കൊച്ചി: മറുനാടൻ മലയാളിയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ സുദർശ് നമ്പൂതിരിക്ക് ജയിൽ മോചനം. തിങ്കളാഴ്ച ഏഴ് മണിയോടെയാണ് ജയിൽ മോചനമുണ്ടായത്. എസ് സി എസ് ടി കേസിൽ ജഡ്ജി ഹണി പി വർഗ്ഗീസ് ജാമ്യം അനുവദിച്ചതോടെയാണ് മോചനം സാധ്യമായത്. കോടതിയിൽ നിന്നുള്ള രേഖകൾ വൈകിട്ടോടെ ജയിൽ അധികൃതർക്ക് കൈമാറി. തുടർന്നാണ് സുദർശ് നമ്പൂതിരി പുറത്തെത്തുന്നത്. മുമ്പ് ജോലി ചെയ്തിരുന്ന മാധ്യമ സ്ഥാപനത്തിലെ വാർത്തയുടെ പേരിലായിരുന്നു അറസ്റ്റ്.

മറുനാടൻ മലയാളിയുടെ തിരുവനന്തപുരം പട്ടത്തെ ഓഫിസിലെത്തിയാണ് സുദർശ് നമ്പൂതിരിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ജൂൺ 21നായിരുന്നു അത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. സുദർശ് നമ്പൂതിരിക്കെതിരെ കൊച്ചി ഇൻഫോപാർക്ക് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. മുമ്പ് ജോലി ചെയ്ത ഭാരത് ലൈവ് എന്ന സ്ഥാപനത്തിലെ വാർത്തയുടെ പേരിലായിരുന്നു അത്. കേസിൽ പ്രതികളായ സുദർശ് നമ്പൂതിരി, സുമേഷ് മാർക്കോപോളോ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. പിന്നീട് സുപ്രീംകോടതിയെ സമീപിച്ചു. ഇതിനിടെയായിരുന്നു അറസ്റ്റ്.

ജയിൽ വാസത്തിനിടെ സുദർശ് നമ്പൂതിരിക്ക് ചിക്കൻ പോക്‌സും പിടികൂടിയിരുന്നു. ശാസ്തമംഗലം അജിത്തായിരുന്നു സുദർശ് നമ്പൂതിരിയുടെ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. ആദ്യ ജാമ്യാപേക്ഷയിൽ തന്നെ അത് അനുവദിക്കുകയും ചെയ്തു. വെള്ളിയാഴ്ചയാണ് കോടതി സുദർശ് നമ്പൂതിരിക്ക് ജാമ്യം അനുവദിച്ചത്. ഇന്നാണ് ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർത്തിയായത്. വൈകിട്ടോടെ രേഖകൾ ജയിൽ അധികൃതർക്ക് കൈമാറി. ഇതോടെ മോചനം സാധ്യമായി.

സുദർശ് നമ്പൂതിരിയെ തിരുവനന്തപുരത്തെ മറുനാടൻ ഓഫീസിൽ നിന്നും കസ്റ്റഡിയിൽ എടുത്തത് നിർണ്ണായക നീക്കങ്ങളിലൂടെയാണ്. ഓഫീസിലേക്ക് കടന്നു വന്ന് കാര്യങ്ങൾ തിരക്കിപ്പോയ പൊലീസ് പിന്നാലെ എത്തി സുദർശ് നമ്പൂതിരിയുണ്ടോ എന്ന് തിരക്കി. ഒന്നു കാണണമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി. പിന്നാലെ സ്റ്റേറ്റ്മെന്റ് എടുക്കാനെന്ന് പറഞ്ഞ് പൊലീസ് ജീപ്പിൽ കൊണ്ടു പോവുകയായിരുന്നു. മാസങ്ങളോളം കോൾഡ് സ്റ്റോറേജിൽ വച്ച കേസാണ് മറുനാടൻ വേട്ടയ്ക്കായി പൊലീസ് പൊടി തട്ടിയെടുത്തത്.

