായറാഴ്ചയോടെ മഴയുടെ ശക്തി കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

വ്യാഴാഴ്ച വടക്കൻ ജില്ലകളിലും ഇടുക്കിയിലുമാണ് കനത്തമഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നത്. ഇടുക്കിക്ക് പുറമേ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് ജാഗ്രത നൽകിയിട്ടുണ്ട്. വ്യാഴാഴ്ച തിരുവനന്തപുരത്തും കൊല്ലത്തും മഴ മുന്നറിയിപ്പ് ഇല്ല. മറ്റു ജില്ലകളിൽ ശക്തമായ മഴ കണക്കിലെടുത്ത് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിന് മുകളിൽ മരം വീണു. അഗ്‌നിരക്ഷാ സേന മരം മുറിച്ചു നീക്കി.

നദികളിൽ ജലനിരപ്പ് ഉയർന്നു

മീനച്ചിലാറിലും മണിമലയാറിലും ജലനിരപ്പ് ഉയർന്നതാനാൽ തീരങ്ങളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ട അച്ചൻകോവിലാറിലും ജലനിരപ്പ് ഉയർന്നു. മണിമല നദിയിലെ കല്ലൂപ്പാറ, പുല്ലാക്കയർ സ്റ്റേഷനുകൾ, പമ്പ നദിയിലെ മടമൺ സ്റ്റേഷൻ, അച്ചൻകോവിൽ നദിയിലെ തുമ്പമൺ സ്റ്റേഷൻ, മീനച്ചിൽ നദിയിലെ കിടങ്ങൂർ സ്റ്റേഷൻ എന്നിവിടങ്ങളിൽ ജലനിരപ്പ് അപകടനിരപ്പിനേക്കാൾ കൂടുതലായതിനാൽ അവിടെ കേന്ദ്ര ജല കമ്മിഷൻ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ നൽകി. നിലവിൽ മഴ തുടരുന്ന സാഹചര്യം ഉള്ളതിനാൽ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

മഴ കനത്ത് ജലനിരപ്പ് ഉയർന്നതോടെ കേരളത്തിൽ വിവിധ ഡാമുകൾ തുറന്നു. പത്തനംതിട്ടയിൽ മണിയാർ ഡാം തുറന്ന സാഹചര്യത്തിൽ പമ്പ, കക്കാട്ടാർ തീരങ്ങളിൽ വസിക്കുന്നവർക്കായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കല്ലാർകുട്ടി അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. ഒരു ഷട്ടർ 60 സെന്റിമീറ്ററിനും മറ്റൊന്ന് 30 സെന്റിമീറ്ററും ഉയർത്തി. സെക്കൻഡിൽ 90 ഘനമീറ്റർ വെള്ളം ഒഴുക്കുന്നു. പാംബ്ല അണക്കെട്ടും തുറന്നു. പെരിയാർ, മുതിരപ്പുഴ തീരവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. കണ്ണൂർ പഴശി അണക്കെട്ടിന്റെ മൂഴുവൻ ഷട്ടറുകളും പത്തു സെന്റീമീറ്റർ വീതം ഉയർത്തി.

ഒൻപതു ജില്ലകളിൽ അവധി

ഒൻപതു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി കലക്ടർമാർ പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, ഇടുക്കി, പാലക്കാട്, കാസർകോട്, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി നൽകിയിരിക്കുന്നത്

ഇടുക്കി ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികളും താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്/കോഴ്‌സുകൾക്ക് അവധി ബാധകമായിരിക്കില്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ലെന്നും കളക്ടർ അറിയിച്ചു.പത്തനംതിട്ട ജില്ലയിൽ തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിൽ ഉൾപ്പെടുന്ന അംഗൻവാടികൾ മുതൽ പ്രൊഫഷണൽ കോളേജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിലെ അങ്കണവാടികളും പ്രൊഫഷണൽ കോളേജുകളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ശിക്കാര വള്ളങ്ങൾ, മോട്ടോർ ബോട്ടുകൾ, മോട്ടോർ ശിക്കാരകൾ, സ്പീഡ് ബോട്ടികൾ, കയാക്കിങ് ബോട്ടുകൾ എന്നിവയുടെ സർവ്വീസ് നിർത്തി വെക്കാനും ആലപ്പുഴ കളക്ടർ ഉത്തരവിട്ടു. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല, പി.എസ്.സി. പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു. അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടികൾ സ്വീകരിക്കേണ്ടതാണെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.

എംജി സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു

കോട്ടയം മഹാത്മാഗാന്ധി സർവകലാശാല ജൂലായ് ആറിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മറ്റിവെച്ചതായി വൈസ് ചാൻസലർ അറിയിച്ചു.