ഷിരൂര്‍: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരുന്നുണ്ട്. ഇന്നത്തെ തിരച്ചിലില്‍ നിര്‍ണായകമാകുക ലോറിയുടെ കാബിനില്‍ അര്‍ജുന്‍ ഉണ്ടോ എന്നതാണ്. വിശ്രമം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണോ ദുരന്തം ഉണ്ടായത് എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ദൗത്യം കൂടുതല്‍ ദുഷ്‌ക്കരമായി മാറുമെന്ന് ഉറപ്പാണ്.

ഷിരൂരില്‍ 35 വര്‍ഷമായി കട നടത്തുന്ന ലക്ഷ്മണയുടെ ധാബയില്‍നിന്നു ചായകുടിക്കാനാകണം അര്‍ജുന്‍ ലോറി നിര്‍ത്തിയതെന്നാണ് കരുതുന്നത്. 3 വര്‍ഷമായി ഈ റൂട്ടിലെ പതിവു യാത്രക്കാരനാണ് അര്‍ജുന്‍. മലയാളികളടക്കം ലോറിക്കാര്‍ സ്ഥിരമായി ഇവിടെ നിര്‍ത്തും. രാവിലെ 8.15ന് അര്‍ജുന്‍ ഇവിടെ എത്തിയെന്നാണു കരുതുന്നത്. ലക്ഷ്മണ(45), ഭാര്യ ശാന്തി(35), മക്കള്‍ അവന്തിക(4), റോഷണ്ണ(11), ലക്ഷ്മണയുടെ സഹോദരീ ഭര്‍ത്താവ് ജഗന്നാഥ (50) എന്നിവരുടെ മൃതദേഹം 2 ദിവസം കഴിഞ്ഞു പുഴയില്‍ നിന്നാണു കിട്ടിയത്. ചായ കുടിക്കാന്‍ വേണ്ടി വണ്ടിയുടെ കാബിനില്‍ നിന്നും ഇറങ്ങുമ്പോഴാണ് അപകടമെങ്കില്‍ അര്‍ജുന്റെ മൃതദേഹം കണ്ടെത്തുകക വലിയ ദുഷ്‌ക്കര ദൗത്യമായി മാറും.

രാത്രി 8നു തുറന്നു പിറ്റേന്നു രാവിലെ 8ന് കട അടയ്ക്കുന്നതാണു ലക്ഷ്മണയുടെ പതിവ്. ഈ സമയത്ത് എത്തുന്ന ഡ്രൈവര്‍മാര്‍ ചായയും ബ്രഡ് ഓംലറ്റും ദോശയും കഴിച്ചു മടങ്ങും. ഷിരൂര്‍ കുന്നില്‍നിന്നുള്ള അരുവിയില്‍ കുളിയും കഴിഞ്ഞാകും പിന്നീടുള്ള യാത്ര. ധാബയ്ക്കു മുന്നില്‍ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് ഒരേ സമയം 12 ലോറികള്‍ വരെ പാര്‍ക്ക് ചെയ്യാറുണ്ട്.

അര്‍ജുന് വേണ്ടിയുള്ള തിരിച്ചലില്‍ ഇന്നലെ പകല്‍ തെര്‍മല്‍ ഇമേജിങ് പരിശോധനയില്‍ പുഴയ്ക്കടിയിലെ ലോറിക്കകത്ത് മനുഷ്യശരീരത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. ലോറിയുടെ ഡ്രൈവിങ് കാബിന്‍ തകര്‍ന്നിട്ടില്ലെന്ന് ഇന്നലെ ഡ്രോണ്‍ പരിശോധനയില്‍ വ്യക്തമായി. കാബിനും പിന്‍വശവും വേര്‍പെട്ട നിലയിലാണെങ്കില്‍ പുതിയൊരു സിഗ്‌നല്‍ കൂടി കിട്ടണം. ഇന്നലെ അത്തരത്തില്‍ സിഗ്‌നല്‍ ലഭിച്ചിട്ടില്ല. സാധാരണഗതിയില്‍ കാബിന്‍ തകരാനുള്ള സാധ്യത വിരളമാണെന്ന് ലോറി നിര്‍മാതാക്കളും അറിയിച്ചു.

