അങ്കമാലി: അന്തർ സംസ്ഥാന സർവീസ് തുടങ്ങിയതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയ റോബിൻ ബസിന് വമ്പൻ സ്വീകരണം ഒരുക്കി നാട്ടുകാർ. പത്തനംതിട്ടയിൽ നിന്നും യാത്ര തുടങ്ങിയ ബസിന് എംവിഡി പിഴയിട്ടു എന്ന വാർത്ത പുറത്തുവന്നതോടെ പിന്നീട് ബസ് കടന്നുപോകുന്ന വഴിയിൽ എല്ലാം വലിയ സ്വീകണങ്ങളാണ് ബസിനും ബസ് ഉടമ ബേബി ഗിരീഷിനും ലഭിച്ചത്. എംവിഡി റോബിൻ ബസിനെ വേട്ടയാടുന്നു എന്ന വികാരത്തിൽ നിന്നാണ് നാട്ടുകാർ സംഘടിച്ചെത്തിയതും പിഴ ഈടാക്കിയതും.

പാലാ തൊടുപുഴ റോഡിൽ കൊല്ലപ്പള്ളിയിൽ എത്തിയപ്പോഴാണ് ആരാധകർ ചേർന്ന് റോബിൻ ബസിനെയും ഉടമ ബേബി ഗിരിഷിനെയും സ്വീകരിച്ചത്. മാല അണിയിച്ചും മിഠായി വിതരണം ചെയ്തുമാണ് റോബിൻ ബസിന്റെ വരവ് നാട്ടുകാർ ആഘോഷിച്ചത്. പിന്നാലെ പോയ വഴിയിൽ എല്ലാം തന്നെ നാട്ടുകാർ ബസിന് സ്വീകരണം ഒരുക്കി. പുഷ്പവൃഷ്ടി നടത്തി കൊണ്ടും പിന്തുണ അറിയിച്ചു മുദ്രാവാക്യം മുഴക്കി കൊണ്ടുമാണ് നാ്ട്ടുകാർ ബസിന് സ്വീകരണം ഒരുക്കിയത്.

മോട്ടോർ വാഹന വകുപ്പുമായി ഏറ്റുമുട്ടൽ പ്രഖ്യാപിച്ച് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയ റോബിൻ ബസ് കോയമ്പത്തൂരിലേക്കുള്ള യാത്രയ്ക്കിടെ എംവിഡി തടഞ്ഞിരുന്നു. പെർമിറ്റ് ചട്ട ലംഘനം ചൂണ്ടിക്കാട്ടി 7500 രൂപയുടെ പിഴയാണ് എംവിഡി ചുമത്തിയത്. ചലാൻ നൽകിയെങ്കിലും എംവിഡി ഉദ്യോഗസ്ഥർ വാഹനം പിടിച്ചെടുത്തില്ല. പിഴ അടയ്ക്കാതെ തന്നെ ബസ് യാത്ര തുടരാൻ എംവിഡി അനുവദിച്ചതോടെ അരമണിക്കൂർ വൈകിയാണ് ബസിന്റെ യാത്ര തുടർന്നത്.

ഇത് കൂടാതെ പാലയിലും അങ്കമാലിയിലും പുതുക്കാടും ബസ് തടഞ്ഞു നിർത്തി ഉദ്യോഗസ്ഥർ പരിശോധന നടത്തി. മോട്ടർ വാഹനവകുപ്പിന്റെ നടപടികളെ വെല്ലുവിളിച്ചാണ് റോബിൻ ഓട്ടം തുടങ്ങിയത്. ഒരിഞ്ചു പിന്നോട്ടില്ലെന്നാണ് ബസ് ഉടമ ബേബി ഗിരീഷ് പറയുന്നത്. 'എന്നാൽ, കോടതിയോടുള്ള വെല്ലുവിളിയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നതെന്ന് ബസ് ഉടമ ബേബി ഗിരീഷ് ആരോപിച്ചു. ഹൈക്കോടതി ഉത്തരവ് ലഭിക്കുമെന്ന് ഇവർ വിചാരിച്ചിരുന്നില്ല. അതിന്റെ ഫ്രസ്‌ട്രേഷനാണ് ഇവർ തീർക്കുന്നത്. കെ.എസ്.ആർ.ടി.സി പരിശോധിക്കാനുള്ള ആർജവം ഇവർക്കുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. താൻ പിന്നോട്ടില്ലെന്നാണ് ബേബി ഗിരീഷ് ആവർത്തിക്കുന്നത്.

