കൊച്ചി: അടുത്ത ജന്മത്തിൽ തന്ത്രി കുടുംബത്തിൽ ജനിക്കണമെന്ന് ഇപ്പോഴും പ്രാർത്ഥിക്കുന്നതായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കൊച്ചി പാവക്കുളം ക്ഷേത്രത്തിലെ പണ്ഡിറ്റ് കറുപ്പൻ പുരസ്‌കാരവേദിയിൽ സംസാരിക്കവേയാണ് താരം തന്റെ ആഗ്രഹം പറഞ്ഞത്. അയ്യനെ പുറത്തുനിന്ന് കണ്ടാൽ പോരാ അകത്തുകയറി കെട്ടിപ്പിടിക്കണമെന്നും ഉമ്മ വയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. മുൻപ് ഇക്കാര്യം പറഞ്ഞതിനാണ് താൻ വിവാദത്തിൽപ്പെട്ടതെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

അടുത്ത ജന്മത്തിൽ തന്ത്രി കുടുംബത്തിൽ ജനിക്കണം. ശബരിമലയിൽ അയ്യനെ പുറത്തുനിന്ന് കണ്ടാൽ പോര. അകത്ത് നിന്ന് തഴുകണം. അത് എന്റെ അവകാശമാണ്. അതിനെതിരെ ആർക്കും വരാൻ അവകാശമില്ല. രാജീവരുടെ അടുത്ത് ഞാൻ എത്രയോ തവണ പറഞ്ഞിരിക്കുന്നു. എത്രയും വേഗം മരിച്ച് പുനർജനിച്ച് നിങ്ങളുടെ താഴമൺ കുടുംബത്തിൽ ജനിക്കണമെന്ന്. തന്ത്രി മുഖ്യനായിട്ട് നിങ്ങൾ ചെയ്യുന്നത് പോലെ എന്റെ അയ്യനെ എനിക്ക് ഊട്ടി ഉറക്കണം. മന്ത്രം ചൊല്ലി ഉത്തേജിപ്പിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു ബ്രാഹ്മണൻ ആയി ജനിക്കണം. ഇത് പറഞ്ഞതിനാണ് ഞാൻ മുൻപ് വിവാദത്തിൽപ്പെട്ടത്. എനിക്ക് ബ്രാഹ്മണനാകണം എന്ന് പറഞ്ഞത് രാഷ്ട്രീയം തൊഴിലാക്കിയവർ ദുർവ്യാഖ്യാനം നടത്തി'. - എന്ന് സുരേഷ് ഗോപി പറഞ്ഞു.

2017ലാണ് സുരേഷ് ഗോപിയുടെ പ്രസ്താവന വിവാദമായത്. 'പുനർജന്മത്തിൽ വിശ്വസിക്കുന്ന ആളാണ് ഞാൻ. അതിന്റെ സത്യമെന്താണെന്ന് അനുഭവത്തിലൂടെ നിരന്തരം അനുഭവിച്ച് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. അതിനാൽ ഞാൻ വിശ്വസിക്കുന്നു. അടുത്ത ജന്മത്തിൽ പൂണൂലിടുന്ന വർഗത്തിൽപ്പെട്ട് ശബരിമലയിലെ തന്ത്രിമുഖ്യനാകണമെന്നാണ് ആഗ്രഹം'- എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്.

അതേസമയം തൃശ്ശൂർ ലോക്‌സഭാ സീറ്റിൽ മത്സരിക്കാൻ തയ്യാറെടുക്കുകയാണ് സുരേഷ് ഗോപി. ഇതിന്റെ ഭാഗമായാണ് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച്ചു നടത്തിയത്. മണ്ഡലത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സുരേഷ് ഗോപിയോട് മോദി ആവശ്യപ്പെടുകയും ചെയ്തു. മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചിരുന്നു. ഭാര്യ രാധികയ്ക്കും മകൾക്കും ഒപ്പമാണ് താരം ഡൽഹിയിലെത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

പ്രധാനമന്തിക്ക് വിവാഹക്ഷണക്കത്ത് കൈമാറുന്ന ചിത്രങ്ങൾ സുരേഷ് ഗോപി സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. താമര രൂപത്തിലുള്ള ആറന്മുള കണ്ണാടിയും സുരേഷ് ഗോപിയും കുടുംബവും പ്രധാനമന്ത്രിക്ക് സമ്മാനമായി നൽകി. 'കുടുംബങ്ങളുടെ നേതാവ്' എന്ന ക്യാപ്ഷനോടെയാണ് മോദിയോടൊപ്പമുള്ള ചിത്രം താരം പങ്കുവെച്ചത്.

ജനുവരി പതിനേഴാം തീയതി ഗുരുവായൂരിൽ വച്ചാണ് വിവാഹം. ശ്രേയസ്സ് മോഹൻ ആണ് വരൻ. കഴിഞ്ഞ ജൂലൈയിൽ ഇരുവരുടെയും വിവാഹ നിശ്ചയം തിരുവനന്തപുരത്തെ വീട്ടിൽ വെച്ച് നടന്നിരുന്നു. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ്സ് ബിസിനസ്സുകാരനാണ്. ജനുവരി 20ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് വിവാഹ റിസപ്ഷൻ നടക്കും.