പത്തനംതിട്ട: ജനറൽ ആശുപത്രി ഭരണം സംബന്ധിച്ച് തൽസ്ഥിതി നിലനിർത്താൻ ഹൈക്കോടതിയുടെ ഉത്തരവ്. നഗരസഭയിൽ നിന്ന് ആശുപത്രി ഭരണച്ചുമതല ജില്ലാ പഞ്ചായത്തിന് കൈമാറിക്കൊണ്ടുള്ള സർക്കാരിന്റെ ഉത്തരവിനെതിരേ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ജെറി അലക്സ് നൽകിയ ഹർജി പരിഗണിച്ചു കൊണ്ട് ജസ്റ്റിസ് മുരളി പുരുഷോത്തമന്റേതാണ് ഉത്തരവ്. കേസ് വീണ്ടും പരിഗണിക്കുന്നതിനായി മാർച്ച് ഏഴിലേക്ക് മാറ്റി. അതുവരെ തൽസ്ഥിതി തുടരാനാണ് ഉത്തരവ്.

തൽസ്ഥിതി എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ഇന്നത്തെ അവസ്ഥയാണെന്നാണ് ജില്ലാ പഞ്ചായത്തിൽ നിന്നുള്ള വിശദീകരണം. എന്നാൽ, ഭരണ കൈമാറ്റം ഇതുവരെ പൂർണമായിട്ടില്ലെന്ന് ജില്ലാ പഞ്ചായത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചുവെന്നും അങ്ങനെയെങ്കിൽ തൽസ്ഥിതി തുടരാൻ കോടതി ഉത്തരവ് പുറപ്പെടുവിച്ചുവെന്നുമാണ് ഹർജിക്കാരൻ പറയുന്നത്. ഭരണ ചുമതല ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കാത്ത സ്ഥിതിക്ക് തൽസ്ഥിതി എന്നാൽ നഗരസഭയ്ക്കാണ് ചുമതല എന്നാണെന്നും ഇവർ പറയുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി നഗരസഭയിലെ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ജെറി അലക്സ് ആശ്ര്രുപതി സൂപ്രണ്ടിന് കത്തു നൽകി. കോടതി വിധിപ്പകർപ്പ് ലഭിച്ചതിന് ശേഷമേ കാര്യങ്ങളിൽ വ്യക്തത വരികയുള്ളൂവെന്ന് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു. കോടതി ഉത്തരവ് ആരോഗ്യമന്ത്രി വീണാ ജോർജിന് തിരിച്ചടിയാണെന്നാണ് പറയുന്നത്.

മന്ത്രിയും നഗരസഭാ ചെയർമാനുമായുള്ള ശീതസമരത്തെ തുടർന്നാണ് ജനറൽ ആശുപത്രിയുടെ ഭരണം ജില്ലാ പഞ്ചായത്തിന് കൈമാറിക്കൊണ്ട് ജനുവരി 30 ന് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്. ചട്ടം മറി കടന്നു കൊണ്ടാണ് ആശുപത്രി ഏറ്റെടുക്കുന്നതെന്നും ഈ നടപടി പിൻവലിക്കണമെന്നും സിപിഎം നേതൃത്വം നൽകുന്ന എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ആവശ്യപ്പെട്ടു. ഭരണ മാറ്റത്തിനെതിരേ സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്തു നൽകാനും തീരുമാനിച്ചിരുന്നു. കേരളാ കോൺഗ്രസ് (എം) പ്രതിനിധി കൂടിയായ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ജെറി അലക്സാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇന്ന് ഹർജി പരിഗണിച്ച കോടതി ആശുപത്രി ഭരണം ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തോയെന്ന് ആരാഞ്ഞു. ജില്ലാ പഞ്ചായത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ ആശുപത്രി ഏറ്റെടുത്തിട്ടില്ലെന്നും ആലോചന നടക്കുന്നതേയുള്ളൂവെന്നും പറഞ്ഞു. ഫണ്ടൊന്നും തന്നെ മുടക്കിയിട്ടില്ലെന്നും അറിയിച്ചു. ഇതോടെയാണ് തൽക്കാലം തൽസ്ഥിതി തുടരാൻ ഉത്തരവിട്ടത്.

കോടതി ഉത്തരവ് വന്നതിന് പിന്നാലെ ഇക്കാര്യം ചൂണ്ടിക്കാട്ടി ജെറി അലക്സ് ആശുപത്രി സൂപ്രണ്ടിന് കത്തു നൽകി. എന്നാൽ, തൽസ്ഥിതി എന്നുദ്ദേശിക്കുന്നത് എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് സൂപ്രണ്ട് പറഞ്ഞു. അതേ സമയം,ആശുപത്രിയിലെ പുതിയ കെട്ടിടങ്ങളുടെ നിർമ്മാണ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിച്ചു.

ഹൈക്കോടതിയെ സമീപിച്ചത് ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനാണെങ്കിലും ഇത് മന്ത്രിയോടുള്ള ചെയർമാന്റെ യുദ്ധപ്രഖ്യാപനമായി വേണം കാണാൻ. സിപിഎമ്മുകാരനായ ചെയർമാൻ സ്വന്തം പാർട്ടിക്കാരിയായ മന്ത്രിയോട് നേരിട്ട് ഏറ്റുമുട്ടുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് കേരളാ കോൺഗ്രസ് എമ്മുകാരനായ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മുഖേനെ കോടതിയെ സമീപിച്ചിരിക്കുന്നത്. വരും ദിനങ്ങളിൽ ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമാകാനാകും ഇത് ഉപകരിക്കുക.