കോഴിക്കോട്: ശിഹാബ് ചോറ്റൂർ എന്ന യുവാവ് നടന്ന് ഹജ്ജിന് പോകാൻ തയ്യാറെടുത്തപ്പോൾ സ്വന്തം നാട്ടിൽ നിന്നും വലിയ രീതിയിലുള്ള പിന്തുണയാണ് ലഭിച്ചിരുന്നത്. പത്രമാധ്യമങ്ങളിലൂടെയും യൂട്യൂബ് ചാനലുകൾ വഴിയും ശിഹാബിന്റെ ഹജ്ജ് വിവരം പുറത്ത് വന്നതോടുകൂടി കടന്നുപോകുന്ന വഴികളെല്ലാം വലിയ വരവേൽപ്പാണ് ലഭിച്ചത്. എന്നാൽ എല്ലാ അനുമതികളും ഉണ്ടെന്നവകാശപ്പെട്ട് യാത്ര തുടങ്ങിയ ശിഹാബ് ഇന്ത്യ പാക്കിസ്ഥാൻ അതിർത്തിയിലെ ഹാഫിയ സ്‌കൂളിന്റെ ടെറസിൽ കുടുങ്ങിയതോടെ നേരത്തെ പറഞ്ഞ പല കാര്യങ്ങളും കള്ളങ്ങൾ ആയിരുന്നില്ലേ എന്ന ചോദ്യങ്ങൾ മലയാളികളിൽ നിന്ന് ഉയർന്നു തുടങ്ങി.

നിലവിൽ ശിഹാബിന്റെ യൂട്യൂബ് ഫേസ്‌ബുക്ക് പോസ്റ്റുകളെ ബംഗ്ലാദേശികളും ഉത്തരേന്ത്യയിലെ കുറച്ച് ആളുകളുമാണ് പിന്തുണക്കുന്നത്. ഓരോ പോസ്റ്റുകൾക്കും താഴെ മലയാളികൾ ചോദ്യങ്ങൾ ചോദിക്കുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇപ്പോൾ ശിഹാബിനെതിരെ സ്വന്തം നാട്ടുകാരൻ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ദയവുചെയ്ത് നാടിനെ കൂടുതൽ പറയിപ്പിക്കരുതെന്നും ഈ യൂട്യൂബ് നാടകം അവസാനിപ്പിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത് .

ശിഹാബിന്റെ സുഹൃത്തും നാട്ടുകാരനുമായ ജാഫർ കഞ്ഞിപുഴ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ വൈറൽ ആയി മാറിയിരിക്കുകയാണ് . ശിഹാബിന് നൽകിയ പിന്തുണയും ഇപ്പോൾ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നു എന്നുള്ളത് കൃത്യമായി വിവരിക്കുന്നുണ്ട് ഈ കുറിപ്പിൽ.

കുറുപ്പിന്റെ പൂർണ്ണരൂപം വായിക്കാം..

