കോഴിക്കോട്: വാക്കുകളിൽ വെടിമരുന്ന് നിറച്ചുകൊണ്ട് കേരളത്തിൽ തരംഗമായ കമന്റേറ്ററാണ് ഷൈജു ദാമോദരൻ. തൊണ്ട തകർന്നുപോകുന്ന ഉച്ചത്തിൽ, കാൽപ്പന്തുകളിയുടെ സകല ആവശവും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ആ പ്രത്യേക ശബ്ദം മലയാളി പ്രേക്ഷകർക്ക് ഇന്ന് സുപരിചിതമാണ്. ഇപ്പോഴിതാ ഈ സെലിബ്രിറ്റി കമന്റേറ്റർ സോഷ്യൽ മീഡിയയുടെ നിശിതമായ വിമർശനത്തിന് വിധേയമാവുകയാണ്. ഒരു അഭിമുഖത്തിനിടെ കേരളത്തിലെ ആദരം എന്ന പേരിൽ ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരം, ഇവാൻ കലിയുഷ്‌നിയുടെ കാലിൽ ചുംബിച്ച ഷൈജുവിന്റെ നടപടിയാണ് വൻ വിവാദം ആയത്.

'കാൻ ഐ ടേക്ക് ദിസ്, ദിസ് ഈസ് നോട്ട് മൈ കേസ്, ദി ഈസ് കേരളാസ് കേസ്. ദിസ് ഈസ് ഫോർ ദ എന്റയർ കേരള,' എന്ന് പറഞ്ഞ്, കേരളത്തിന്റെ ആദരം എന്ന പേരിലാണ്, ഷൈജു കലിയുഷ്‌നിയുടെ കാലിൽ മുത്തുന്നത്. കലിയുഷ്നി വിയോജിക്കുന്നതും അസ്വസ്ഥമാവുന്നതും വീഡിയോയിൽ കാണം. അയാളുടെ സമ്മതമില്ലാതെ ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി ഷൈജു ദാമോദരൻ ചെയ്തതാണിതെന്നാണ് വിമർശനം.

എന്നാൽ ഇത് തികഞ്ഞ അടിമത്തമായിപ്പോയി എന്നും പരസ്പര ബഹുമാനമാണ്, മനുഷ്യർ തമ്മിൽ വേണ്ടതും എന്നും പറഞ്ഞ് ചിലർ ഷൈജുവിനെതിരെ രൂക്ഷമായി പോസ്റ്റ് ഇടുന്നുണ്ട്. ക്രിസ്റ്റിയാനോ റോണാൾഡോയോയും നെയ്മറെയുമൊക്കെ ഇന്റവ്യൂ ചെയ്യുന്നവർ പോലും ഇത്തരം കോപ്രായം കാണിക്കാറില്ലെന്നും ഇത് വെറും ചീപ്പ് പട്ടിഷോ ആയിപ്പോയി എന്നുമാണ് വിമർശനം.

'കാലമേ ഞാൻ കാല് നക്കുകയാണ്'

ഖത്തറിലെ ലോകകപ്പ് ഫുട്ബോൾ ആവേശത്തിനിടയിലും കേരളത്തിലെ സോക്കർ ആരാധകർ സമൂഹമാധ്യമങ്ങളിൽ കാൽ ചുംബന ചർച്ചയിലാണ്. ചിലർ മുത്തത്തെ നക്കലാക്കി മാറ്റി. ചില വിമർശനങ്ങൾ ഇങ്ങനെയാണ്- 'മാനം കപ്പല് കയറ്റുക എന്ന് ഒരു പഴമൊഴി ഉണ്ട്. ഇപ്പൊ അത് കണ്ടു. ഷൈജു ദാമോദരന് സായിപ്പിന്റെ കാല് നക്കണമെങ്കിൽ അത് കേരളീയരുടെ മാനം വിറ്റിട്ട് വേണ്ട...'. മറ്റൊരു കമന്റ് ഇങ്ങനെ-'കമന്റേറ്റർ ഷൈജു ദാമോദരൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം ഇവാന്റെ കാൽപാദത്തിൽ ചുംബിച്ച് കേരളത്തിന് മാത്രം അല്ല ഇന്ത്യാ ക്കാരെ മൊത്തതിൽ അപമാനിച്ചിരിക്കുക ആണ്. അടിമ നുകം സ്വയം തോളിൽ വച്ച് കെട്ടുന്ന അവസ്ഥ ''.

