തൃശൂർ: തൃശൂർ എടുക്കാനുള്ള തയ്യാറെടുപ്പിലാണ് സുരേഷ് ഗോപി. അരയും തലയും മുറുക്കി ജയം ഉറപ്പിക്കാൻ ടി എൻ പ്രതാപൻ. ഇടതുപക്ഷത്ത് വി എസ് സുനിൽകുമാറാണ്. അതുകൊണ്ട് തന്നെ പ്രവചനാതീത പോരാട്ടം. മകളുടെ കല്യാണ തിരക്കുകൾ കഴിഞ്ഞാൽ തൃശൂരിൽ സുരേഷ് ഗോപിയും നിറയും. പ്രധാനമന്ത്രി മോദി ഉയർത്തിയ തരംഗം സുരേഷ് ഗോപിക്ക് ആവേശമാണ്. ഇതിനിടെ ലൂർദ്ദ് മാതാവിന് സുരേഷ് ഗോപി സമർപ്പിച്ച കിരീടം തറയിൽ വീണത് വലിയ ചർച്ചയാക്കി മാറ്റുന്നവരുണ്ട്. സുരേഷ് ഗോപിയുടെ തോൽവിക്ക് മുന്നോടിയായുള്ള അപശകുനകേടായി സൈബർ സഖാക്കളും പ്രതാപൻ അനുകൂലികളും ചർച്ച ഉയർത്തുന്നു. ഇതിനിടെ രസകരമായ കുറിപ്പുമായി എത്തുകയാണ് സുരേഷ് ഗോപിയെ സൂപ്പർതാരമാക്കിയ സംവിധായകൻ. ഷാജി കൈലാസിന്റെ കുറിപ്പിൽ നിറയുന്നത് ആത്മവിശ്വാസം മാത്രമാണ്.

സുരേഷ് ഗോപിയുടെ കരിയർ മാറ്റിമറിച്ചത് ഏകലവന്യനാണ്. പിന്നീട് സുപ്പർതാര പദവിയിൽ എത്തി. തലസ്ഥാനത്തിലാണ് ഷാജി കൈലാസ്-സുരേഷ് ഗോപി കൂട്ടുകെട്ടിലെ വമ്പൻ വിജയ ചിത്രങ്ങളുടെ പട്ടിക തുടങ്ങുന്നത്. ഏകലവ്യൻ എല്ലാം മാറ്റിമറിച്ചു. മാഫിയയും കമ്മീഷണറും സുരേഷ് ഗോപിയെ ക്ഷുഭിത വ്യക്തിത്വത്തിന്റെ വിജയ മന്ത്രമാക്കി. ഭാവിയിലും അത് തുടരുമെന്നാണ് ഷാജി കൈലാസ് തന്റെ കഴിഞ്ഞ ദിവസത്തെ കുറിപ്പിൽ നൽകുന്ന പ്രതീക്ഷ.വീണുപോയ ക്യാമറയും മഹാവിജയത്തിന്റെ ഫലപ്രാപ്തിയുമെന്നാണ് കുറിപ്പിന്റെ തലക്കെട്ട്. തൃശൂരിലെ തിരിഞ്ഞെടുപ്പ് ചർച്ചകൾക്കിടെയാണ് ഈ കുറിപ്പ് എത്തുന്നതെന്നാണ് ശ്രദ്ധേയം.

നേരത്തെ സുരേഷ് ഗോപിക്ക് അഹങ്കാരമെന്ന തരത്തിൽ ഷാജി കൈലാസ് പറഞ്ഞതായുള്ള വ്യാജ ചിത്രം സൈബർ സഖാക്കൾ പ്രചരിപ്പിച്ചിരുന്നു. അന്ന് തന്നെ ആ കുറിപ്പും പ്രചരണവുമായി തനിക്ക് ബന്ധമില്ലെന്ന് പറഞ്ഞ സിനിമാക്കാരനാണ് ഷാജി കൈലാസ്. അതോടെ തൃശൂരിൽ സുരേഷ് ഗോപിയെ താറടിക്കാനുള്ള ആ നീക്കം പൊളിഞ്ഞു. പ്രചരണത്തിലേക്ക് സുരേഷ് ഗോപി ഇറങ്ങുമ്പോൾ ഷാജി കൈലാസ് പുതിയ കുറിപ്പിലൂടെ നിലപാട് പറയാതെ പറയുക കൂടിയാണ്. ഒരു കലാകാരന്റെയും രാഷ്ട്രീയക്കാരന്റെയും തിരക്കുകളിൽ നിന്ന് അച്ഛന്റെ സ്‌നേഹവാത്സല്യങ്ങൾ നിറഞ്ഞ ഉത്തരവാദിത്വങ്ങളിലേക്കുള്ള സുരേഷ് ഗോപിയുടെ ഈ ഹൃദയസഞ്ചാരം ഒരു പഴയ ഓർമ്മയിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപ്പോയി എന്ന ഷാജി കൈലാസിന്റെ വാക്കുകളിലുണ്ട് ആ സൗഹൃദത്തിന്റെ ആഴം.

