കണ്ണൂർ: സംസ്ഥാന കോൺഗ്രസിന്റെ വലിയ നഷ്ടങ്ങളിൽ ഒന്നാണ് സതീശൻ പാച്ചേനിയുടെ വിയോഗം. കണ്ണൂർ ഡിസിസി അധ്യക്ഷനായിരിക്കവേ പാർട്ടിക്ക് വേണ്ടി ആസ്ഥാനം പണിയാൻ വേണ്ടി ആശ്രാന്തം പരിശ്രമിച്ച വ്യക്തി. പാർട്ടിക്കായി താൻ ഏറ്റെടുത്ത ദൗത്യത്തിലെ വെല്ലുവിളികൾ അതിജീവിച്ചു കൊണ്ടും അദ്ദേഹം ഡിസിസി ഓഫീസ് നിർമ്മാണം പൂർത്തിയാക്കി. പണത്തിന് കുറവ് വന്നപ്പോൾ സ്വന്തം കുടുംബവീട് വിറ്റായിരുന്നു സതീശൻ ഡിസിസി ഓഫീസ് നിർമ്മാണത്തിന് പണം കണ്ടെത്തിയത്.

സതീശന്റെ ഈ പരിശ്രമങ്ങളെല്ലാം പാർട്ടിക്കു ബോധ്യമായിരുന്നു. അദ്ദേഹം അപ്രതീക്ഷിയമായി മരിച്ചപ്പോഴാണ് അണികൾക്ക് പോലും അദ്ദേഹത്തിന് സ്വന്തമായി വീടില്ലെന്ന യാഥാർഥ്യം മനസ്സിലായത്. സതീശന്റെ ആ സ്വപ്‌നം പൂർത്തീകരിക്കാൻ പാർട്ടി തുനിഞ്ഞിറങ്ങിയതോടെ സ്വപ്‌ന ഭവനം തയ്യാറായിരിക്കയാണ്. ചുരുക്കത്തിൽ പാർട്ടിക്കു 'വീടൊരുക്കിയ' ആ കരുതൽ സതീശൻ പാച്ചേനിയുടെ കുടുംബത്തിനു തിരിച്ചു നൽകുകയാണ് കോൺഗ്രസ് പ്രവർത്തകർ.

ഡിസിസി മുൻ പ്രസിഡന്റ് സതീശൻ പാച്ചേനിക്കു തളിപ്പറമ്പ് അമ്മാനപ്പാറയിൽ 14.5 സെന്റിൽ രണ്ടു നിലകളിലായി 2900 ചതുരശ്ര അടിയിൽ 85 ലക്ഷം ചെലവിട്ടു കോൺഗ്രസ് ഒരുക്കിയ സ്‌നേഹവീടിന്റെ താക്കോൽ നാളെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ കൈമാറും. ഡിസിസിയുടെ പുതിയ ഓഫിസ് നിർമ്മാണം സാമ്പത്തിക ഞെരുക്കം കാരണം മന്ദഗതിയിലായപ്പോൾ, വീടുവിറ്റ് കിട്ടിയ തുകയിൽ ഒരു ഭാഗം അതിലേക്കായി സതീശൻ ചെലവാക്കി.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡിസിസി ഓഫിസുകളിലൊന്നായ 'കോൺഗ്രസ് ഭവൻ' പൂർത്തിയാക്കാൻ പാച്ചേനി നടത്തിയ ആത്മാർഥ ശ്രമം അന്ന് ഏറെ ചർച്ചയായി. ഓഫിസ് നിർമ്മാണം പൂർത്തിയാക്കി, ഡിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയുന്ന ഘട്ടത്തിൽ കോൺഗ്രസ് നേതൃത്വം ഈ തുക സതീശന് തിരികെ നൽകി. ഈ പണമാണ് അമ്മാനപ്പാറയിൽ ഭൂമി വാങ്ങാൻ അദ്ദേഹം വിനിയോഗിച്ചത്. സതീശൻ പാച്ചേനി 2022 ഒക്ടോബർ 27ന് ആണ് അന്തരിച്ചത്.

