ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവുമധികം ആരാധകരുള്ള വനിത കായിക താരങ്ങളില്‍ ഒരാളായ ഷലറ്റ് ദുഷാഡന്‍ പാരീസിലെ ഒളിമ്പിക്സില്‍ നിന്നും പിന്മാറി. പരിശീലനത്തിനിടെ കുതിരയെ തുടര്‍ച്ചയായി ചാട്ടവാര്‍ കൊണ്ട് അടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതിനെ തുടര്‍ന്നാണിത്. 2012 ല്‍ ലണ്ടന്‍ ഒളിമ്പിക്സില്‍ ലഭിച്ച രണ്ട് സ്വര്‍ണ്ണ മെഡലടക്കം ആറ് ഒളിമ്പിക്സ് മെഡലുകള്‍ കരസ്ഥമാക്കിയിട്ടുള്ള ഡെസാഷ് റൈഡര്‍ ആണ് ദുഷാഡന്‍. ഫ്രഞ്ച് ഒളിമ്പിക്സില്‍ വ്യക്തിഗത ഇനങ്ങളിലും ടീം മത്സരങ്ങളിലും പങ്കെടുക്കുവാന്‍ ഇവര്‍ തയ്യാറെടുപ്പുകള്‍ നടത്തുകയായിരുന്നു.

എന്നാല്‍, വെള്ളിയാഴ്ച പാരീസില്‍ ആരംഭിക്കുന്ന ഒളിമ്പിക്സില്‍ നിന്നും ഇവര്‍ ഇപ്പോള്‍ പിന്മാറിയിരിക്കുകയാണ്. ഒരു പരിശീലന സമയത്ത് വരുത്തിയ പിഴവ് മൂലമാണ് പിന്മാറുന്നത് എന്നാണ് അവരുടെ വിശദീകരണം. അതേസമയം, ഒരു പരാതി ലഭിച്ചതിനെ തുടര്‍ന്ന് ദുഷാഡനെ ആറ് മാസത്തേക്ക് താത്ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തതായി ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഫോര്‍ ഇക്വെസ്റ്റേറിയന്‍ സ്പോര്‍ട്ട്‌സ് (എഫ് ഇ ഐ) അറിയിച്ചു.

ഇത് വിവാദമാക്കിയ നിയമജ്ഞന്‍ സ്റ്റീഫന്‍ വെന്‍സിംഗ് പറഞ്ഞത് ഇവര്‍ ഇത്തരത്തില്‍ നിരവധി തവണ കുതിരയോട് പെരുമാറുന്നത് കണ്ടിട്ടുണ്ടെന്നാണ് ഇവര്‍ക്കൊപ്പം ജോലി ചെയ്തവര്‍ പറഞ്ഞത് എന്നാണെന്ന് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കുതിരയോടുള്ള പെരുമാറ്റം സഹിക്കാന്‍ കഴിയാതെയാണ് ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയതെന്നും അവര്‍ പറഞ്ഞുവത്രെ.

ദുഷാഡിന്റെ സമൂഹത്തിലെ നിലയും വിലയും പരിഗണിച്ചാണ് തന്റെ കക്ഷി ഇക്കാര്യം നേരത്തെ വെളിപ്പെടുത്താതിരുന്നതെന്നും എന്നാല്‍, ഒളിമ്പിക്സ് അടുത്തു വരുന്ന ഘട്ടത്തില്‍ ഇത് പുറത്തു വിടാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു എന്നും വെന്‍സിംഗ് പറഞ്ഞു. ഡ്രസാഷ് സമൂഹത്തിലെ മറ്റുള്ളവര്‍ ഇക്കാര്യം പുറത്തു പറയരുതെന്ന് തന്റെ കക്ഷിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായും അഭിഭാഷകന്‍ പറഞ്ഞു.

യു കെയിലെ ഒരു സ്വകാര്യ കുതിരലായത്തില്‍ രണ്ടു വര്‍ഷം മുന്‍പ് നടന്ന സംഭവമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. തന്റെ കക്ഷി ഒരു സ്പോണ്‍സര്‍ എന്ന നിലയില്‍ അവിടെ സന്നിഹിതനായിരുന്നു എന്നും അഭിഭാഷകന്‍ പറഞ്ഞു. അവിടെ ചില വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിനിടയിലായിരുന്നു ദുഷാഡിന്‍ നീളമുള്ള ചാട്ടവാറെടുത്ത് ഒരു മിനിറ്റില്‍ 24 ല്‍ ഏറെ തവണ കുതിരയെ അടിച്ചത്. മൃഗങ്ങളോടുള്ള ക്രൂരത എന്ന നിലയില്‍ ഇക്കാര്യം ഇപ്പോള്‍ എഫ് ഇ ഐ അന്വേഷിക്കും. ഒപ്പം ബ്രിട്ടീഷ് ഡ്രസാഷും ഇക്കാര്യം അന്വേഷിക്കും. ഇരു സംഘടനകളും ദുഷാഡിനെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. ഇക്കാലം എല്ലാ ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നും അവര്‍ക്ക് വിലക്കുമുണ്ട്.

അതേസമയം, നാലു വര്‍ഷം മുന്‍പ് ഒരു പരിശീലന സമയത്ത് തനിക്ക് പറ്റിയ ഒരു പിഴവിന്റെ വീഡിയോ ദൃശ്യം ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. അത് അറിയാതെ സംഭവിച്ചതാണ്. താന്‍ കുതിരകളെയും തന്റെ വിദ്യാര്‍ത്ഥികളെയും പരിശീലിപ്പിക്കുന്ന രീതിയുടെ പ്രതിഫലനമല്ല. എന്നിരുന്നാലും, ഒരു ഒഴിവു കഴിവും പറയുന്നില്ല, അന്ന് ചെയ്തതില്‍ ഞാന്‍ ഏറെ ലജ്ജിക്കുന്നു. എന്നാണ് ദുഷാഡിന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.