കണ്ണൂർ: മുപ്പത്തിമൂന്ന് വർഷത്തിനു ശേഷം സഹപാഠിനിയെ താൻ പഠിച്ച സ്‌കൂളിൽ നിന്നും പൂർവവിദ്യാർത്ഥി കൂട്ടായ്മയുടെ കാർമികത്വത്തിൽ തോട്ടടയിലെ പി.കെ രാജേഷ് ജീവിതസഖിയാക്കിയത് കൗതുകമായി. തോട്ടടയിലെ പി.കെ രാജേഷാണ് കോയ്യോട് സ്വദേശിനിയെ വി. ഷൈനിയെയാണ് ജീവിതസഖിയാക്കിയത്. 48- വയസിലാണ് പ്രായത്തെ മറന്നുകൊണ്ടുള്ള ഇരുവരുടെയും ഒത്തുചേരൽ.

1990- ചാല ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ എസ്. എസ്. എൽ. സി ബാച്ചുകാരായിരുന്നു ഇരുവരും. എന്നാൽ പഠിക്കുന്ന സമയത്ത് ഇരുവരും തമ്മിൽ വലിയ പരിചയമോ അടുപ്പമോമുണ്ടായിരുന്നില്ല. വർഷങ്ങൾക്കിപ്പുറം സഹപാഠികൾ ചേർന്ന് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ കണ്ണാടിയെന്ന പേരിൽ വാട്സ് ആപ്പ് കൂട്ടായ്മയുണ്ടാക്കിയതോടെ എല്ലാവരും വീണ്ടും ഒത്തുചേരുന്നത്. ഈ സമയമാണ് രാജേഷും ഷൈനിയും വിവാഹതിരല്ലെന്ന കാര്യം സഹപാഠികൾ അറിയുന്നത്. ഇതോടെ തിരക്കിട്ട വിവാഹ ആലോചനകളും തുടങ്ങി.

ഇരുവരും തമ്മിൽ ഒന്നിക്കുന്നതാണ് നല്ലതെന്ന് സഹപാഠികൾ പറഞ്ഞതോടെ രാജേഷും ഷൈനിയും സമ്മതം മൂളുകയായിരുന്നു. പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയിലെ അംഗങ്ങൾ തന്നെയാണ് കോയ്യാട്ടെ ഷൈനിയുടെ വീട്ടിൽ വിവാഹ ആലോചനയുമായി പോകുന്നത്. വൈകിവന്ന ആലോചനയാണെങ്കിലും ഷൈനിയുടെ വീട്ടുകാരും രാജേഷിന്റെ കുടുംബവും സമ്മതം മൂളി. ഇതോടെ സിനിമാക്കഥയെ വെല്ലുന്നവിധത്തിൽ സഹപാഠികൾ തമ്മിലുള്ള വിവാഹത്തിന് വഴിയൊരുങ്ങി. എന്നാൽ പഠിച്ച സ്‌കൂളിൽ നിന്നുതന്നെ വിവാഹം നടത്തണമെന്ന ആശയവും കണ്ണാടി പൂർവവിദ്യാർത്ഥി കൂട്ടായ്മ മുൻപോട്ടുവെച്ചു.

ഇതിനായി ചാല സ്‌കൂൾ അധികൃതരുംതയ്യാറായി. ഇതോടെ നാടടച്ചു വിവാഹം ക്ഷണിക്കാൻ തുടങ്ങി. ഇവരെ പഠിപ്പിച്ച അദ്ധ്യാപകരെയും അക്കാലങ്ങളിൽ പഠിച്ച പൂർവവിദ്യാർത്ഥികളെയും നാട്ടുകാരെയും വിവാഹത്തിന് ക്ഷണിച്ചു. ഇതോടെ സഹപാഠികളുടെ വിവാഹം ചാലദേശത്തിന്റെ തന്നെ ആഘോഷമായി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ തോട്ടടയിൽ നിന്നുമെത്തിയ രാജേഷ് കഴിഞ്ഞ ദിവസം ചാലഗവ. ഹയർസെക്കൻഡറി സ്‌കൂളിലൊരുക്കിയ മണ്ഡപത്തിൽ മിന്നു കെട്ടി.

കൂട്ടുകാരുടെ കുരവയുടെയും വാദ്യമേളത്തിന്റെയും ആഹ്ളാദം നിറഞ്ഞ പശ്ചാത്തലത്തിൽ ഷൈനിയെ താലികെട്ടി ജീവിത സഖിയാക്കി രാജേഷ് വീട്ടിലേക്ക്. ഒരേ ക്ളാസിൽ പഠിച്ച സഹപാഠികളുടെ വിവാഹവും പാട്ടും നൃത്തവും വിഭവസമൃദ്ധമായ സദ്യയുമൊരുക്കി കണ്ണാടി പൂർവവിദ്യാർത്ഥി കൂട്ടായ്മ ആഘോഷമാക്കി മാറ്റുകയും ചെയ്തു.