വിഷയത്തിൽ സണ്ണി ലിലോണിനെകൂടി കെട്ടി മസാല ചേർത്ത് ചിലർ രംഗം കൊഴുപ്പിക്കുന്നുണ്ട്. ഷൈജു കമന്ററിക്കിടയിൽ പറയുന്ന കാലമേ എന്ന വാക്കും എടുത്തിട്ടാണ് ട്രോൾ-'ഇവനെങ്ങാൻ സണ്ണിലിയോണിനെ കണ്ടാൽ ....ഹൗ....എന്റെ ദൈവമേ.... എവിടെകൊണ്ട് നക്കി കേറിയേണനേ. എന്തിരു നാറിയാണ് നീ.ഷൈജു ദാമോദരന് ആരുടെ വേണമെങ്കിലും കാലു നക്കാം. പക്ഷേ കേരളത്തിന് വേണ്ടി എന്നു പറഞ്ഞു അതു വേണ്ട.. കേരളത്തെ നാണം കെടുത്താനായി ഓരോരുത്തന്മാർ..ചയ്തു ശീലിച്ച കാര്യങ്ങൾ തുടർന്നോളൂ..അതിൽ യാതൊരു വിരോധവുമില്ല..പക്ഷേ,അതിലേക്ക് കേരളത്തെ ഒന്നാകെ വലിച്ചിടരുത് ഷൈജു ദാമോദരാ...അടയാളപ്പെടുത്തുക കാലമേ ഞാൻ കാല് നക്കുകയാണ്'- ഇങ്ങനെ പോകുന്ന വിമർശന ശരങ്ങൾ

യൂക്രൈനിൽ നിന്ന് വന്ന ഗോളടിയന്ത്രം

ഐഎസ്എല്ലിൽ എഫ് സി ഗോവക്കെതിരെ 35വാര അകെലെനിന്ന് വണ്ടർ ഗോളടിച്ചാണ് ബ്ലാസ്റ്റേഴ്സ് താരം ഇവാൻ കലിയുഷ്നി കേരളത്തിന്റെ അരുമയായത് . അയാളുടെ കാൽ ചുംബിച്ചത് സായിപ്പിന്റെ കാൽ നക്കലാണെന്ന വാദം തെറ്റാണെന്നും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. കാരണം കലിയുഷ്നി സമ്പന്നമായ സായിപ്പിന്റെ രാജ്യത്തുനിന്നുപോലുമല്ല വരുന്നത്. യുദ്ധം ദുരിതം വിതക്കുന്ന യുക്രൈനിൽ നിന്നാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസണിലേക്കായി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച് ഒളിപ്പിച്ചുവെച്ച വെടിക്കോപ്പായിരുന്നു ഇവാൻ വോളോഡിമിറോവിച് കലിയുഷ്‌നി എന്ന യുക്രെയ്ൻ അവതാരം. കൊൽക്കത്തയിൽ വമ്പന്മാരായ ഈസ്റ്റ് ബംഗാളിനെതിരായ ഉദ്ഘാടന മത്സരത്തിൽ രണ്ടാംപകുതിയിൽ പകരക്കാരനായി ഇറങ്ങി ഏഴു മിനിറ്റിനുള്ളിൽ രണ്ടു തകർപ്പൻ ഗോളുകൾ നേടി മിനിറ്റുകൾകൊണ്ടാണ് കലിയുഷ്നി മഞ്ഞപ്പട ആരാധകരുടെ ഹൃദയത്തിൽ കയറിക്കൂടിയത്.

ഗ്രൗണ്ട് മധ്യത്തിൽനിന്ന് എതിർ ബോക്സിലേക്ക് നടത്തിയ ഒരു സോളോ റണ്ണാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്. പിന്നീട് കോർണർ കിക്കിന്റെ ഫലമായി ബോക്‌സിനു പുറത്തേക്കുവന്ന പന്ത് ഇവാൻ ഇടങ്കാലൻ ബുള്ളറ്റ് ഷോട്ടിലൂടെ ബംഗാളിന്റെ വലയിലെത്തിച്ചപ്പോൾ ഗാലറിയിലെ ആവേശം വാനോളമുയർന്നു.ആറടി രണ്ടിഞ്ച് ഉയരമുള്ള 24കാരനായ കലിയുഷ്നി പുതിയ സീസണിൽ വായ്പാടിസ്ഥാനത്തിലാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. യുക്രെയ്നിലെ മുൻനിര ടീമുകളായ ഡൈനാമോ കീവിനും മെറ്റലിസ്റ്റ് ഖാർകിവിനും ബൂട്ടുകെട്ടിയ പരിചയസമ്പത്തുമായാണ് താരം കൊച്ചിയിലെത്തുന്നത്. യുവേഫ യൂത്ത് ലീഗിൽ ഡൈനാമോ കീവിനുവേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്.