അപകടം സംഭവിച്ചപ്പോള്‍ കാബിന്‍ ലോക്കാകുന്ന സിസ്റ്റം പ്രവര്‍ത്തിച്ചിട്ടുണ്ടാകാം. അര്‍ജുന്‍ വാഹനത്തിനകത്തായിരുന്നെങ്കില്‍ കാബിനില്‍ കുടുങ്ങിക്കിടപ്പുണ്ടാകണം. ജിപിഎസ് വിവരങ്ങള്‍ പ്രകാരം, അപകട സമയത്ത് ലോറിയുടെ എന്‍ജിന്‍ ഓണാണ്. ഇതാണ് അര്‍ജുന്‍ ലോറിക്കകത്ത് ഉണ്ടെന്നു കരുതാനുള്ള സാധ്യത.

അതേസമയം, ലോറി ഓഫാക്കാതെ പുറത്തിറങ്ങാനുള്ള സാധ്യതയുമുണ്ട്. അര്‍ജുന്‍ ലോറി നിര്‍ത്തി ചായക്കടയിലേക്കു പോയപ്പോള്‍ മണ്ണിടിച്ചിലിനൊപ്പം പുഴയിലേക്കു വീണതാകാനും സാധ്യതയുണ്ടെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ അര്‍ജുന്‍ പുഴയില്‍ ഒലിച്ചു പോയിരിക്കാം എന്നുമാണ് നിഗമനം.

കേരളത്തില്‍ നിന്നു വന്നവര്‍ പറഞ്ഞിട്ടാണ് തങ്ങള്‍ കുന്നിലും റോഡിലും 6 ദിവസം തിരഞ്ഞതെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍. അര്‍ജുന്‍ ഞങ്ങള്‍ക്ക് സഹോദരനെപ്പോലെയാണ്. അര്‍ജുനു പുറമേ കാണാതായ 2 പേര്‍ക്കു വേണ്ടിക്കൂടിയാണ് തിരച്ചില്‍. കേരളവും കര്‍ണാടകയും ഒന്നിച്ചാണ് പരിശ്രമിക്കുന്നത്. ലോറിയില്‍ 6 ദിവസംവരെ ജീവന്‍ നിലനില്‍ക്കുമെന്നും ലോറിയുടെ ജിപിഎസ് റോഡിലാണ് കാണിക്കുന്നതെന്നും കേരളത്തില്‍നിന്ന് എത്തിയവര്‍ പറഞ്ഞു. ഇതോടെയാണ് പുഴയില്‍ കേന്ദ്രീകരിക്കാതെ റോഡില്‍ തിരഞ്ഞത്.

അധികൃതരോട് ആദ്യം അതൃപ്തി ഉണ്ടായെങ്കിലും ഇപ്പോള്‍ തിരച്ചില്‍ ശരിയായ ദിശയിലാണെന്ന് അര്‍ജുന്റെ ഭാര്യാസഹോദരന്‍ ജിതിന്‍ പറഞ്ഞു. അര്‍ജുന്റെ ലോറി റോഡിലുണ്ടോ എന്ന സംശയമാണ് പങ്കുവച്ചത്. പ്രാഥമിക തിരച്ചിലില്‍ ലോറി പുഴയില്‍ ഇല്ലെന്നാണ് നേവി, എന്‍ഡിആര്‍എഫ് സംഘങ്ങളും പറഞ്ഞത്. ജിതിന്‍ പറഞ്ഞു.

അതിനിടെ ദുരന്തത്തില്‍ കണ്ടെത്തിയ ഒരു മൃതദേഹം ടാങ്കര്‍ ലോറി ഡ്രൈവര്‍, നാമക്കല്‍ സ്വദേശി ശരവണയുടേതാണെന്നു തിരിച്ചറിഞ്ഞു. ലോറി നിര്‍ത്തി ചായക്കടയിലേക്കു പോയതാണ് ശരവണ. ആദ്യ ദിവസങ്ങളില്‍ ലഭിച്ച 7 മൃതദേഹങ്ങളില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞിരുന്നില്ല. ദുരന്തദിവസം രാവിലെ 7.45ന് ആണ് ശരവണ അവസാനമായി വീട്ടിലേക്കു വിളിച്ചത്.