തിരുവനന്തപുരം: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ നിന്നും കേന്ദ്ര സർക്കാരിന്റെ ഇടപെടലിൽ ആശ്വാസതീരം അണഞ്ഞതിന്റെ സന്തോഷം പങ്കുവച്ച് സുഡാനിൽ നിന്ന് തിരിച്ചെത്തിയ മലയാളികൾ. നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ മികച്ച ഇടപെടൽ നടത്തിയെന്നും മോദി സർക്കാരിന്റെ 'സ്‌ട്രോങ്' ഇവിടെയാണ് മനസ്സിലാകുന്നതെന്നും ജിദ്ദയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ കൊല്ലം ചടയമംഗലം സ്വദേശി ഹരികുമാർ പറയുന്നു.

മലയാളികളിൽ പതിനൊന്ന് പേർ കേരളത്തിൽ മടങ്ങിയെത്തി. എട്ട് പേർ കൊച്ചിയിലും മൂന്ന് പേർ തിരുവനന്തപുരത്തുമാണ് എത്തിയത്. ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ അധികൃതരുടെ കണക്കനുസരിച്ച് 207 മലയാളികളാണുള്ളത്. ഇതിൽ 164 പുരുഷന്മാരും 43 സ്ത്രീകളും ഉൾപ്പെടുന്നു. സുഡാനിൽ 3699 ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി മൂന്നാമത്തെ കപ്പലും പോർട്ട് സുഡാനിൽ എത്തിയിരുന്നു.

'വളരെ മോശം അവസ്ഥിയിലായിരുന്നു. സംഘർഷഭരിതമായ അന്തരീക്ഷമാണ്. ക്രൂരമായ കാര്യങ്ങളാണ് നടക്കുന്നത്. മോഷണം ഉൾപ്പെടെ എല്ലാ കള്ളത്തരങ്ങളുമുണ്ട്. ഖാർത്തൂം സിറ്റിയിലാണ് ഞാൻ ജോലി ചെയ്തിരുന്നത്. അവിടെ ഫാക്ടറികളെല്ലാം അടിച്ചു തകർത്തുവെന്നും ഹരികുമാർ പറയുന്നു.

പത്താം തീയതിയാണ് സുഡാനിൽനിന്ന് പോരുന്നത്. അവിടെനിന്ന് പോർട്ട് സുഡാനിലെത്തി. അവിടെനിന്ന് കപ്പലിൽ ജിദ്ദയിലെത്തിച്ചു. ഇവിടെയെത്താൻ എംബസിയുടെ എല്ലാ സഹായങ്ങളും നല്ല രീതിയിൽ തന്നെ ലഭിച്ചു. ജിദ്ദയിൽ നിന്ന് വന്നിട്ട് വലിയ ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായില്ല. നമ്മുടെ മോദി സർക്കാരിന്റെ സ്‌ട്രോങ് അവിടെയാണ് മനസ്സിലാകുന്നത്' ഹരികുമാർ പറയുന്നു.

സുഡാനിലെ സ്ഥിതിഗതികൾ സങ്കീർണ്ണമായികൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഇതുവരെ 1095 ഇന്ത്യക്കാരെയാണ് ഒഴിപ്പിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. ഖാർത്തൂമിൽ കൊല്ലപ്പെട്ട മലയാളി ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും വിദേശകാര്യ സെക്രട്ടറി അറിയിച്ചു. വാർത്താ സമ്മേളനത്തിലായിരുന്നു ഇക്കാര്യങ്ങൾ അറിയിച്ചത്.

സുഡാനിലെ ഇന്ത്യൻ എംബസി, പോർട്ട് സുഡാൻ, ജിദ്ദ എന്നിവിടങ്ങളിൽ മുഴുവൻ സമയ കണ്ട്രോൾ റൂം തുറന്നിട്ടുണ്ട്. ആഭ്യന്തര സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. സുഡാനിലെ സ്ഥിതിഗതികൾ മോശമാണ്. കേന്ദ്രം ഇത് ഗൗരവമായി നിരീക്ഷിക്കുന്നുണ്ട്. ഖാർത്തൂം, അംദുർമാൻ, അൽഫാഷർ, കസാല, പോർട്ട് സുഡാൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും ഓപ്പറേഷൻ കാവേരി ദൗത്യം പുരോഗമിക്കുകയാണെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.

3500 ഇന്ത്യാക്കാരും ആയിരം ഇന്ത്യൻ വംശജരും സുഡാനിലുണ്ടെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്ക്. സൈനിക കപ്പലുകളായ ഐഎൻഎസ് സുമേധ, ഐഎൻഎസ് തേഗ് എന്നിവയും, വ്യോമസേനയുടെ സി130 ജെ വിമാനങ്ങളും ഉപയോഗിച്ചാണ് ഇവരെ ജിദ്ദയിലേക്ക് മാറ്റുന്നത്. മറ്റൊരു സൈനിക കപ്പലായ ഐഎൻഎസ് ടർക്കിഷും ഇന്ന് പോർട്ട് സുഡാനിലെത്തും. വ്യോമസേനയുടെ സി17 ഗ്ലോബ്മാസ്റ്റർ വിമാനത്തിലാണ് 243 ഇന്ത്യാക്കാരെ മുംബൈയിലെത്തിച്ചത്. മലയാളികളടക്കം ദക്ഷിണേന്ത്യൻ സ്വദേശികളാണ് ഈ വിമാനത്തിലുള്ളതിൽ ഏറെയും.

സുഡാനിൽ നിന്ന് ജിദ്ദയിലേക്കാണ് ഇന്ത്യൻ പൗരന്മാരെ എത്തിക്കുക. ശേഷം അവിടെ നിന്ന് ഇന്ത്യയിലേക്ക് വിമാനമാർഗം എത്തിക്കുകയാണ്. ആദ്യഘട്ടത്തിൽ ജിദ്ദയിൽ എത്തിയ 367 ഇന്ത്യക്കാർ കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിയിരുന്നു.

സംഘർഷം പൊട്ടിപ്പുറപ്പെട്ട സുഡാനിൽ ഏപ്രിൽ 15 മുതൽ സഹായത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നതായും സ്ഥിതിഗതികൾ നിരന്തരം സൂക്ഷ്മമായി നിരീക്ഷിച്ചു വരുന്നതായും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.