യുെക്രയ്ൻ ക്ലബായ എഫ്.കെ ഒലെക്‌സാൻഡ്രിയയിൽനിന്നാണ് ഇവാനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. സെന്റർ മിഡ്ഫീൽഡറായ ഇവാന് ഏതു പൊസിഷനിലും ഒരുപോലെ കളിക്കാനാകും. മെറ്റലിസ്റ്റ് ഖാർകിവിലൂടെയായിരുന്നു സീനിയർ തലത്തിൽ അരങ്ങേറിയത്.2018-19ലെ ആദ്യ സീസണിൽ 27 മത്സരങ്ങളിൽ മെറ്റലിസ്റ്റിന് ബൂട്ടുകെട്ടി. അടുത്ത സീസണിൽ വായ്പാടിസ്ഥാനത്തിൽ റൂഖ് എൽവീവിൽ. 32 മത്സരങ്ങൾ കളികളിൽ രണ്ടുതവണ വല കുലുക്കിയ ഇവാൻ 2021ൽ ഒലെക്‌സാൻഡ്രിയയുടെ അണിയിലെത്തി.

ടീമിനുവേണ്ടി 23 കളികളിൽ രണ്ട് ഗോളുകൾ. റഷ്യയുടെ യുക്രെയ്ൻ ആക്രമണത്തോടെ രാജ്യത്തെ ഫുട്ബാൾ ലീഗ് പാതിവഴിയിൽ ഉപേക്ഷിച്ചു. തുടർന്ന് വായ്പാടിസ്ഥാനത്തിൽ ഐസ്ലൻഡിലെ ടോപ് ഡിവിഷൻ ക്ലബായ കെഫ്‌ളാവിക്കിനുവേണ്ടി കളിക്കുകയായിരുന്നു. കെഫ്‌ളാവിക്കിൽനിന്നാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. കഴിഞ്ഞ സീസണിൽ മധ്യനിരയിൽ ലൂനയെ കൂടാതെ, ഒരു വിദേശതാരത്തിന്റെ കൂടി അഭാവം ടീമിന്റെ പ്രധാന പ്രശ്നങ്ങളിലൊന്നായിരുന്നു. ആ വിടവാണ് ഇത്തവണ ഇവാനിലൂടെ പരിശീലകൻ നികത്തിയത്. ഇതെല്ലാം ചൂണ്ടിക്കാട്ടി, റഷ്യൻ ആക്രമണത്തിൽ മുച്ചൂടും മുടിയുന്ന ഒരു രാജ്യത്തിന്റെ പ്രതിനിധിയാണ് ഈ സൂപ്പർ താരമെന്നും അയാളെ ഒരു സായിപ്പാക്കി മാറ്റരുതെന്നും ചിലർ കുറിക്കുന്നുണ്ട്.

സിപിഎമ്മിന് വോട്ടുപിടിച്ചതിന്റെ പ്രതികാരം

അതേസമയം ഷൈജുവിനെനേരെ വരുന്ന പൊങ്കാലക്ക് പിന്നിൽ ചില രാഷ്ട്രീയ കാരണങ്ങൾ കൂടി ചൂണ്ടിക്കാട്ടുന്നുണ്ട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനുവേണ്ടി പരസ്യമായി വോട്ട് പിടിച്ച ആളാണ് ഷൈജു ദാമോദരൻ. സിപിഎം പൊതുയോഗത്തിൽ എത്തി തന്റെ വോട്ട് അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിലാണെന്ന് ഷൈജു പ്രഖ്യപിച്ചിരുന്നു. ''തൃക്കാക്കര നിയോജകമണ്ഡലത്തിലെ 88 ആം നമ്പർ ബൂത്തിലെ 920 ക്രമനമ്പർ ഷൈജു ദാമോദർ എന്നാണെങ്കിൽ ആ വോട്ട് അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിന് ആയിരിക്കും'' എന്ന് കമന്റി സറ്റെലിലുള്ള ഷൈജുവിന്റെ പ്രഖ്യാപനം സിപിഎമ്മുകാർ വൈറൽ ആക്കിയിരുന്നു.

എന്നാൽ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥി എട്ടുനിലയിൽ പൊട്ടിയതോടെ, ഷൈജുവിനെ കോൺഗ്രസുകാർ ട്രോളിക്കൊന്നു. തിരഞ്ഞെടുപ്പിന് മുൻപുള്ള വാദങ്ങളും മുദ്രാവാക്യങ്ങളും അടക്കം നിരത്തിയാണ് കോൺഗ്രസ് പ്രവർത്തകരുടെ മറുപടി നൽകിയപ്പോൾ ഇക്കൂട്ടത്തിൽ വി എസ് ജോയി പങ്കുവച്ച രസകരമായ വിഡിയോ ഷൈജു ദാമോദരനെ ഉന്നമിട്ടായിരുന്നു. ഷൈജുവിന്റെ അതേ ശബ്ദത്തിൽ യുഡിഎഫിന്റെ വിജയം ആഘോഷിക്കുന്ന വീഡിയോയും വൈറൽ ആയിരുന്നു. ഇപ്പോഴും ഇതേ രാഷ്ട്രീയ വൈരാഗ്യം ഷൈജുവിനെതിരെ പ്രവർത്തിക്കുന്നുണ്ടെന്നാണ്, ചിലർ ചൂണ്ടിക്കാട്ടുന്നത്.

