കോഴിക്കോട്: ആർഎസ്എസുമായി നേരിട്ടു ചർച്ച നടത്തിയെന്ന ആരോപണം നിഷേധിച്ചു ജമാഅത്തെ ഇസ്ലാമി. ആർഎസ്എസുമായി മുഖാമുഖം ചർച്ച നടന്നിട്ടില്ലെന്നാണ് ജമാഅത്തെ ഇസ്ലാമിയുടെ വാദം. ജമാഅത്തെ ഇസ്‌ലാമിയല്ല, രാജ്യത്തെ മുസ്‌ലിം സംഘടനകളാണ് ആർ.എസ്.എസുമായി ചർച്ച നടത്തിതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീർ പി. മുജീബ് റഹ്മാൻ പറഞ്ഞു. അതിന്റെ പേരിൽ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പഞ്ഞു.

സംഘ്പരിവാറിന്റെ ഇരകളാണ് ഇന്ത്യയിലെ മുസ്‌ലിംകൾ. സംഘ്പരിവാറിനോട് ഇന്നും രാജിയാകാത്ത സമുദായമാണ് ഇവിടുത്തെ മുസ്‌ലിം സമുദായം. എന്തിനുവേണ്ടിയാണോ മുസ്‌ലിം സമൂഹം നിലകൊള്ളുന്നത് അതിന് വേണ്ടിയായിരുന്നു ചർച്ച. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ജീവൽ പ്രശ്‌നങ്ങൾക്ക് എല്ലാ കൂട്ടായ്മയിലും അണിനിരക്കാറുണ്ട്. ജമാഅത്തെ ഇസ്‌ലാമിയും ആർ.എസ്.എസുമായിട്ടല്ല ചർച്ച നടന്നത്. മറിച്ച് മുസ്‌ലിം സംഘടനകളും ആർ.എസ്.എസുമായി നടന്ന ചർച്ചയിൽ ജമാഅത്ത് ഭാഗമാകുകയായിരുന്നു.

സംഘ്പരിവാറിനോട് നേരിട്ട് ഏറ്റുമുട്ടുന്ന സംഘടനകളാണ് ചർച്ചയിൽ പങ്കെടുത്തത്. ചർച്ചക്ക് ക്ഷണിച്ചത് ആർ.എസ്.എസാണ്. ശക്തമായ സമരത്തിന്റെ ഭാഗമായാണ് ചർച്ചയും ഉണ്ടായത്. ആരുമായും ചർച്ചക്ക് തയ്യാറാണ്. മാറാട് സംഭവം എല്ലാവർക്കും ഓർമയുണ്ട്. അന്ന് അതിനെ ബ്രേക്ക് ചെയ്ത് അരയ സമാജം നേതൃത്വത്തിന്റെ അടുത്തേക്ക് ചെന്നത് ജമാഅത്തെ ഇസ്ലാമി ആണ്. അന്നത്തെ മുഖ്യമന്ത്രി എ.കെ ആന്റണി അടക്കം അത് പറഞ്ഞിട്ടുള്ളതാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച സംബന്ധിച്ച് ഫേസ്‌ബുക്കിൽ വിമർശനം ഉന്നയിച്ചു. അദ്ദേഹം ഉയർത്തിയ ആശങ്ക ശുദ്ധ ഇസ്‌ലമോഫോബിയയാണ്. മുഖ്യമന്ത്രി ചരിത്രം മറക്കരുത്. ശ്രീ എമ്മിന്റെ സാന്നിധ്യത്തിൽ ആർ.എസ്.എസും പിണറായിയും ചർച്ച നടത്തിയത് പിന്നീട് മാധ്യമപ്രവർത്തകന്റെ പുസ്തകം പുറത്തിറങ്ങിയപ്പോഴാണ് ലോകം അറിഞ്ഞത്.

സിപിഎമ്മിന്റെ ഇസ്‌ലാമോഫോബിയ അപകടകരമാണ്. ആർ.എസ്.എസ്-ജമാഅത്തെ ഇസ്‌ലാമി ചർച്ച നടന്നു എന്ന തരത്തിലുള്ള ആരോപണങ്ങൾ ഉയർത്തുന്നത് വിലകുറഞ്ഞ രാഷ്ട്രീയമാണ്. അത് പ്രത്യാഘാതം സൃഷ്ടിക്കും. ആർ.എസ്.എസുമായി ബന്ധപ്പെട്ട വിഷയത്തിൽ ജമാഅത്തെ ഇസ്‌ലാമിക്ക് ജാഗ്രതയുണ്ട്. ഇതര മുസ്‌ലിം സംഘടനകളുടെ ജാഗ്രതയെ മാനിക്കുന്നു. ഫാഷിസ്റ്റ് വിരുദ്ധ നിലപാട് ജമാഅത്ത് സ്വീകരിച്ചതിന്റെ തെരഞ്ഞെടുപ്പ് ഗുണഭോക്താക്കൾ കൂടിയാണ് സിപിഎം എന്നത് അവർ മറക്കരുതെന്നും പി. മുജീബ് റഹ്മാൻ പറഞ്ഞു.

നേരത്തെ ആർഎസ്എസുമായുള്ള ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവന്നതോടെ വലിയ വിമർശനങ്ങൽ ജമാഅത്തെ ഇസ്ലാമി കേൾക്കേണ്ടി വന്നിരുന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ശക്തമായ വിമർശനമാണ് ഉന്നയിച്ചത്. മുസ്ലിം സമുദായത്തിനിടയിൽ ചെറു ന്യൂനപക്ഷങ്ങളുടെ മാത്രം പിന്തുണയുള്ള ജമാഅത്തെ ഇസ്ലാമി മുസ്ലിങ്ങളെയാകെ ബാധിക്കുന്ന വിഷയങ്ങളിൽ എങ്ങനെയാണ് തീർപ്പുകൽപ്പിക്കുക എന്നചോദ്യം സമസ്ത ഉയർത്തുന്നു. ആർഎസ്എസുമായി ചർച്ച നടത്താൻ ജമാഅത്തെക്ക് സ്വന്തം താൽപ്പര്യമുണ്ടായിരിക്കാമെന്നായിരുന്നു കേരള നദ്വത്തുൽ മുജാഹിദീൻ സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുള്ളക്കോയ മദനിയുടെ പ്രതികരണം. അപകടം തിരിച്ചറിഞ്ഞ് മുസ്ലിംലീഗും തള്ളിപ്പറഞ്ഞു. ആർഎസ്എസുമായി ചർച്ച നടത്തേണ്ട സാഹചര്യം നിലവിലില്ലെന്നായിരുന്നു അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്.

ജനുവരി 14ന് ഡൽഹിയിലായിരുന്നു ജമാഅത്തെ- ആർഎസ്എസ് ചർച്ച. ആർഎസ്എസ് സഹ സർ കാര്യവാഹക് ഗോപാൽകൃഷ്ണ പങ്കെടുത്തതായും ദേശീയ നിർവാഹകസമിതി അംഗം ഇന്ദ്രേഷ്‌കുമാർ 'ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിന്' നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കാശി, മഥുര പള്ളി വിഷയം യോഗത്തിൽ ഉന്നയിച്ചതായും പശുവിനെ അറുത്ത് ഭക്ഷിക്കുന്നത് ഒഴിവാക്കണം എന്നതടക്കമുള്ള കാര്യങ്ങൾ ഉന്നയിച്ചതായും ഇന്ദ്രേഷ്‌കുമാർ പറയുന്നു.