കൊച്ചി പൊലീസ് പരിധിയിലെ കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ പോലും സുദർശ് നമ്പൂതിരി ഹാജരായിരുന്നു. അറസ്റ്റ് ആവശ്യമില്ലാത്ത കേസിൽ കോടതിയിൽ നിന്ന് ജാമ്യം നേടാനായിരുന്നു ഉപദേശം. അങ്ങനെ നിയമ വഴിയിൽ സുദർശ് നമ്പൂതിരി സുപ്രീംകോടതിയിൽ എത്തി. ഹൈക്കോടതി ജാമ്യം തള്ളി മാസങ്ങളായി. അന്വേഷണ ഉദ്യോഗസ്ഥർ പോലും മാന്യമായാണ് പെരുമാറിയത്. പക്ഷേ പി വി അൻവർ മറുനാടനെതിരെ വ്യാജ ആരോപണങ്ങളുമായി എത്തി. അതിനെ സധൈര്യം പൊളിക്കാൻ സുദർശ് നമ്പൂതിരി എത്തിയതോടെ സർക്കാരിന് ശത്രുവായി. ഈ പ്രതികാരമായിരുന്നു അറസ്റ്റ്.

സൂര്യാ ടിവിയിലൂടെയാണ് സുദർശ് നമ്പൂതിരി മലയാളികളുടെ മനസ്സിലെത്തുന്നത്. പിന്നീട് ഗൾഫ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഓൺലൈൻ റേഡിയോയുടെ ഭാഗമായി. പല പ്രമുഖ മാധ്യമ പ്രവർത്തകർക്കൊപ്പവും പ്രവർത്തിച്ചു. ശ്രീകണ്ഠൻ നായരുടെ നിർദ്ദേശം അനുസരിച്ച് ഒരു പ്രമുഖ ചാനലിന് വേണ്ടി കാപ്ഷനും തയ്യാറാക്കി. അന്ന് തന്റെ അക്കൗണ്ടിൽ പതിനായിരം രൂപയെത്തിയ കഥ പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് മറുനാടൻ ഓഫീസിലേക്ക് പൊലീസ് എത്തിയത്. പരസ്യങ്ങൾക്കായി തലവാചകങ്ങൾ എഴുതുന്നത് സുദർശ് നമ്പൂതിരിക്ക് ഹോബിയായിരുന്നു. ശുദ്ധമായ ഭാഷയായിരുന്നു വാർത്താ അവതരണത്തിൽ കൈമുതൽ. കാര്യങ്ങളെ വ്യക്തമായി അവതരിപ്പിക്കാനും അപാര കഴിവുണ്ടായിരുന്നു.

മറുനാടനിൽ വന്ന് ആഴ്‌ച്ചകളേ ആയുള്ളൂവെങ്കിലും സുദർശ് നമ്പൂതിരി അതിവേഗം മറുനാടൻ പ്രേക്ഷകരുടെ ഇഷ്ട അവതാരകനായി. പി വി അൻവറിന്റെ കള്ളക്കഥകൾ പൊളിച്ച വാർത്തകളെല്ലാം വൈറലായി. ഇതിനിടെയായിരുന്നു പൊലീസ് നടപടി. മാധ്യമ പ്രവർത്തനത്തിനൊപ്പം ക്ഷേത്ര പൂജാരിയുമായിരുന്നു സുദർശ് നമ്പൂതിരി. തിരുവനന്തപുരത്ത് മെഡിക്കൽ കോളേജിന് അടുത്തുള്ള ഒരു ക്ഷേത്രത്തിൽ വർഷങ്ങളായി പൂജാരിയായിരുന്നു സുദർശ് നമ്പൂതിരി. മാധ്യമ പ്രവർത്തനത്തിനൊപ്പം തന്നെ അതും ജീവിത വൃതമാക്കി മാറ്റി. എത്ര ജോലി തിരക്കുകളുണ്ടെങ്കിലും ക്ഷേത്രത്തിൽ പൂജകൾ വിഘ്നമുണ്ടാക്കാതെ നോക്കിയ വ്യക്തികൂടിയാണ് അദ്ദേഹം.

സഹപ്രവർത്തകരോടും വളരെ സൗമ്യമായി പെരുമാറുന്ന വ്യക്തിത്വമാണ് സുദർശ് നമ്പൂതിരിയുടേത്. മാധ്യമപ്രവർത്തന രംഗത്തെ പല അതികായന്മാർക്കൊപ്പവും ജോലി ചെയ്തിട്ടുണ്ടെങ്കിലും ജൂനിയറായ സഹപ്രവർത്തകർ അടക്കമുള്ളവരോട് സൗമ്യമായും പ്രൊഫഷണൽ ഈഗോകൾ ഒന്നുമില്ലാതെയും പെരുമാറുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. മറ്റുള്ളവരോടായാലും സൗമ്യമായി സംവദിക്കുകയും സരസമായി ഇടപെടുകയും ചെയ്യുന്ന മാധ്യമ പ്രവർത്തകനായിരുന്നു സുദർശ് നമ്പൂതിരി.