കോട്ടയം: രാഷ്ട്രീയപരമായ അധികാരം ദുർവിനിയോഗം ചെയ്തു കൊണ്ട് ആചാരങ്ങൾക്ക് എതിരെ നിന്നാൽ ദുഷ്ഫലങ്ങൾ ഉണ്ടാകുമെന്ന് മാർഗദർശക് മണ്ഡൽ സംസ്ഥാന അധ്യക്ഷൻ സ്വാമി ചിദാനന്ദപുരി. എല്ലാം വിശ്വാസവും അന്ധമാണ്. എരുമേലിയിൽ നടന്ന സന്യാസി സഭ സംസ്ഥാന പഠനശിബിരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയിൽ സർക്കാർ പുറത്തിറക്കാൻ ഇരിക്കുന്ന അന്ധവിശ്വാസ അനാചാര നിർമ്മാർജ്ജന ബില്ലിനെകുറിച്ച് യോഗം പ്രമേയം അവതരിപ്പിച്ചു. ഇത്തരത്തിലുള്ള ഒരു ബില്ല് ഹിന്ദുസമൂഹത്തിൽ ആശങ്കയുണ്ടാക്കുന്നതായും പ്രമേയത്തിൽ പറയുന്നു.

അന്ധവിശ്വാസ അനാചാര നിർമ്മാർജന ബില്ലിനെ കുറിച്ച് കൂടുതലൊന്നും പുറത്തു വന്നതായി അറിയില്ല. മതവിരുദ്ധമായ ആശയങ്ങൾ ഒഴിവാക്കി അവതരിപ്പിക്കണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. എന്താണ് ഈ ബില്ലുകൊണ്ട് ഉദ്ദേശിക്കുന്നത്. ഭരണനാഘടനാനുസൃതമായ വിശ്വാസ സ്വതന്ത്ര്യം ആചാര സ്വാതന്ത്ര്യം നിഷേധിക്കാൻ കഴിയില്ലെന്നും അദേഹം പറഞ്ഞു. ഏതെങ്കിലും മതസംഘടനയുടെയോ, രാഷ്ട്രീയ സംഘടനയുടെയോ മറ്റേതെങ്കിലും പ്രസ്ഥാനത്തിന്റെയോ ഭാഗത്തു നിന്നും ഭരണഘടനാവിരുദ്ധമായ പെരുമാറ്റങ്ങൾ വരികയാണെങ്കിൽ അത് നിവാരണം ചെയ്യാനുള്ള നിയമങ്ങളും ശിക്ഷാനടപടികളുമുള്ളപ്പോൾ പുതിയ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് സർക്കാർ വ്യക്തമാക്കണം.

അന്ധവിശ്വാസം അനാചാരം നിർമ്മാർജനം എന്നൊക്കെ പറഞ്ഞ് മതാചാരങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കരുത്. സമാജത്തിന് ശാന്തിയും സ്വസ്ഥതയും പകരുന്ന തരം വിശ്വാസങ്ങളെ ആചാരങ്ങളെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ വളരെ വലിയ ദോഷങ്ങൾ ഉണ്ടാകും. കബറിടങ്ങളാകട്ടെ, സമാധി മന്ദിരങ്ങളാകട്ടെ അവിടെയുള്ള പ്രാർത്ഥനകൾ എല്ലാം ഏതെങ്കിലും ആളുകൾക്ക് അത് അന്ധവിശ്വാസമെന്ന് തോന്നിയാൽ സമൂഹം അംഗീകരിക്കില്ല.

 

ആപേക്ഷികങ്ങളായ ഇത്തരം കാഴ്‌ച്ചപാടുകൾ വച്ചു കൊണ്ട് രാഷ്ട്രീയപരമായ അധികാരം ദുർവിനിയോഗം ചെയ്തുകൊണ്ട് ചിരന്തരമായ ആചാരങ്ങൾക്ക് എതിര് നിന്നാൽ ദുഷ്ഫലങ്ങൾ ഉണ്ടാക്കും. നിയമവാഴ്‌ച്ച നാട്ടിൽ നടക്കണം. അത് പൗരാവാകാശങ്ങളെ നിലനിർത്തികൊണ്ടായിരിക്കണം. ഭരണഘടനക്കനുസരിച്ച് ധാർമ്മികതയ്ക്കും സാമൂഹ്യനീതിക്കും വിരുദ്ധമല്ലാത്ത ഏത് ആചാരവും വിശ്വാസവും പുലർത്താനുള്ള അവകാശം എല്ലാവർക്കുമുണ്ട്. അതിന് മുകളിലുള്ള കടന്ന് കയറ്റത്തിൽ നിന്നും അനുവദിക്കുന്നില്ല. അത്തരത്തിലുള്ള നീക്കത്തിൽ നിന്നും വിവേകത്തോട് കൂടി സർക്കാർ പിന്മാറുകയാണ് വേണ്ടതെന്നും സ്വാമി ചിദാനന്ദ പുരി പറഞ്ഞു.

