പത്തനംതിട്ട: പത്രസമ്മേളനത്തിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വരാൻ വൈകിയതിനെ തുടർന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അസഭ്യം പറയുന്നത് ചാനൽ കാമറകളിലുടെ ലോകം മുഴുവൻ കണ്ടു. അശ്ലീല പരാമർശത്തിന് സതീശന് അതൃപ്തി ഉണ്ടെങ്കിലും നാട്ടാർക്ക് മുന്നിൽ ഇരുവരും ഭായി ഭായി കളിച്ചു നിൽക്കുകയാണ്. രണ്ടു പേരും ചേർന്ന് നയിക്കുന്ന സമരാഗ്‌നി ആലപ്പുഴ ജില്ലയിൽ നിന്ന് ഇന്ന് വൈകിട്ട് പത്തനംതിട്ടയിലേക്ക് എത്തിയിരിക്കുകയാണ്. വൈകിട്ട് ജില്ലാ അതിർത്തിയായ ഇടിഞ്ഞില്ലത്ത് സ്വീകരണം. അതിന് ശേഷം പൊതുസമ്മേളനം നടക്കുന്നത് പത്തനംതിട്ടയിലാണ്. ഇതിനായി ഘോഷയാത്രയും ബാൻഡ് മേളവും നിശ്ചലദൃശ്യവുമൊക്കെ ഡിസിസി നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. ആലുക്കാസ് ജൂവലറിക്ക് മുന്നിൽ നിന്നും സ്വീകരണ സ്ഥലമായ അബാൻ ജങ്ഷനിലേക്കാണ് സ്വീകരിച്ച് ആനയിക്കുന്നത്.

എന്നാൽ, ഈ സ്വീകരണത്തെയെല്ലാം കടത്തി വെട്ടുന്നതാണ് എസ്എഫ്ഐയുടെ പേരിൽ സെൻട്രൽ ജങ്ഷനിൽ ഗാന്ധിപ്രതിമക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന ബോർഡ്. മൈ ഡിയർ സതീശന് പത്തനംതിട്ടയിലേക്ക് സ്വാഗതം എന്ന് മാത്രമാണ് ബോർഡിലുള്ളത്്. അശ്ലീലവാക്കുകളുടെ സിംബലും ചേർത്തിട്ടുണ്ട്. എസ്എഫ്ഐയുടെ പ്രതികരണം വളരെപ്പെട്ടെന്നായിരുന്നു. ബോർഡ് കണ്ട് ചിരിച്ചു മറിയുകയാണ് വഴിയാത്രക്കാർ. ആലപ്പുഴയിൽ സുധാകരൻ സതീശനെ അസഭ്യം വിളിച്ച് മണിക്കൂർ ഒന്ന് തികയുന്നതിന് മുൻപ് പത്തനംതിട്ടയിൽ എസ്എഫ്ഐയുടെ സതീശനെ സ്വാഗതം ചെയ്തുള്ള ബോർഡ് പ്രത്യക്ഷപ്പെട്ടു. ഇതിന് മുന്നിൽ ഡിസിസിയുടെ സ്വീകരണമൊക്കെ നിഷ്പ്രഭമായി പോയി എന്നാണ് നാട്ടുകാർ പറയുന്നത്. സതീശനെ സ്വീകരിച്ചു കൊണ്ടു പോകുന്ന വഴിക്കാണ് ബോർഡ് വച്ചിരിക്കുന്നത് എന്നുള്ളതും ശ്രദ്ധേയമാണ്.

ആലപ്പുഴയിൽ, സമരാഗ്നിയോടനുബന്ധിച്ച് രാവിലെ പ്രതിപക്ഷ നേതാവ് വി ഡി വാർത്താ സമ്മേളനത്തിന് വൈകി എത്തിയതിലുള്ള നീരസം പരസ്യമാക്കി കെ സുധാകരൻ രംഗത്തു വന്നതോടെയാണ് വിവാദമായത്. മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്തിയിട്ട് പ്രതിപക്ഷ നേതാവ് എവിടെ പോയെന്ന് കെ. സുധാകരൻ ചോദിച്ചു. തുടർന്ന് പ്രസിഡന്റ് എന്തെങ്കിലും കൂടുതൽ സംസാരിക്കുന്നത് ഒപ്പമുണ്ടായിരുന്ന നേതാക്കൾ തടയുകയായിരുന്നു. 20 മുനിട്ട് സുധാകരൻ വി ഡി സതീശന് വേണ്ടി കാത്തിരുന്നിരുന്നു.

