തിരുവനന്തപുരം: സംസ്ഥാനത്തു ദേശീയപാത വികസനത്തിനു ഭൂമി ഏറ്റെടുക്കുന്നതിന്റെ മുഴുവൻ ചെലവും കേന്ദ്രം വഹിക്കുന്നതിൽ അവ്യക്തത തുടരുന്നു. മുഴുവൻ ചെലവും വഹിക്കാമെന്ന കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ ഉറപ്പു സംബന്ധിച്ചു സംസ്ഥാനത്തിന് അറിയിപ്പു ലഭിച്ചില്ല. അറിയിപ്പു കിട്ടിയാലേ പകരം ഏർപ്പെടുത്തുന്ന നിബന്ധനകളെക്കുറിച്ചു വ്യക്തത ലഭിക്കൂ. ഭൂമി ഏറ്റെടുപ്പിന്റെ ചെലവു കേന്ദ്രം വഹിച്ചാൽ, പകരം നിബന്ധനകൾ ഏർപ്പെടുത്തും. അങ്ങനെ വന്നാൽ നഷ്ടപരിഹാരവും കുറയും.

നിലവിൽ 5 റോഡുകളുടെ സ്ഥലമേറ്റെടുക്കലിനാണു സംസ്ഥാനം 25% വിഹിതം നൽകുന്നത്. കൊല്ലം-ചെങ്കോട്ട ഹൈവേ, മലപ്പുറം-മൈസൂരു സാമ്പത്തിക ഇടനാഴിയിലെ മലപ്പുറം കുട്ട റീച്ച് തുടങ്ങിയ പദ്ധതികൾക്കു സ്ഥലമേറ്റെടുക്കുന്നതിലെ വിഹിതം സംബന്ധിച്ചു ധാരണയായിട്ടില്ല. ഭൂമി ഏറ്റെടുക്കുന്നതിന്റെ ചെലവു പൂർണമായി കേന്ദ്രം വഹിച്ചാൽ പകരം 3 നിബന്ധനകളാണ് ഏർപ്പെടുത്തിയേക്കും.

മണ്ണ്, കല്ല് തുടങ്ങിയവയ്ക്കു സംസ്ഥാനത്തിന് അവകാശപ്പെട്ട റോയൽറ്റി തുക ഒഴിവാക്കണമെന്നതാകും അതിലൊന്ന്. സിമന്റ്, സ്റ്റീൽ എന്നിവയുൾപ്പെടെ എല്ലാ നിർമ്മാണ സാമഗ്രികളുടെയും സംസ്ഥാന ജിഎസ്ടി ഒഴിവാക്കണം (9% ജിഎസ്ടി നഷ്ടപ്പെടുത്തേണ്ടി വരും) എന്നതാകും രണ്ടാമത്തെ വ്യവസ്ഥ. സമാനമായി റോഡിന് ഏറ്റെടുക്കുന്ന സർക്കാർ ഭൂമിക്കു നഷ്ടപരിഹാരം നൽകുകയുമില്ല. ഇതിനൊപ്പം സ്ഥലം വിട്ടു കൊടുക്കുന്നവർക്ക് വിപണി വിലയിൽ കൂടുതൽ നൽകുമോ എന്നതും നിർണ്ണായകമാണ്.

പുതിയ ദേശീയ പാതകൾക്കും പാത വികസനത്തിനും വേണ്ടി ഏറ്റെടുക്കുന്ന ഭൂമിയിലെ കെട്ടിടങ്ങൾക്കു പഴക്കം പരിഗണിച്ചു നഷ്ടപരിഹാരം നൽകിയാൽ മതിയെന്നാണ് ദേശീയപാത അഥോറിറ്റിയുടെ പുതിയ നിലപാട്. 2020 ൽ സംസ്ഥാനത്തെ ദേശീയപാത 66 വികസനത്തിനു വേണ്ടി സ്ഥലമേറ്റെടുത്തപ്പോൾ കാലപ്പഴക്കം പരിഗണിക്കാതെ എല്ലാ നിർമ്മിതിക്കും ഒരേ മാനദണ്ഡത്തിൽ നഷ്ടപരിഹാരം നൽകാൻ അനുമതി നൽകിയിരുന്നു. പുതിയ പാതകൾക്കും വികസനത്തിനും ഈ പരിഗണന നൽകണമെന്നു സംസ്ഥാനം ദേശീയപാത അഥോറിറ്റിയോട് ആവശ്യപ്പെട്ടു. ഇതിന് കാരണം ഇനി മുഴുവൻ പണവും കേന്ദ്രം നൽകേണ്ടി വരുമെന്നതാണ്. ഈ നിബന്ധന വരുന്നതോടെ നഷ്ടപരിഹാരം കുറയും. ഇത് ജനങ്ങളുടെ പ്രതിഷേധത്തിനും കാരണമാകും.

അഥോറിറ്റിയുടെ 2018 ലെ സ്ഥലമേറ്റെടുക്കൽ മാനുവൽ പ്രകാരം കെട്ടിടങ്ങൾക്കു കാലപ്പഴക്കം നോക്കി നഷ്ടപരിഹാരം നൽകിയാൽ മതി. എന്നാൽ, കേരളത്തിൽ സ്ഥലമേറ്റെടുക്കാനുള്ള ബുദ്ധിമുട്ടും ജനങ്ങളുടെ എതിർപ്പും കൂടുതലായതിനാലാണ് എൻഎച്ച് 66 പ്രത്യേക കേസായി പരിഗണിച്ചു വില നൽകാൻ തീരുമാനിച്ചത്. എന്നാൽ, മാനുവൽ അടിസ്ഥാനമാക്കി സ്ഥലം ഏറ്റെടുക്കലുമായി മുന്നോട്ടു പോയാൽ എതിർപ്പുണ്ടാകുമെന്നു സംസ്ഥാനം ദേശീയപാത അഥോറിറ്റിയെ അറിയിച്ചിട്ടുണ്ട്. നേരത്തെ സംസ്ഥാനം ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം നൽകിയിരുന്നു.

എന്നാൽ എല്ലാ സംസ്ഥാനങ്ങളിലേതു പോലെ കേന്ദ്രം തന്നെ നഷ്ടപരിഹാരം മുഴുവനും കൊടുക്കണമെന്ന നിലപാട് കേരളവും എടുത്തു. കടുത്ത സാമ്പത്തിക പ്രതിസന്ധിയായിരുന്നു ഇതിന് കാരണം. അങ്ങന മറ്റ് സംസ്ഥാനങ്ങളെ പോലെ കേരളത്തെ പരിഗണിക്കുമ്പോൾ പുതിയ ദേശീയ പാതകൾക്കും പാത വികസനത്തിനും വേണ്ടി ഏറ്റെടുക്കുന്ന ഭൂമിയിലെ കെട്ടിടങ്ങൾക്കു പഴക്കം പരിഗണിച്ചു നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നതാണ് കേന്ദ്ര നിലപാട്. എല്ലാ സംസ്ഥാനങ്ങളിലും ഈ രീതിയാണേ്രത പിന്തുടരുന്നത്. അതു കൊണ്ടു തന്നെ വിട്ടുവീഴ്ചയ്ക്ക് കേന്ദ്രം തയ്യറാകാൻ ഇടയില്ല.