ഷിരൂര്‍: ഷിരൂരില്‍ സിഗ്നല്‍ കിട്ടിയ നാലാമിടത്താണ് അര്‍ജുന്‍ ലോറിയുള്ളതെന്നാണ് നിഗമനം. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇത് കണ്ടെത്തുന്നത്. ഇതിനുള്ളില്‍ മനുഷ്യസാന്നിധ്യം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. തെര്‍മല്‍ ഇമേജിംഗില്‍ മനുഷ്യ രൂപത്തിലെ സാന്നിധ്യം കണ്ടെത്തിയില്ല. എന്നാല്‍ മനുഷ്യരൂപത്തിന്റെ അഭാവമാണ് ഇത് വ്യക്തമാക്കുന്നത് എന്ന് വിദഗ്ധ പരിശോധനകള്‍ സ്ഥിരീകരിക്കുന്നുമില്ല. ഇതോടെ ലോറിക്കുള്ളില്‍ അര്‍ജുന്‍ ഉണ്ടാകാനുള്ള സാധ്യത തെളിയുകയാണ്. നേരത്തെ രക്ഷപ്പെടാനുള്ള ശ്രമത്തില്‍ അര്‍ജുന്‍ ലോറിയില്‍ നിന്നും പുറത്തേക്ക് വന്നിരിക്കാമെന്ന നിഗമനം സജീവമായിരുന്നു.

ട്രക്കിന്റെ രൂപത്തിനും ഘടകത്തിനും ഏറ്റവും അടുത്തുള്ള ഇമേജ് പുഴയില്‍ നിന്ന് ലഭിച്ചത് നാലാം സിഗ്നലുള്ളതുകൊള്ളാണ്. ഈ വസ്തു ഭൂമിയുടെയും പാറയുടെയും നിക്ഷേപത്തോടുകൂടിയ ചരിഞ്ഞ രൂപത്തിലാണ്. ക്യാബിന്‍ മുകളിലേക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. വൈദ്യുത ഡാറ്റാ ബാങ്ക് പരിമിതികള്‍ കാരണം മനുഷ്യരൂപത്തിന്റെ സാന്നിധ്യം ഉറപ്പോടെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇതിനര്‍ത്ഥം മനുഷ്യരൂപത്തിന്റെ അഭാവം എന്നല്ലെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. കണ്ടെത്തലുകള്‍ വ്യാഖ്യാനിക്കുന്നതിനും സ്ഥിരീകരിക്കുന്നതിനും ഉപയോഗിക്കുന്ന ഡാറ്റാ പാറ്റേണുകള്‍ അടക്കമാണ് കൈമാറിയിരിക്കുന്നത്.

അര്‍ജുനെ കണ്ടെത്താനായി റിട്ടയേഡ് മേജര്‍ ജനറല്‍ ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ഡ്രോണ്‍ പരിശോധനയുടെ റിപ്പോര്‍ട്ടാണ് പുറത്തു വന്നത്. ട്രക്കിന്റേതിന് സമാനമായ സിഗ്‌നലുകള്‍ ലഭിച്ചത് നാലിടങ്ങളിലാണെന്നാണ് പരിശോധന റിപ്പോര്‍ട്ട്. കരയില്‍നിന്ന് 165, 65, 132, 110 മീറ്റര്‍മാറി നാല് കോണ്‍ടാക്റ്റ് പോയിന്റുകളാണ് സംഘം കണ്ടെത്തിയത്. സി.പി. ഒന്നുമുതല്‍ നാലുവരെ രേഖപ്പെടുത്തിയിരിക്കുന്ന പോയിന്റുകളില്‍, കരയില്‍നിന്ന് 132 മീറ്റര്‍ ദൂരത്തില്‍ സി.പി- 4 പോയിന്റിലാണ് ലോറിയോട് ഏറ്റവുമടുത്ത് സാമ്യമുള്ള കോണ്‍ടാക്റ്റ് പോയിന്റെന്നാണ് പരിശോധന റിപ്പോര്‍ട്ട്. ഇതിന്റെ ചിത്രവും പുറത്തുവന്നു.