പ്രിയപ്പെട്ട കൂട്ടുകാരനും നാട്ടുകാരനുമായ ശിഹാബ് ചോറ്റൂരിനോട്,

നല്ലൊരു നിയ്യത്ത് സഫലമാക്കാൻ താങ്കൾ തുടങ്ങിയ യാത്ര സാങ്കേതികമായി മുടങ്ങിക്കിടക്കുകയാണല്ലോ. താങ്കൾ കണക്ക് കൂട്ടിയത് പോലെ തന്നെ പാക്കിസ്ഥാൻ അതിർത്തി വരെ ഇന്ത്യൻ മണ്ണിലൂടെ നടന്ന് തന്നെയെത്താൻ താങ്കൾക്ക് സാധിച്ചിട്ടുണ്ട്. പിന്നീടങ്ങോട്ട് പാക്കിസ്ഥാനിലേക്ക് കടക്കാനുള്ള വിസയുമായി ബന്ധപ്പെട്ടുള്ള ചില തടസങ്ങൾ കാരണം രണ്ട് മാസത്തോളമായി താങ്കളുടെ യാത്ര വഴിമുട്ടി നിൽക്കുകയാണ്. താങ്കൾക്ക് സപ്പോർട്ട് ചെയ്തിട്ടിരുന്ന പോസ്റ്റ് ഫോളോ ചെയ്തിരുന്ന എന്റെ ചില കൂട്ടുകാർ ശിഹാബിന്റെ യാത്ര എവിടെയെത്തിയെന്ന ചോദ്യവുമായി എത്തിയപ്പോൾ പാക്കിസ്ഥാനിലേക്ക് ഇത് വരെ കടക്കാൻ സാധിച്ചിട്ടില്ലെന്ന സത്യം അവരെ അറിയിച്ചപ്പോൾ അവർക്കത് ഉൾക്കൊള്ളാൻ കഴിയുന്നില്ല .

കാരണം താങ്കൾക്ക് വേണ്ടി വാഗാ ബോർഡറിന്റെ ഗേറ്റ് തുറക്കുന്നതും പാക്കിസ്ഥാനിലേക്ക് പ്രവേശിക്കുന്നുവെന്നുമൊക്കെ അവർ ലൈവ് ആയി കണ്ടതാണ്. അത്രമാത്രം കളവ് പ്രചരിപ്പിച്ച് ആളുകളെ പറ്റിച്ച് യൂ ട്യൂബ് വരുമാനം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ് ഇപ്പോഴും ചിലർ. അതൊന്നും താങ്കളുടെ അറിവോടെ അല്ലെന്നറിയാമെങ്കിലും പറയട്ടെ താങ്കളുടെ ഈ യാത്രയെ ഇത്രമാത്രം കുരുക്കിൽ പെടുത്തിയതിന്റെ പ്രധാന കാരണം ചില യൂ ട്യൂബേർസ് ആയിരുന്നു.

ഇനി ഒന്ന് കൂടി പറയട്ടെ. കിട്ടും അല്ലങ്കിൽ ഉടൻ ശരിയാകുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന പാക്കിസ്ഥാൻ വിസ കിട്ടി ഞാൻ ഈ പോസ്റ്റിടുന്ന ഇന്ന് തന്നെ ശരിയായി താങ്കൾ നടക്കാൻ തുടങ്ങിയാലും ഈ വരുന്ന ദുൽഹജ്ജിന് താങ്കൾക്ക് ഒരിക്കലും മക്കയിൽ എത്താൻ കഴിയില്ലായെന്നുള്ള വസ്തുത കൂടി പങ്ക് വെക്കട്ടെ. കാരണം ഇപ്പോൾ തന്നെ രണ്ട് മാസത്തിൽ അധികമായി താങ്കളുടെ നടത്തം മുടങ്ങിക്കിടക്കുകയാണ്. താങ്കൾ പറഞ്ഞ കണക്കനുസരിച്ച് ഒരു ദിവസം പോലും നിർത്താതെ ആറ് രാജ്യങ്ങളിലൂടെ നടക്കുകയാണെങ്കിൽ പോലും സൗദിയിൽ എത്തുമ്പോൾ ദുൽഹജ്ജിന് പിന്നെയും ഒരു രണ്ടര മാസം ബാക്കിയുണ്ടാകുമെന്നാണ് താങ്കൾ പറഞ്ഞിരുന്നത്. അതിൽ രണ്ട് മാസം നടത്തം തുടരാനാകാതെ നിൽക്കുന്ന താങ്കൾക്കിനി പാക്കിസ്ഥാൻ വിസ കിട്ടിയാലും പിന്നെ നടക്കാനുള്ളത് ഇറാനിലൂടെയാണ്.