അതേസമയം റോബിൻ ബസിനെതിരായ നടപടി സൈബറിടത്തിലും വലിയ ചർച്ചയായിട്ടുണ്ട്. മുഖ്യമന്ത്രിക്കും യാത്ര ചെയ്യാൻ വേണ്ടി നിയമങ്ങൾ അടക്കം പരിഷ്‌ക്കരിക്കുമ്പോൾ എന്തിനാണ് റോബിനെ പിന്നാലെ നടന്ന് ഉപദ്രവിക്കുന്നതെന്ന ചോദ്യമാണ് പലരും ഉയർത്തുന്നത്. അതേസമയം ഫേസ്‌ബുക്കിൽ വെല്ലുവിളിച്ചു പോസ്റ്റിട്ടതിന് പിന്നാലെയാണ് നടപടിയെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

ഒക്ടോബർ മാസം 16-ാം തിയതി രാവിലെ പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ബസ് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിരുന്നു. പരിശോധനകൾക്ക് ശേഷം നിയമ നടപടി സ്വീകരിക്കുകയും ബസ് കസ്റ്റഡിയിൽ എടുത്ത് റാന്നി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. ദേശസാത്കൃത പാതയിൽ സ്റ്റേജ് കാര്യേജ് ബസുകൾ സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച് കെ.എസ്.ആർ.ടി.സി സമർപ്പിച്ച പരാതിയിലായിരുന്നു നടപടി.

ഓൾ ഇന്ത്യ പെർമിറ്റുള്ള ബസുകൾക്ക് സംസ്ഥാനത്ത് നികുതി അടച്ചാൽ ഏതുപാതയിലൂടെ വേണമെങ്കിലും പെർമിറ്റിലാതെ ഓടാൻ അനുമതിയുണ്ടെന്നാണ് സ്വകാര്യബസ്സുടമകളുടെ വാദം. വെള്ളനിറം ബാധകമല്ല. റൂട്ട് ബസുകളെപ്പോലെ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യാമെന്നുമാണ് ബസുടമകൾ അവകാശപ്പെടുന്നത്. എന്നാൽ, കേന്ദ്ര വിജ്ഞാപനത്തിന്റെ മറവിൽ സംസ്ഥാനത്ത് ഓടുന്ന കോൺട്രാക്ട് കാര്യേജ് ബസുകൾക്കെതിരേ കർശന നടപടിയെടുക്കുമെന്നായിരുന്നു മോട്ടോർ വാഹന വകുപ്പ് നിലപാട്.

കേന്ദ്ര നിയമപ്രകാരം നേടിയ പെർമിറ്റ് എങ്ങനെയെങ്കിലും ഇല്ലാതാക്കാനാണ് അവർ ശ്രമിക്കുന്നത്. എന്നാൽ, ഇതേ പെർമിറ്റ് ആനുകൂല്യത്തിന്റെ ബലത്തിൽ 200 ബസുകൾ കേരളത്തിന്റെ നിരത്തിലിറങ്ങാൻ പോവുകയാണ്. അതിനെ എങ്ങനെ നിയമപ്രകാരം തടയാൻ സാധിക്കും? ബസുകൾക്ക് ലക്ഷ്യസ്ഥാനം കാണിക്കുന്ന ബോർഡുകൾ വണ്ടിയിൽ വെക്കാം. റൂട്ട് ബസുകളെപ്പോലെ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യാമെന്നും ബേബി ഗിരീഷ് വാഹനവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുമ്പ് അവകാശപ്പെട്ടിരുന്നു.

പത്തനംതിട്ട കോയമ്പത്തൂർ ട്രിപ്പിൽ റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാല, തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, തൃശൂർ, പാലക്കാട് എന്നിങ്ങനെ സ്റ്റോപ്പുകളുണ്ട്. തിരിച്ചുള്ള സർവ്വീസിൽ പാലക്കാട് മാത്രമാണ് സ്റ്റോപ്പുള്ളത്.