പോയിന്റ് നാലില്‍ കണ്ടെത്തിയ ലോറിക്ക് സമാനമായി സിഗ്‌നല്‍ ലഭിച്ച സ്ഥലത്ത്, ട്രക്ക് മണ്ണിനും കല്ലിനുമിടയില്‍പ്പെട്ടുകിടക്കുന്ന സാഹചര്യമായിരിക്കാം എന്നാണ് മേജര്‍ ജനറല്‍ ഇന്ദ്രബാലന്റെ സംഘത്തിന്റെ റിപ്പോര്‍ട്ട്. ക്യാബിന്‍ തലകീഴായിട്ടായിരിക്കും നില്‍ക്കുന്നത്. പുഴയിലെ അടിയൊഴുക്കില്‍ ക്യാബിന് സ്ഥാനചലനം ഉണ്ടായിരിക്കാം. സി.പി. നാല് ലോറി കണ്ടെത്താന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള സ്ഥലമാണെങ്കിലും മറ്റ് മൂന്നിടത്തേയും സാധ്യത തള്ളാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡ്രോണ്‍ പരിശോധനയില്‍ മനുഷ്യസാന്നിധ്യം ലോറിയില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡ്രോണ്‍ പരിശോധനയില്‍ ലോറി കണ്ടെത്താന്‍ കൂടുതല്‍ സാധ്യതയുണ്ടെന്ന് വ്യക്തമായ സ്ഥലം കേന്ദ്രീകരിച്ചാണ് പരിശോധനയെന്ന് ജില്ലാ കളക്ടര്‍ കെ. ലക്ഷ്മി പ്രിയ ഐ.എ.എസ്. പറഞ്ഞു. പുഴയിലിറങ്ങാന്‍ ടഗ് ബോട്ടുകളുടെ സഹായം തേടും. പ്രാദേശിക മത്സത്തൊഴിലാളികളുടെ സഹായവും ലഭ്യമാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. പൊന്റൂണ്‍ സ്ഥാപിക്കുന്നതും പരിശോധിക്കും. പൊന്റൂണ്‍ ഭാഗങ്ങളായി കൊണ്ടുവന്ന് ഘടിപ്പിക്കേണ്ടതുണ്ട്. ഇതാണ് വൈകാന്‍ കാരണം. മത്സ്യത്തൊഴിലാളികളുടെ പ്രദേശത്തെക്കുറിച്ചുള്ള പരിജ്ഞാനവും ഉപയോഗിക്കുമെന്നും അവര്‍ പറഞ്ഞു.

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനയുള്ള തിരച്ചില്‍ അന്തിമഘട്ടത്തില്‍ ആണ്. ഷിരൂര്‍ ദൗത്യം ഈശ്വര്‍ മാല്‍പെ ഏറ്റെടുത്തു. ഈശ്വര്‍ മാല്‍പെയുടെ സംഘത്തിലുള്ളത് എട്ട് മുങ്ങല്‍ വിദഗ്ധരാണ്. ഇവര്‍ പുഴയിലിറങ്ങും. അതേസമയം നിലവില്‍ അര്‍ജുന്റെ ലോറിയുള്ളത് കരയില്‍ നിന്നും 132 മീറ്റര്‍ അകലെയാണ്. ഉഡുപ്പിക്ക് സമീപം മാല്‍പെയില്‍ നിന്നുള്ള സംഘമാണിവര്‍. ശക്തമായ അടിയൊഴുക്കിലും ആഴത്തിലേക്ക് ചെല്ലാനുള്ള കഴിവും പരിചയസമ്പത്തും ഉള്ളവരാണിവര്‍. എത്ര അടിയൊഴുക്കുള്ള പുഴയിലും ഇറങ്ങാനാകുമെന്ന് ഈശ്വര്‍ മാല്‍പെ പറഞ്ഞു. മുന്‍പും സമാനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

അതേസമയം ഷിരൂരില്‍ ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്. ഗംഗാവലിയില്‍ അടിയൊഴുക്ക് ശക്തമാണ്. വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ ഗംഗാവലി നദിയില്‍ നീരൊഴുക്ക് കുറഞ്ഞിട്ടില്ല. ഇത് വെല്ലുവിളിയാണ്.