പാക്കിസ്ഥാനിനെക്കാളും സങ്കുചിതമായ പ്രശ്‌നങ്ങളാണ് ഇറാനെന്ന നാട്ടിൽ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്. ഭരണകൂടവും പ്രതിപക്ഷ ലിബറൽ പാർട്ടികളും തമ്മിൽ ഒരു ആഭ്യന്തര യുദ്ധ സമാനമായൊരു അവസ്ഥയാണിപ്പോൾ ഇറാനിൽ നില നിൽക്കുന്നത്. ആയതുകൊണ്ട് താങ്കൾ ഉദ്ദേശിച്ചൊരു രൂപത്തിലുള്ള മുന്നോട്ട് പോക്ക് ഇറാനിലും സാധ്യമാകുമെന്ന് തോന്നുന്നില്ല. പിന്നെ എന്നും പ്രശ്‌ന സങ്കീർണ്ണമായ ഇറാഖാണ്. ഇറാനിലൂടെയും ഇറാഖിലൂടെയുമൊന്നും താങ്കൾ ഇന്ത്യയിലൂടെ നടന്ന് പോയ പോലൊരു പോക്ക് ഒരിക്കലും സാധ്യമാകുമെന്ന് എനിക്ക് തോന്നുന്നില്ല. പിന്നെയുള്ളത് കുവൈത്താണ്. അവിടെയും ഇങ്ങനെ ആളെക്കൂട്ടി ഒരു ഷോ ആ ഭരണകൂടവും സമ്മതിക്കുമെന്ന് തോന്നുന്നില്ല.

ചുരുക്കിപ്പറഞ്ഞാൽ താങ്കൾ ഉദ്ദേശിച്ച പോലെ ഈ വരുന്ന ഹജ്ജിന് കാൽ നടയായി പോയി ഹജ്ജ് ചെയ്യാൻ നൂറ് ശതമാനവും സാധ്യമാകില്ലായെന്ന് തന്നെ പറയട്ടെ. താങ്കളുടെ ഉദ്ദേശം നല്ലതൊക്കെത്തന്നെയാണ്. താങ്കൾക്ക് ഇപ്പോ ഏറ്റവും നല്ലത് തൽക്കാലം കാൽനട എന്നുള്ള നിയ്യത്ത് ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങി ഹജ്ജിന് വേണ്ടി വിമാന മാർഗ്ഗം പോകാനുള്ള കാര്യങ്ങൾ ഏർപ്പാടാക്കി നിയ്യത്ത് സഫലമാക്കാൻ ശ്രമിക്കുന്നതാകും ഒന്ന് കൂടി നല്ലത് എന്നോർമ്മിപ്പിക്കട്ടെ. അങ്ങനെയൊരു തീരുമാനമെടുക്കുമ്പോൾ പല കോണുകളിൽ നിന്നും പരിഹാസങ്ങളും അവഹേളനങ്ങളുമെല്ലാം ഉണ്ടായെന്ന് വരാം. അത് ഇപ്പോഴുള്ള ആ വീര്യത്തോടെത്തന്നെ കൈകാര്യം ചെയ്യുക. വീര്യമെന്ന് പറയാൻ കാരണം താങ്കൾ വളരെ വികാരാവേശത്തോടെ ചെയ്ത ഒരു വീഡിയോ ലോകം കണ്ടു. പരിശുദ്ധ ഇസ്ലാമിലെ പുണ്യകരമായൊരു കർമ്മം നിർവ്വഹിക്കാൻ നിയ്യത്ത് ചെയ്ത് ഒരാളിൽ നിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത വാക്കുകളും പരിഹാസങ്ങളുമൊക്കെയാണ് ആ വീഡിയോയിലൂടെ കാണാൻ കഴിഞ്ഞത്.