പ്രമാണത്തിൽ അറിയുന്നതിന് മുൻപുള്ള എല്ലാ വിശ്വാസവും അന്ധമാണ്. അതുകൊണ്ട് അന്ധവിശ്വാസം എന്ന് പറയുന്നത് തന്നെ തെറ്റാണ്. അബദ്ധ വിശ്വാസം എന്ന് തിരുത്തി പറയുകയാണ് വേണ്ടതെന്നും സ്വാമി ചിദാനന്ദപുരി മറുനാടന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. അബദ്ധ വിശ്വാസങ്ങളെ അടിസ്ഥാനമാക്കി പലതരം അനാചാരങ്ങളും ചൂഷണങ്ങളും നടക്കുന്നു. അത് നിർത്താലാക്കേണ്ടത് അത്യാവശ്യമാണ്. പക്ഷെ അത് ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ മതങ്ങളുടെ പേരിൽ മാത്രമല്ല. പല വിശ്വാസങ്ങളുടെ പേരിൽ ഇവിടെ മനുഷ്യകുരുതി വരെ നടക്കുന്നു.

ഒരിമിച്ചിരുന്നു പഠിച്ചിരുന്നവർ പോലും വളർന്നു വലുതാകുമ്പോൾ രാഷ്ട്രീയമായി ചേരിതിരിഞ്ഞ് പരസ്പരം കലഹിക്കുന്നു. മരിക്കുന്നു. കുടുംബത്തിന് നഷ്ടം. രാഷ്ട്രീയ നേതാക്കന്മാർക്കത് അത് ലാഭമാണ്. ഒരു വിഭാഗം രക്തസാക്ഷി മണ്ഡപങ്ങളുടെ പേരിലും ബലിദാനികളുടെ പേരിലും പണപിരിവുകൾ നടത്തുന്നു. കൂറ്റൻ രക്തസാക്ഷി മണ്ഡപങ്ങൾ നിർമ്മിക്കുന്നു, പുഷ്പാർച്ചന നടത്തുന്നു ഇതൊക്കെ വിശ്വാസത്തിന്റെ പേരിലല്ലെ നടക്കുന്നത്. രാഷ്ട്രീയം രാഷ്ട്ര പുരോഗതിക്കാണ് ഉപയോഗിണ്ടേത്.

കാവി ഉപയോഗിക്കാൻ പാടില്ലെന്ന് സർക്കാർ സംവിധാനങ്ങൾ പോലും പറയുന്ന സാഹചര്യമാണുള്ളത്. ഇത് ക്ഷേത്രങ്ങളും ആരാധന കേന്ദ്രങ്ങളും ധർമ്മ വിരുദ്ധമായി തീർക്കുന്ന അവസ്ഥയാണുണ്ടാക്കുന്നത്. ഇതിനെതിലരെ ഹിന്ദു സമാജം ഉണരണം. സമൂഹം നിലവിൽ നേരിടുന്ന നിരവധി പ്രശ്നങ്ങൾ ചൂണ്ടികാട്ടിയും മയക്കുമരുന്ന് പോലുള്ള ലഹരി വിപത്തിനെ ബോധവൽക്കരണവുമായി പദയാത്ര നടത്താനും യോഗം തീരുമാനിച്ചു.

സംസ്ഥാന വ്യാപകമായി സന്യാസിമാരുടെ നേതൃത്വത്തിലാണ് പദയാത്ര സംഘടിപ്പിക്കുക. സമാപന സമ്മേളനം ചെറുകോൽപുഴ ശുഭാനന്ദാശ്രമം സെക്രട്ടറി സ്വാമി ഗീതാനന്ദ ഉദ്ഘടനം ചെയ്തു. സന്യാസി സഭ ജനറൽ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, പ്രഞ്ജാനാനന്ദ തീർത്ഥപാദർ തുടങ്ങിയവർ സംസാരിച്ചു.