കൊച്ചി: സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിലേക്ക് വിനോദയാത്രക്ക് പോയ കൊച്ചിയിലെ രണ്ട് സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് പനിയും ശർദ്ദിയും വന്നതിന് പിന്നാലെ എലിപ്പനിയും സ്ഥരികരീച്ചതോടെയാണ് അതിരപ്പിള്ളിയിലെ സിൽവർ സ്റ്റോം വാട്ടർതീം പാർക്ക് അടച്ചിടാൻ നിർദ്ദേശം നൽകിയത്. ആരോഗ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് പാർ്ക്ക് അടച്ചുപൂട്ടിയത്. എന്നാൽ പ്രാഥമിക വിലയിരുത്തലിന്റെ ഭാഗമായിട്ടാണ് പാർക്ക് അടച്ചിടാൻ സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്.

ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി. വെള്ളത്തിന്റെ സാമ്പിളും മറ്റും ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതിന്റെ ഫലം വന്നിട്ടില്ല. നേരത്തെ സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിലേക്ക് വിനോദയാത്രക്ക് പോയ കൊച്ചിയിലെ രണ്ട് സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് പനിയും ഛർദ്ദിയും തലവേദനയും വന്നിരുനനു. 5 പേർ എലിപ്പനിക്ക് ചികിത്സ തേടിയതായും വിവരം മറുനാടൻ വാർത്തയാക്കിയിരുന്നു. എറണാകുളം ഗേൾസ് സ്‌ക്കൂൾ, പനങ്ങാട് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌ക്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് രോഗം പിടിപെട്ട് ചികിത്സ തേടിയത്.

സിൽവർ സ്റ്റോമിലെ വെള്ളത്തിൽ ഇറങ്ങിയ വിദ്യാർത്ഥികൾക്കാണ് രോഗം പിടിപെട്ടിരിക്കുന്നത്. ഫെബ്രുവരി 17 നാണ് രണ്ടു സ്‌ക്കൂളുകളിലെയും വിദ്യാർത്ഥികൾ വിനോദയാത്രക്കായി സിൽവർ സ്റ്റോമിലേക്ക് പോയത്. പാർക്കിലെ പൂളുകളിലെല്ലാം വിദ്യാർത്ഥികൾ ഇറങ്ങി വിനോദങ്ങളിൽ ഏർപ്പെട്ടിരുന്നു. പിന്നീട് തിരികെ വന്ന വിദ്യാർത്ഥികൾക്ക് കണ്ണുകളിൽ നീറ്റലും ശരീരത്ത് ചൊറിച്ചിലും അുഭവപ്പെട്ടിരുന്നു. അടുത്ത ദിവസം എല്ലാവർക്കും പനിയും ഛർദ്ദിയും പിടിപെടുകയായിരുന്നു.

പനങ്ങാട് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌ക്കൂളിലെ വിദ്യാർത്ഥികളുടെ വിവരങ്ങളാണ് ആദ്യം പുറത്ത് വന്നത്. പനിപിടിച്ച കുട്ടികൾ പനങ്ങാട് വി.ജെ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. പത്തിലധികം കുട്ടികൾ ഒരേ രീതിയിലുള്ള രോഗലക്ഷണവുമായെത്തിയതോടെ ക്ലിനിക്കിലെ ഡോക്ടർ ഡാനിഷ് കുര്യൻ കുട്ടികളുടെ രക്തം പരിശോധിച്ചു. ഇതിൽ 5 കുട്ടികൾക്ക് എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചതോടെ നാട്ടുകാരിൽ ചിലർ വിവരം അറിഞ്ഞു. ഇതോടെ നാട്ടിലെങ്ങും വിഷയം ചർച്ചയായതോടെ ഇതേ രോഗലക്ഷണമുള്ള കുട്ടികൾ നിരവധിപേർ ചികിത്സ തേടിയെത്തുകയായിരുന്നു. തൊട്ടു പിന്നാലെ എറണാകുളം ഗേൾസ് സ്‌ക്കൂളിലെ കുട്ടികൾക്കും ഇതേ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സയിലാണെന്നുള്ള വിവരം പുറത്ത് വന്നു.

സംഭവം അറിഞ്ഞതോടെ എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ശ്രീദേവി പ്രത്യേക മെഡിക്കൽ ടീമിനെ രണ്ടു സ്‌ക്കൂളുകളിലേക്കും അയച്ചു. കുട്ടികൾ എല്ലാവരും ഒരേ ദിവസം സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിൽ സന്ദർശ്ശനം നടത്തിയതായി സ്ഥിരീകരിച്ചു. കുട്ടികൾക്ക് എലിപ്പനിയുണ്ടെന്ന് സ്വകാര്യ ലാബാണ് സ്ഥിരീകകരിച്ചത്. പനി മാറാത്തതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ കൂടുതൽ കുട്ടികൾ ചികിത്സ തേടിയത്തോടെയാണ് കാരണം അന്വേഷിച്ചത്.