ഐശ്വര്യക്കേടിന്റെയും ദുർനിമിത്തത്തിന്റെയും വ്യാഖ്യാനങ്ങൾ കൊണ്ട് വേണമെങ്കിൽ വഷളാകുമായിരുന്ന ആ സംഭവം അങ്ങനെ ശാന്തമായി അവസാനിച്ചു. ഏകലവ്യൻ പൂർത്തിയായി. സുരേഷ് ഗോപി സൂപ്പർതാരമായി. മൂന്ന് തവണയാണ് ഏകലവ്യന്റെ വിജയാഘോഷം നടത്തിയത്. നൂറും നൂറ്റമ്പതും ഇരുന്നൂറ്റമ്പതും ദിനങ്ങൾ പൂർത്തിയായപ്പോൾ സുരേഷ് ഗോപിയോട് ആദ്യ ദിവസത്തെ ക്യാമറ വീഴ്ച ഞാൻ ഓർമ്മിപ്പിച്ചു. സുരേഷ് ഗോപി ഹൃദ്യമായി ചിരിച്ചു. ഗുരുവായൂരപ്പനും ലൂർദ്ദ് മാതാവും പരമ കാരുണ്യവാനായ പടച്ചവനുമടക്കം എല്ലാ ഈശ്വരസങ്കല്പങ്ങളും സുരേഷ് ഗോപിയെ അനുഗ്രഹിക്കട്ടെ. ഭാഗ്യക്ക് നല്ലൊരു വിവാഹ ജീവിതം ഉണ്ടാകട്ടെ. എല്ലാ മലയാളികൾക്കും നന്മയുണ്ടാവട്ടെ-ഇതാണ് ഷാജി കൈലാസിന്റെ ആശംസാ മന്ത്രം.

ഷാജി കൈലാസിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം

വീണുപോയ ക്യാമറയും മഹാവിജയത്തിന്റെ ഫലപ്രാപ്തിയും

ചില ഓർമ്മകൾ പൂക്കളെ പോലെയാണ്. അവ സ്‌നേഹത്തിന്റെ സുഗന്ധം പരത്തും. ഭാഗ്യയുടെ വിവാഹനാളിൽ ഗുരുവായൂരമ്പലനടയിൽ മഹാനടന്മാരായ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം നിന്ന ഞങ്ങളെ ഓരോരുത്തരെയും പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തുമ്പോൾ സുരേഷ് ഗോപി അനുഭവിച്ച ആത്മനിർവൃതി കേവലം ഒരു സഹപ്രവർത്തകന്റെയോ സുഹൃത്തിന്റെയോ മാത്രമായിരുന്നില്ല. മറിച്ച് ഉത്തമനായ ഒരു കലാകാരനിൽ കാലം ചേർത്തുവെക്കുന്ന മൂല്യബോധങ്ങളുടെ പ്രകടനം കൂടിയായിരുന്നു. ഒരു കലാകാരന്റെയും രാഷ്ട്രീയക്കാരന്റെയും തിരക്കുകളിൽ നിന്ന് അച്ഛന്റെ സ്‌നേഹവാത്സല്യങ്ങൾ നിറഞ്ഞ ഉത്തരവാദിത്വങ്ങളിലേക്കുള്ള സുരേഷ് ഗോപിയുടെ ഈ ഹൃദയസഞ്ചാരം ഒരു പഴയ ഓർമ്മയിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപ്പോയി.

ഏകലവ്യൻ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്നു. സുരേഷ് ഗോപി ആ സിനിമയിൽ ആദ്യമായി അഭിനയിക്കുവാൻ എത്തുകയാണ്. തിരശീലകളെ തീ പിടിപ്പിച്ച ക്ഷുഭിതയൗവന പകർന്നാട്ടത്തിനായി സുരേഷ് ഗോപി ചായം പൂശുന്നു. എല്ലാം കഴിഞ്ഞ് ആദ്യഷോട്ടിനായി വരുമ്പോഴാണ് അത് സംഭവിച്ചത്. ക്യാമറ നിലത്ത് വീണു..! ലെൻസ് പൊട്ടിച്ചിതറി..! സെറ്റ് മൂകമായി. സുരേഷിന്റെ കണ്ണുകളിൽ നിരാശയുടെയും ദുഃഖത്തിന്റെയും അലയൊലി. ഞാൻ സുരേഷിനെ ആശ്വസിപ്പിച്ചു. സ്റ്റിൽ ഫോട്ടോഗ്രാഫറായ സുനിൽ ഗുരുവായൂരിനെക്കൊണ്ട് മൂന്നു നാല് സ്റ്റില്ലുകൾ എടുപ്പിച്ചു. എന്നിട്ടാണ് സുരേഷ് ഗോപി മേക്കപ്പഴിച്ചത്.

ഐശ്വര്യക്കേടിന്റെയും ദുർനിമിത്തത്തിന്റെയും വ്യാഖ്യാനങ്ങൾ കൊണ്ട് വേണമെങ്കിൽ വഷളാകുമായിരുന്ന ആ സംഭവം അങ്ങനെ ശാന്തമായി അവസാനിച്ചു. ഏകലവ്യൻ പൂർത്തിയായി. സുരേഷ് ഗോപി സൂപ്പർതാരമായി. മൂന്ന് തവണയാണ് ഏകലവ്യന്റെ വിജയാഘോഷം നടത്തിയത്. നൂറും നൂറ്റമ്പതും ഇരുന്നൂറ്റമ്പതും ദിനങ്ങൾ പൂർത്തിയായപ്പോൾ സുരേഷ് ഗോപിയോട് ആദ്യ ദിവസത്തെ ക്യാമറ വീഴ്ച ഞാൻ ഓർമ്മിപ്പിച്ചു. സുരേഷ് ഗോപി ഹൃദ്യമായി ചിരിച്ചു.

ഗുരുവായൂരപ്പനും ലൂർദ്ദ് മാതാവും പരമ കാരുണ്യവാനായ പടച്ചവനുമടക്കം എല്ലാ ഈശ്വരസങ്കല്പങ്ങളും സുരേഷ് ഗോപിയെ അനുഗ്രഹിക്കട്ടെ. ഭാഗ്യക്ക് നല്ലൊരു വിവാഹ ജീവിതം ഉണ്ടാകട്ടെ. എല്ലാ മലയാളികൾക്കും നന്മയുണ്ടാവട്ടെ.

ഷാജി കൈലാസ്