'ഫ്രാങ്കോയെ മുത്തുന്നതിനേക്കാൾ ഭേദം'

എന്നാൽ ഷൈജുവിനെ ന്യായീകരിച്ചും ചിലർ രംഗത്ത് എത്തിയിട്ടുണ്ട്. ഒരു ആരാധകന്റെ അമിതാവേശം എന്നതിന് അപ്പുറം ചുംബനത്തെ നക്കൽ ആയി കാണേണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ബിഷ്പ്പ് ഫ്രാങ്കോമുളയ്ക്കന്റെ കൈ മുത്തുന്നവരുടെ ധാർമ്മികതയേക്കാൾ മുകളിയാണ് ഷൈജുവെന്നും ഇവർ പറയുന്നു.

സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് ദീപൻ ജയദേവ് ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. 'ശരീരത്തിലെ അവയവങ്ങൾക്ക് ഉച്ചനീചത്വം ഉണ്ടോ ? ഉണ്ടെങ്കിൽ അത് ഷൈജു ദാമോദരൻ മാത്രം നോക്കേണ്ട കാര്യം ഉണ്ടോ? ഫ്രാങ്കോയുടെ ഒക്കെ കൈയും കാലും മുത്തുന്ന മലയാളികളെക്കാൾ എത്രയോ ഭേദമല്ലെ കലിയൂഷ്‌നിയുടെ കാലിൽ മുത്തിയ ഷൈജു ദാമോദരൻ. കലിയൂഷ്‌നിക്ക് പകരം സണ്ണി ലിയോൺ ആണ് ആ ഇരിക്കുന്നത് എങ്കിൽ കാൽ അല്ല ആ കാൽ വച്ച നിലം വരെ നക്കും ചില മലയാളികൾ. ലാലേട്ടൻ, മമ്മൂക്ക, മോദിജി, പിണറായി എന്നൊക്കെ പറഞ്ഞു ഇതിലും കൂടുതൽ കുനിഞ്ഞു കുമ്പിടുന്ന ഫാൻസ് ഉണ്ട്.

കാലു തൊട്ടു വന്ദിക്കുന്നത് മികച്ച ആചാരമായി നിലനിൽക്കുന്ന നാട്ടിൽ, കാലുകൊണ്ട് വിസ്മയം തീർത്ത കളിക്കാരന്റെ കാലിൽ, ആരാധകൻ ഒരു ചുംബനം നൽകിയതിൽ ആക്ഷേപത്തിന്റെ കാര്യമൊന്നുമില്ല! പിന്നെ, ഞാൻ ഫുട്ബോൾ പ്രേമി ഒന്നുമല്ല, അതുപോലെ ഒരുപാട് പേർ ഇതിലൊന്നും ഇഷ്ടം ഇല്ലാതേയും ഉണ്ടാകും. സംഭവത്തിൽ കേരളത്തിന്റെ പ്രതിനിധിയാണ് എന്നൊക്കെ പറഞ്ഞത് ആണ്' അത് മാത്രം ആണ് ' ആകെ മോശമായി പോയത്.

ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ, ഷൈജു ഒരു ഷെയ്ക് ഹാൻഡ് കൊടുത്തുകൊണ്ട് ആണ് അല്ലെങ്കിൽ കെട്ടിപ്പിടിച്ചു കൊണ്ടാണ് ഇത് മലയാളികളുടെ മുഴുവൻ പ്രതിനിധി ആയിട്ടാണ് ഞാൻ ചെയ്യുന്നത് എന്ന് പറയുന്നത് എങ്കിൽ എന്താണോ അതിൽ വിമർശന വിധേയമായിട്ടുള്ളത് അതു മാത്രമേ ചുംബിക്കുമ്പോഴും ഉള്ളൂ. അല്ലാതെ അയാൾ കാലിൽ ചുംബിച്ചു എന്നത് ഹൈലൈറ്റ് ചെയ്തുകൊണ്ട് അതിന്റെ പേരിൽ മലയാളികളെ ടാഗ് ചെയ്തു എന്നു പറയുന്നത് മലയാളിയുടെ കപട സദാചാരബോധത്തിന്റെ ഭാഗമാണ്. ''- ദീപൻ ജയദീപ് ചൂണ്ടിക്കാട്ടുന്നു.