വാടകവീട്ടിലാണ് സതീശൻ പാച്ചേനിയും കുടുംബവും താമസിച്ചിരുന്നത്. പാച്ചേനിയുടെ കുടുംബത്തിനു വീടുവച്ചു നൽകുമെന്നു പയ്യാമ്പലത്തു ചേർന്ന സർവകക്ഷി അനുശോചന യോഗത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനാണു പ്രഖ്യാപിച്ചത്. കണ്ണൂരിലെ കോൺഗ്രസുകാർക്ക് മാത്രമായിരുന്നില്ല അദ്ദേഹത്തോട് ഇഷ്ടം. കേരളത്തിലെ കോൺഗ്രസുകാർ എത്രത്തോളം പാച്ചേനിയെ സ്‌നേഹിച്ചോ, അത്രതന്നെ സ്‌നേഹമായിരുന്നു പൊതു ജനങ്ങൾക്കും. രാഷ്ട്രീയ എതിരാളികളുടെ കാര്യവും മറിച്ചായിരുന്നില്ല. അത്രമേൽ സൗമ്യതയും, അഴിമതിയുടെ ഒരുതുള്ളി കറപോലും വീഴാത്ത രാഷ്ട്രീയ ജീവിതവുമായിരുന്നു പാച്ചേനിയുടേത്.

അവസാനകാലത്ത് ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്തായിരുന്നു അദ്ദേഹം ജീവിതചെലവ് കണ്ടെത്തിയത് എന്നതും മറ്റൊരു സത്യം. പാച്ചേനിയെ നേരിട്ടറിയാത്തവർക്ക് പോലും, അദ്ദേഹത്തിന്റെ മരണശേഷം ഇക്കാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞുപോയിട്ടുണ്ടാകും. അകാലത്തിൽ പ്രിയ നേതാവ് പൊലിഞ്ഞുപോയപ്പോൾ, അദ്ദേഹത്തിന്റെ വലിയ സ്വപ്നമായ 'വീട്' പാർട്ടി ഏറ്റെടുക്കുകയായിരുന്നു. കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ തന്നെയാണ് അന്ന് 'സ്വപ്നം പോലൊരു വീട് സതീശന് വച്ച് നൽകുമെന്ന് പ്രഖ്യാപിച്ചത്.

സുധാകരനൊപ്പം കേരളത്തിലെ കോൺഗ്രസ് നേതാക്കളും പാർട്ടി പ്രവർത്തകരും നാടൊന്നാകെയും കൈ പിടിച്ചപ്പോൾ ആ സ്വപ്നം യാഥാർത്ഥ്യമാകുകയാണ്. പക്ഷേ സ്വപ്നം കണ്ട വീട്ടിലേക്ക് കയറാൻ പാച്ചേനി മാത്രമില്ലെന്നത് ഏവരെയും ഇപ്പോഴും നൊമ്പരപ്പെടുത്തുകയാകും. രണ്ട് മക്കളാണ് സതീശൻ പാച്ചേനിക്ക്. കോൺഗ്രസ് പ്രവർത്തകർക്കൊപ്പം കെ.എസ്.എസ്‌പി.എ ഉൾപ്പെടെ സർവീസ് സംഘടനകളും പ്രവാസികളുമൊക്കെ സാമ്പത്തികമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ഉദ്യമത്തിന് കൈത്താങ്ങ് പകർന്നു.

വീട് നിർമ്മാണത്തിനായി സതീശൻ പാച്ചേനി വിലയ്ക്കെടുത്തിരുന്ന സ്ഥലത്താണ് 85 ലക്ഷം രൂപയിലധികം ചെലവിൽ വീടിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്, വി.എ.നാരായണൻ, മുൻ മേയർ അഡ്വ. ടി.ഒ. മോഹനൻ, കെ.പ്രമോദ്, ചന്ദ്രൻ തില്ലങ്കേരി, കെ.സി. മുഹമ്മദ് ഫൈസൽ, രാജീവൻ എളയാവൂർ, ഇ.ടി. രാജീവൻ, കെ. സജീവൻ എന്നിവരടങ്ങിയ കമ്മിറ്റി തുടർപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. കരാറുകാരൻ കൂടിയായ ഡിസിസി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു. ഇതേ വീടിന് തൊട്ടടുത്ത് സതീശൻ പാച്ചേനിയുടെ ഭാര്യ റീനയുടെ സഹോദരിക്ക് വേണ്ടി നിർമ്മിച്ച വീടിന്റെ നിർമ്മാണവും ഏതാണ്ട് പൂർത്തിയായിട്ടുണ്ട്.