അതിൽ താങ്കൾ അല്ലാഹുവിനെപ്പോലും വെല്ലു വിളിച്ചിരിക്കുകയാണ്. മരണം മാത്രമാണ് എന്റെ മുന്നിൽ യാത്രക്കൊരു തടസ്സമുള്ളതെന്നും നിരങ്ങിയാണേലും പാക്കിസ്ഥാനിലൂടെ ഞാൻ പോയിരിക്കുമെന്നും പാക്കിസ്ഥാനിൽ എവിടെയെല്ലാം ജാറങ്ങളുണ്ടോ അവിടെയെല്ലാം ഞാൻ സിയാറത്ത് ചെയ്യുമെന്നും കുരു പൊട്ടുന്നവർക്ക് കുരു പൊട്ടട്ടെയെന്നും കുരക്കുന്ന പട്ടികൾ കുരച്ച് കൊണ്ടേയിരിക്കുമെന്നൊക്കെ അതിൽ വളരെ രോഷാകുലനായി താങ്കൾ പറഞ്ഞിരിക്കുന്നു.

തൊട്ടാൽ പോലും ഏഴ് പ്രാവശ്യം കഴുകണമെന്ന് പഠിപ്പിച്ച പട്ടിയോട് മനുഷ്യനെ ഉപമിച്ച് താങ്കൾക്കെങ്ങനെ സംസാരിക്കാൻ സാധിച്ചു. അതും പുണ്യമായ ഒരു കർമ്മത്തിന് ഇറങ്ങിപ്പുറപ്പെട്ടത് കൂടിയാകുമ്പോൾ. ക്ഷമ അത് മുസൽമാന്റെ ഈമാനിന്റെ പകുതിയാണെന്നും അള്ളാഹു ക്ഷമിക്കുന്നവരുടെ കൂടെയാണെന്നൊക്കെ ഓതിയും ചൊല്ലിയുമൊക്കെ പഠിച്ചിട്ടുള്ള ആളല്ലേ താങ്കൾ. പിന്നെയെങ്ങിനെയാ ഇങ്ങിനെയുള്ള വാക്കുകൾ താങ്കളിൽ നിന്നും വന്നു.

താങ്കളെ നിയന്ത്രിക്കുന്നത് ഇപ്പോൾ ഒരു കൂട്ടം ബിസ്‌നസ്സ് മാഗ്‌നെറ്റുകളാണ്. അവർക്ക് താങ്കളെക്കൊണ്ട് കാര്യമുണ്ട്. അവരാണ് താങ്കളെ ഇതെല്ലാം പറയാൻ പ്രേരിപ്പിച്ചത്. അല്ലാതെ ഞാനറിഞ്ഞ , ഞാനിഷ്ടപ്പെട്ട എന്റെ സ്‌നേഹിതൻ ശിഹാബ് ഇങ്ങനെ പറയില്ല. അവൻ ഒരു പാവമാണ്. അല്ലെങ്കിൽ താങ്കളുടെ പിന്നിൽ കണ്ട ജനക്കൂട്ടം താങ്കളെ ഒരു അഹങ്കാരിയാക്കിയെന്നും ഞാൻ കരുതുന്നു.

ഏതായാലും പ്രിയപ്പെട്ട സുഹൃത്തേ ശിഹാബ് , താങ്കൾ ഇനിയും പാക്കിസ്ഥാന്റെ വിസയും പ്രതീക്ഷിച്ച് അവിടെ നിൽക്കാതെ വീട്ടിലേക്ക് മടങ്ങി താങ്കളുടെ നിയ്യത്തിൽ നിന്നും 'കാൽനടയായി ' എന്നുള്ളത് ഒഴിവാക്കി പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കാൻ എന്ന നിയ്യത്തോടെ വിമാന മാർഗ്ഗം പോവാനുള്ള ഒരുക്കങ്ങൾ നടത്തുകയാകും ഏറ്റവും ഉചിതമെന്ന് ഒരു നാട്ടുകാരനും സുഹൃത്തും താങ്കളുടെ നടത്തത്തിന് എല്ലാ സപ്പോർട്ടും ചെയ്തിരുന്ന ഒരാളെന്ന നിലക്കും വളരെ താഴ്മയോടെ അഭ്യർത്ഥിക്കുന്നു.

സസ്‌നേഹം
ജഅഫർ കഞ്ഞിപ്പുര