ഷിരൂര്‍: കുന്നിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജ്ജുന് വേണ്ടി ശനിയാഴ്ച നടത്തിയ തിരച്ചില്‍ ഫലവത്തായില്ല. ലോറി ഉണ്ടെന്ന് കരുതിയ നാലാം സ്‌പോട്ടിലെ തിരിച്ചിലും നിരാശയായി ഫലം. പ്രാദേശിക മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മാല്‍പെ ഗംഗാവലി നദിയുടെ ആഴത്തില്‍ മുങ്ങി പരിശോധിച്ചെന്ന് കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. പക്ഷേ ചെളിയും പാറയും മാത്രമാണ് കണ്ടത്. മറ്റ് സ്‌പോട്ടുകളില്‍ പരിശോധന തുടരുമെന്നും ദൗത്യ സംഘം അറിയിച്ചു. ലോറി ചെളിയില്‍ പുതഞ്ഞിരിക്കാനും സാധ്യതയുണ്ട്.

ആദ്യഘട്ടത്തില്‍ മൂന്ന് തവണയാണ് മാല്‍പെ സംഘം നദിയുടെ ആഴത്തിലേക്ക് ഇറങ്ങിയത്. ശക്തമായ അടിയൊഴുക്കിനെ തുടര്‍ന്ന് കരയിലേക്ക് കയറിയ സംഘം പിന്നീട് രണ്ടുതവണകൂടി നദിക്കടിയിലിറങ്ങി പരിശോധന നടത്തി. അഞ്ച് തവണ മാല്‍പെ സംഘം നദിയില്‍ ഇറങ്ങിയെങ്കിലും ട്രക്കിനടുത്തെത്താന്‍ സാധിച്ചില്ല. അഞ്ച് തവണയും ഈശ്വര്‍ മാല്‍പെയാണ് നദിയില്‍ ഇറങ്ങിയത്. വലിയ കല്ലുകളല്ലാതെ മറ്റൊന്നും കാണാന്‍ സാധിച്ചില്ലെന്നും ട്രക്കിനടുത്തെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും ഈശ്വര്‍ മാല്‍പെ പറഞ്ഞതായി മഞ്ചേശ്വരം എം.എല്‍.എ. എ.കെ.എം. അഷറഫ് പറഞ്ഞു.

ഗംഗാവലി പുഴയിലെ ശക്തമായ അടിയൊഴുക്ക് ഈശ്വര്‍ മാല്‍പെയ്ക്ക് വെല്ലുവിളികള്‍ സൃഷ്ടിച്ചു. മൂന്നാം തവണ കയര്‍ പൊട്ടി ഈശ്വര്‍ മാല്‍പെ ഒഴുകിപ്പോയെന്നും എം വിജിന്‍ എംഎല്‍എ അറിയിച്ചു. ഈശ്വര്‍ മാല്‍പെയെ നാവികസേന രക്ഷിക്കുകയായിരുന്നുവെന്നും എംഎല്‍എ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

സിഗ്‌നല്‍ കിട്ടിയ സ്ഥലത്ത് ഈശ്വര്‍ മല്‍പെ രണ്ടു തവണ ഇറങ്ങി. മൂന്നാം തവണ ഇറങ്ങിയപ്പോള്‍ റോപ്പ് പൊട്ടി 50 മീറ്ററോളം ഒഴുകിപ്പോയി. പിന്നീട് നാവികസേന രക്ഷിക്കുകയായിരുന്നു. എന്നാല്‍ കൂടുതല്‍ ആഴത്തിലേക്ക് ഈശ്വറിന് പോകാന്‍ കഴിഞ്ഞില്ല. നദിയുടെ താഴ്ചയിലേക്ക് പോയെങ്കിലും അടിയൊഴുക്ക് ശക്തമായത് കൊണ്ട് തിരിച്ചു കയറേണ്ടി വന്നെന്നും എംഎല്‍എ പറഞ്ഞു. ദൗത്യം തുടരുമെന്നും വലിയ ആത്മവിശ്വാസമാണ് ഈശ്വര്‍ മാല്‍പെ പ്രകടിപ്പിക്കുന്നതെന്നും എം വിജിന്‍ എംഎല്‍എ പറഞ്ഞു. പുഴയില്‍ ഇറങ്ങിയ ആളുമായി കരയില്‍ ഉള്ളവര്‍ ആശയവിനിമയം നടത്തുന്നുണ്ട്. നദിക്കടിയില്‍ വലിയ പാറകളുണ്ടെന്നും എംഎല്‍എ പറഞ്ഞു

ഗംഗാവലി പുഴയുടെ അടിയില്‍ ഒരു ലോറിയുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഐബോഡ് പരിശോധനയില്‍ കിട്ടിയ നാലാം സിഗ്‌നലാണ് ലോറിയുടേതെന്ന് സ്ഥിരീകരിച്ചതെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മിപ്രിയ അറിയിച്ചു. കരയില്‍ നിന്ന് 132 മീറ്റര്‍ അകലെ ചെളിയില്‍ പുതഞ്ഞ നിലയിലാണ് ലോറിയുള്ളതെന്നാണ് നിഗമനം. ലോറിയില്‍ മനുഷ്യ സാന്നിധ്യം ഉറപ്പോടെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞു. ലോറിയുടെ ക്യാബിന്‍ ഭാഗികമായി തകര്‍ന്ന നിലയിലാണെമന്നും കളക്ടര്‍ പറഞ്ഞു.

തിരച്ചില്‍ നിര്‍ത്തില്ലെന്നും ഇക്കാര്യം കളക്ടറോടും നേവിയുടെയും പറഞ്ഞിട്ടുണ്ടെന്നും എംകെ രാഘവന്‍ എംപി പറഞ്ഞു. ഫ്‌ലോട്ടിങ്ങ് വെസല്‍ കൊണ്ട് വന്ന് ഇരുമ്പ് കമ്പി ഉപയോഗിച്ച് പുഴയില്‍ ഇറങ്ങാനാണ് ശ്രമം. സാധ്യമായ എല്ലാ കാര്യങ്ങളും ഷിരൂരില്‍ ചെയ്യുന്നുണ്ടെന്നും എംപി പറഞ്ഞു. ഫ്‌ലോട്ടിങ് പ്ലാറ്റ്‌ഫോം രാജസ്ഥാനില്‍ നിന്ന് എത്തിക്കുമെന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. നാവിക സേനയുടെ കൂടുതല്‍ വൈദഗ്ധ്യം ഉള്ളവരെ നിയോഗിക്കണം എന്ന് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ സഹകരണത്തോടെ തെരച്ചില്‍ തുടരും. സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തി മുന്നോട്ടുപോകും. മറ്റു നേവല്‍ ബേസില്‍ വിദഗ്ധര്‍ ഉണ്ടെങ്കില്‍ എത്തിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി റിയാസ് പറഞ്ഞു. നദിയിലെ അടിയൊഴുക്ക് ഇന്നലെ 5.5 നോട്‌സ് (മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗം) ആയിരുന്നു.