കൊച്ചി: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി കെ.എസ്.യു പ്രവർത്തകയായ വിദ്യാർത്ഥിനിയെ എസ്.എഫ്.ഐ പ്രവർത്തകർ തട്ടിക്കൊണ്ട് പോയതായി പരാതി. എറണാകുളം പൂത്തോട്ട ശ്രീ നാരായണ ലോ കോളേജിലെ നിയമ വിദ്യാർത്ഥിനിയും കെ.എസ്.യു പ്രവർത്തകയുമായ പ്രവീണയെയാണ് എസ്.എഫ്.ഐ പ്രവർത്തകർ തട്ടിക്കൊണ്ടു പോയതായി ആരോപണം ഉയർന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് പ്രവീണ ഉദയംപേരൂർ പൊലീസിൽ പരാതി നൽകി.

കഴിഞ്ഞ ദിവസമാണ് സംഭവം. എം.ജി യൂണിവേഴ്സിറ്റിയിലെ യൂണിയൻ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോളേജിൽ ക്ലാസ്സ് റെപ്രസന്റേറ്റീവായി പ്രവീണ മൂന്ന് വോട്ടുകൾക്ക് വിജയിച്ചിരുന്നു. തുടർന്ന് യൂണിയൻ ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് പ്രവീണയെ എസ്.എഫ്.ഐ പ്രവർത്തകർ തട്ടിക്കൊണ്ടു പോയതായി പറയുന്നത്. രണ്ട് വിഭാഗമായിട്ടാണ് കോളേജിൽ തിരഞ്ഞെടുപ്പ് നടന്നത്. കെ.എസ്.യു-9, എസ്.എഫ്.ഐ-9 എന്നിങ്ങനെയായിരുന്നു വിജയം. അതിനാൽ നറുക്കെടുപ്പിലൂടെയാണ് യൂണിയൻ ചെയർമാനെ തിരഞ്ഞെടുക്കേണ്ടിയിരുന്നത്. ഈ സാഹചര്യത്തിൽ കെ.എസ്.യു പ്രതിനിധിയായ പ്രവീണയെ തിരഞ്ഞെടുപ്പിൽ നിന്നും മാറ്റി നിർത്തിയാൽ എസ്.എഫ്.ഐയ്ക്ക് യൂണിയൻ ചെയർമാനെ കിട്ടും. അതിനായിട്ടാണ് പ്രവീണയെ എസ്.എഫ്.ഐക്കാർ തട്ടിക്കൊണ്ടു പോയത്.

തട്ടിക്കൊണ്ടു പോകാനായി ഇവർ പ്രവീണയുടെ കൂട്ടുകാരിയെ കൂട്ടു പിടിച്ച് ഒരു തിരക്കഥയുണ്ടാക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തൊട്ടടുത്തെ കോളേജിലെ രാജേശ്വരി എന്ന കൂട്ടുകാരി പ്രവീണയോട് തനിക്ക് സുഖമില്ലെന്നും ആശുപത്രി വരെ പോകാനായി കൂട്ടുവരണമെന്നും ആവശ്യപ്പെട്ടു. യൂണിയൻ തിരഞ്ഞെടുപ്പായതിനാൽ വരാൻ കഴിയില്ലെന്ന് പ്രവീണ ആദ്യം പറഞ്ഞെങ്കിലും രാജേശ്വരിയുടെ നിർബന്ധത്തിന് വഴങ്ങുകയായിരുന്നു. രാജേശ്വരി ഒരു കാറിൽ കോളേജിന് മുന്നിലെത്തുകയും പ്രവീണയെ കയറ്റി പോകുകയും ചെയ്തു. എന്നാൽ ആശുപത്രിയിൽ പോകാതെ കാറുമായി പല വഴികളിലൂടെ കറങ്ങുകയായിരുന്നു. ഇതോടെയാണ് തന്നെ കോളേജിലെ തിരഞ്ഞെടുപ്പിൽ നിന്നും മാറ്റി നിർത്താൻ ഇവർ ഒരുക്കിയ കെണിയായിരുന്നു എന്ന് പ്രവീണയ്ക്ക് മനസ്സിലായത്. പ്രവീണ തിരഞ്ഞെടുപ്പ് സമയം കോളേജിൽ ഇല്ലാതിരുന്നതിനാൽ യൂണിയൻ ചെയർമാൻ സ്ഥാനം എസ്.എഫ്.ഐയ്ക്ക് കിട്ടുകയും ചെയ്തു. ഇതോടെ പ്രവീണ ഉദയം പേരൂർ പൊലീസ് സ്റ്റേഷനിലും ഇലക്ഷൻ റിട്ടേണിങ് ഓഫീസർക്കും പരാതി നൽകുകയായിരുന്നു.

 എസ്.എഫ്.ഐയുടെ നെറികേടിനെതിരെ നാളെ മുതൽ കോളേജിന് മുന്നിൽ അനിശ്ചിത കാല സമരം തുടങ്ങാനുള്ള തീരുമാനത്തിലാണ് കെ.എസ്.യു