കൊച്ചി: ഇനിയാരും വിളിക്കേണ്ട... പാചകക്കാരൻ റെഡിയായി. സോഷ്യൽ മീഡിയയിൽ വൈറലായ പത്ര പരസ്യം കണ്ട് വിളിക്കുന്നവർക്ക് മറുപടി നൽകി മടുത്തിരിക്കുകയാണ് തമിഴ്‌നാട്ടിലെ ഹോസ്റ്റൽ മുതലാളിയും മാനേജരും. ഏതാനും ദിവസങ്ങൾക്കു മുൻപാണ് തമിഴ്‌നാട്ടിലെ 'ഈറോഡി'ലുള്ള ഒരു വിമൻസ് ഹോസ്റ്റലിലേക്ക് കേരളാ ഭക്ഷണം പാകം ചെയ്യാനറിയാവുന്ന പുരുഷ പാചകക്കാരനെ ആവശ്യമുണ്ടെന്ന പരസ്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. സോഷ്യൽ മീഡിയയിൽ ഇത് പ്രചരിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. പാചകക്കാരൻ താമസിക്കേണ്ടത് ലേഡീസ് ഹോസ്റ്റലിൽ തന്നെയായിരിക്കണം എന്ന നിബന്ധനയും ഉള്ളതിനാലായിരുന്നു. ഇത്തരം ഒരു നിബന്ധനയുണ്ടായിരുന്നതിനാൽ സംഭവം സോഷ്യൽ മീഡിയയിൽ വൈറലാകുകയായിരുന്നു. ഇതോടെ പരസ്യത്തിൽ നൽകിയിരുന്ന നമ്പറുകളിലേക്ക് മലയാളികളുടെ ഫോൺ വിളിയുടെ പ്രളയമായിരുന്നു.

'കേരളാ പാചക വിദഗ്ദ്ധനെ ആവശ്യമുണ്ട്.
കേരളാ ഭക്ഷണം മാത്രം. ശമ്പളം 30,000 രൂപ പ്രതിമാസം.
പുരുഷന്മാർ ലേഡീസ് ഹോസ്റ്റലിൽ താമസിക്കണം.'
ഇങ്ങനെയായിരുന്നു പരസ്യം. ഒപ്പം ഉടമയുടെയും മാനേജരുടെയും നമ്പറും.

'ഈറോഡി'ൽ പ്രവർത്തിക്കുന്ന രാമൻസ് ഹിസെയ്ഫ് വിമൻസ് ഹോസ്റ്റൽ ഉടമ കെ.ആർ രാമനാഥനാണ് പരസ്യം നൽകിയത്. പരസ്യം സോഷ്യൽ മീഡിയയിൽ വൈറലായ കാര്യം മറുനാടൻ പറയുമ്പോൾ മാത്രമാണ് രാമനാഥൻ അറിയുന്നത്. 'കഴിഞ്ഞ ആഴ്ച മലയാള മനോരമ മലബാർ എഡിഷനിൽ മാത്രമായിരുന്നു പരസ്യം. 250 ഓളം പേർ താമസിക്കുന്ന ഹോസ്റ്റലിൽ ഭൂരിഭാഗം സ്ത്രീകളും മലയാളികളാണ്. അതിനാൽ അവർക്ക് കേരളാ ഭക്ഷണത്തിനോടാണ് താൽപര്യം. നിലവിലുണ്ടായിരുന്ന പാചകക്കാരൻ ജോലിയിൽ നിന്നും പിരിഞ്ഞു പോകുന്നതു കൊണ്ടാണ് പുതിയ പാചകക്കാരനായുള്ള പരസ്യം നൽകിയത്. പരസ്യം നൽകി ദിവസങ്ങൾക്കകം തന്നെ മലപ്പുറത്തുള്ള ഒരു പാചകക്കാരനെ ജോലിക്കെടുക്കുകയും ചെയ്തു. ഒരാഴ്ച കഴിഞ്ഞപ്പോൾ മുതൽ തന്റെയും മലയാളിയായ മാനേജർ സിജുവിന്റെയും ഫോണിൽ നിരവധി കോളുകൾ വരാൻ തുടങ്ങിയത്. അവരോടെല്ലാം ജോലിക്കാരനെ എടുത്തു എന്ന് മറുപടിയും നൽകുന്നുണ്ട്. ഇപ്പോൾ നിങ്ങൾ ബന്ധപ്പെടുമ്പോഴാണ് സോഷ്യൽ മീഡിയയിൽ പരസ്യം പ്രചരിച്ചതും വൈറലായതും അറിയുന്നത്' ,കെ.ആർ രാമനാഥൻ പറഞ്ഞു.

സോഷ്യൽ മീഡിയയിൽ ട്രോളുകളായി ചിരിപടർത്തി പരസ്യം പ്രചരിച്ചു കൊണ്ടിരിക്കുന്നതിനാൽ മറുനാടനോട് സംസാരിച്ചിരിക്കുമ്പോഴും രാമനാഥന്റെ മൊബൈലിലേക്ക് കോൾ വന്നു കൊണ്ടിരിക്കുകയാണ്. പുരുഷന്മാർ ലേഡീസ് ഹോസ്റ്റലിൽ താമസിക്കണം എന്ന് പ്രത്യേകം എടുത്തു പറഞ്ഞത് എന്തിനാണ് എന്ന ചോദ്യത്തിന് മറുപടി നൽകിയത് ഇങ്ങനെ. 'ഹോസ്റ്റൽ വളപ്പിനുള്ളിൽ തന്നെയാണ് ജീവനക്കാർക്ക് താമസിക്കാനുള്ള സൗകര്യം. സുരക്ഷാ കാരണങ്ങളാലാണ് ഇങ്ങനെ ക്രമീകരിച്ചിരിക്കുന്നത്. കാരണം ത്രീ സ്റ്റാർ സൗകര്യമുള്ള ഹോസ്റ്റലാണ്. ജോലിക്ക് വരുന്നവർക്ക് ചിലപ്പോൾ ലേഡീസ് മാത്രമുള്ളിടത്ത് താമസിക്കാൻ ബുദ്ധിമുട്ടുണ്ടാവും. അതിനാലാണ് അക്കാര്യം എടുത്ത് പറഞ്ഞത്.'

രസകരമായ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്. എങ്കിലും ഇപ്പോൾ ഫോൺ എടുക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് രാമനാഥൻ പറയുന്നു. ഇനി ആരും വിളിച്ചു ബുദ്ധിമുട്ടിക്കരുതേ എന്നാണ് രാമനാഥൻ ഇപ്പോൾ പറയുന്നത്.