വാർത്താ സമ്മേളനത്തിന് എത്താൻ സതീശൻ വൈകിയപ്പോൾ ബാബു പ്രസാദ് ഫോണിൽ വിളിച്ച് പ്രസിഡന്റ് കാത്തിരിക്കുന്ന വിവരവും അറിയിച്ചിരുന്നു. എന്നിട്ടും പ്രതിപക്ഷ നേതാവ് വൈകിയതോടെയാണ് സുധാകരൻ നീരസം പ്രകടമാക്കിയത്. പത്രക്കാരെ പറഞ്ഞിട്ട് ഇതെന്ത് മോശമാണെന്ന് സുധാകരൻ ചോദിച്ചു.

ചെസ് ടൂർണമെന്റ് നടക്കുന്നിടത്ത് പോയതാണെന്ന് പറഞ്ഞപ്പോൾ 'ഇയാളിത് എന്ത് **** പരിപാടിയാണ് കാണിക്കുന്നത് എന്നാണ് സുധാകരൻ ചോദിച്ചത്. ആ സമയം അടുത്തുണ്ടായിരുന്ന ഷാനിമോൾ ഉസ്മാൻ മൈക്ക് ഓൺ ആണ്.. മറ്റുള്ളവർ ഉണ്ട് എന്നെല്ലാം ഇരുവരോടും പറയുന്നുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. തുടർന്ന് സതീശൻ എത്തുമ്പോഴും മൈക്ക് ഓണാണ് എന്ന് നേതാക്കൾ പറയുന്നുണ്ട്.

ജ്യേഷ്ഠാനുജ ബന്ധമെന്ന് വി ഡി സതീശൻ

കെ സുധാകരൻ ചൂടായ സംഭവത്തിൽ വി ഡി സതീശൻ പിന്നീട് പ്രതികരിച്ചു. മാധ്യമങ്ങൾ വേണ്ടിയാണ് കെ സുധാകരൻ സംസാരിച്ചത്. കാത്തിരുന്ന് കാണാതിരുന്നാൽ ആർക്കും അസ്വസ്ഥത ഉണ്ടാകുമെന്ന് സതീശൻ പറഞ്ഞു. ജ്യേഷ്ഠാനുജ ബന്ധമാണ് കെ സുധാകരനും താനും തമ്മിലുള്ളതെന്ന് പറഞ്ഞ സതീശൻ, ഇപ്പോഴത്തെ സംഭവം വലിയ വാർത്തയാക്കാനുള്ള ഒന്നും ഉണ്ടായില്ലെന്നും കൂട്ടിച്ചേർത്തു.

സഹോദരങ്ങളെ പോലെയെന്ന് സുധാകരനും

സമയത്തെത്താതിരുന്നതിലൂടെ സതീശൻ മാധ്യമങ്ങളോടെ മര്യാദ കാണിച്ചില്ലെന്ന് തോന്നി. അക്കാര്യമേ പറഞ്ഞിട്ടുള്ളൂവെന്നാണ് സുധാകരന്റെ വിശദീകരണം.

'ഞങ്ങൾ തമ്മിൽ ഒരു അഭിപ്രായ ഭിന്നതയും ഇല്ല. സതീശനും ഞാനും ജേഷ്ഠാനുജന്മാരെ പോലെയാണ്. മാധ്യമങ്ങളാണ് വിവാദം ഉണ്ടാക്കിയതെന്നും ഇങ്ങനെ ഒരു പ്രചരണം കൊടുത്തത് ശരിയായില്ലെന്നും സുധാകരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിവാദമായതോടെ സതീശനും സുധാകരനും സംയുക്ത വാർത്താസമ്മേളനം നടത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും വി ഡി സതീശൻ സുധാകരനൊപ്പം മാധ്യമങ്ങളെ കാണാൻ തയ്യാറായില്ല.

നേരത്തെ, പുതുപ്പള്ളി തെരഞ്ഞെടുപ്പ് സമയത്തെ മൈക്ക് വിവാദം ഓർമ്മിപ്പിക്കുന്ന തരത്തിലായിരുന്നു വീണ്ടും ഇരുവരും തമ്മിലുള്ള അസ്വാരസ്യം പുറത്തായത്. സമരാഗ്നിയുമായി ബന്ധപ്പെട്ടുള്ളതായിരുന്നു വാർത്താ സമ്മേളനം. 10 മണിക്ക് നിശ്ചയിച്ച വാർത്താ സമ്മേളനത്തിന് 10.30ഓടെയാണ് സുധാകരൻ എത്തിയത്.

ഇത് ആദ്യമായല്ല സുധാകരൻ സതീശനോടുള്ള എതിർപ്പ് പ്രകടിപ്പിക്കുന്നത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം നടന്ന വാർത്താസമ്മേളനത്തിലും ഇരുവരും കോർത്തിരുന്നു. രണ്ടാമത് സംസാരിച്ചാൽ പ്രാധാന്യം കുറയുമോ എന്ന ചിന്തയിൽ മൈക്കിന് വേണ്ടിയായിരുന്നു ഇരുവരും തർക്കിച്ചത്.