കൊച്ചി: പക്ഷിപ്പനിയ്‌ക്കൊപ്പം സുനാമി ഇറച്ചിയും. കേരളം ഭീതിയിലാണ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന ഒരു വശത്ത് തുടരുമ്പോൾ ഫാമുകളിലും കടത്തിലും കള്ളക്കളികൾ തുടരുന്നു. കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് തമിഴ്‌നാട്ടിൽനിന്ന് 'സുനാമി ഇറച്ചി' എത്തുന്നു. ഇതിനൊപ്പമാണ് പക്ഷിപ്പനി ഭീതി. സുനാമി ഇറച്ചിയും കടത്തുമാണ് കേരളത്തിൽ പക്ഷിപ്പനിയെത്തിക്കുന്നതെന്നും സംശയമുണ്ട്. ഏതായാലും സർക്കാർ സംവിധാനങ്ങൾ നിലച്ച മട്ടാണ്.

തമിഴ്‌നാട്ടിലെ കോഴി ഫാമുകളിൽ ചത്ത കോഴികളെ നിസ്സാര വിലയ്ക്ക് കേരളത്തിലേക്ക് ഇറച്ചിയാക്കി കൊണ്ടുവരുന്നതിനെയാണ് സുനാമി ഇറച്ചി എന്നു പറയുന്നത്. ചത്തതോ കൊന്നതോ എന്ന് പരിശോധനയിൽ വ്യക്തമാകാത്തതും ഇത്തരം മാഫിയയ്ക്ക് തുണയാണ്. സുനാമി ഇറച്ചിക്കച്ചവടത്തിന് തടയിടാൻ നേരത്തേ ശക്തമായ പരിശോധനകളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത് നിലച്ചിരിക്കുകയാണ്. ഈ കോഴിയെ പാചകം ചെയ്ത് കടകളിൽ നൽകുന്നു. ഷവർമ്മ കച്ചവടത്തിന് കരുത്ത് ഈ സുനാമി കോഴികളാണെന്ന സംശയവുമുണ്ട്.

നഗരങ്ങളിൽ ഷവർമ, അൽഫാം, മന്തി വിൽപ്പന കേന്ദ്രങ്ങൾ പെരുകിയതോടെ കോഴിയിറച്ചിക്ക് ആവശ്യക്കാർ കൂടിയിട്ടുണ്ട്. കോഴിയിറച്ചി വില നാൾക്കുനാൾ കൂടുമ്പോൾ താരതമ്യേന പകുതി വിലയ്ക്ക് കിട്ടുന്ന സുനാമി ഇറച്ചിയിലേക്ക് ചിലർ തിരിയുന്നത് സ്വാഭാവികം. എന്നിട്ടും കോഴി വില കുറയുന്നില്ല. ഭക്ഷണ സാധനങ്ങൾക്ക് വില ഉയരുകയും ചെയ്യുന്നു. രോഗം വന്ന ചത്ത കോഴികളെയാണ് കേരളത്തിലേക്ക് കടത്തുന്നത്. ഇതിലൂടെ പക്ഷിരോഗങ്ങൾ കേരളത്തിലും എത്തുന്നു. ആലപ്പുഴയിലും കോട്ടയത്തും തിരുവനന്തപുരത്തും കോഴിക്കോടും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

കിലോയ്ക്ക് 50 രൂപയ്ക്കു താഴെ മതി എന്നതിനാൽ സുനാമി ഇറച്ചിക്ക് ഡിമാൻഡാണ്. അതിർത്തിയിൽ പരിശോധന ഒഴിവാക്കാൻ തീവണ്ടിയിലും മറ്റുമാണ് ഇത് തമിഴ്‌നാട് അതിർത്തി കടന്നെത്തുന്നത്. കേരളത്തിൽ വെച്ച് മൊത്ത വിതരണക്കാർ ഏറ്റെടുക്കും. പിന്നീട് ഏകീകൃത വിൽപ്പന കേന്ദ്രത്തിലെത്തിക്കുകയും അവിടെ നിന്ന് വിതരണം ചെയ്യുകയുമാണ് പതിവ്. രാത്രിയിലെത്തിക്കുന്ന ഇറച്ചി പുലർച്ചെയോടെ കടകളിൽ എത്തിക്കും. ഇത് ഹോട്ടലുകളിലൂടേയും ബേക്കറിയിലൂടെയും ജനങ്ങളിലേക്കും എത്തും. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരും ഇതിന് കൂട്ടു നിൽക്കുന്നു.

ഒറ്റപ്പെട്ട വീടുകളോ കടകളോ ആകും ഇത്തരത്തിൽ ഏകീകൃത വിൽപ്പന കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നത്. ഇത്തരം കേന്ദ്രങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പിനോ ഭക്ഷ്യസുരക്ഷാ വകുപ്പിനോ അറിവുണ്ടാകില്ല. ഒരു ലൈസൻസുമില്ലാതെയാകും പ്രവർത്തനം. നാട്ടുകാരും മറ്റും പരാതിപ്പെടുമ്പോൾ മാത്രമാണ് അധികൃതർ എത്തുന്നത്. ഇതും പല സ്ഥലത്ത് പ്രഹസന പരിശോധനയാകും. കൈക്കൂലിയും വാങ്ങി അവർ മടങ്ങും.അഴുകി ദുർഗന്ധംവമിക്കുന്ന 487 കിലോഗ്രാം കോഴിയിറച്ചി കളമശ്ശേരി കൈപ്പടമുകളിലെ വീട്ടിൽനിന്ന് നഗരസഭാ ആരോഗ്യവിഭാഗം കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

മുറിച്ചതും അല്ലാത്തതുമായ ഇറച്ചി പ്ലാസ്റ്റിക് പായ്ക്കറ്റുകളിലാക്കി മൂന്ന് അറകളുള്ള രണ്ടു ഫ്രീസറുകളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. മസാലപുരട്ടിയതും ഉണ്ട്. പിടിച്ചെടുത്തവ അഴുകിത്തുടങ്ങിയനിലയിലായിരുന്നു. ചുറ്റും വട്ടമിട്ട് ഈച്ചകൾ പറക്കുന്നനിലയിലും. കളമശ്ശേരി സർക്കിൾ ഭക്ഷ്യസുരക്ഷാ ഓഫീസർ എം.എൻ. ഷംസിയ സാംപിൾ പരിശോധനയ്‌ക്കെടുത്തിട്ടുണ്ട്. ചെറുകിട ഹോട്ടലുകൾക്കും തട്ടുകടകൾക്കും ഷവർമ, അൽഫാം ആവശ്യങ്ങൾക്കായി മാംസം വിതരണംചെയ്തിരുന്ന കേന്ദ്രമാണിതെന്ന് നാട്ടുകാർ പറയുന്നു. പാലക്കാട് മണ്ണാർക്കാട് സ്വദേശി ജുനൈസാണ് സ്ഥാപനം നടത്തിയിരുന്നത്.

ഒരു ഫ്രീസറിനു മാത്രമാണ് വൈദ്യുതി കണക്ഷൻ ഉണ്ടായിരുന്നത്. കന്നാസുകളിൽ സൂക്ഷിച്ചിരുന്ന 150 കിലോഗ്രാംവരുന്ന കറുത്തനിറമായ പാചക എണ്ണയും പിടിച്ചെടുത്തിട്ടുണ്ട്. മലിനജലം പുറത്തേക്കൊഴുക്കുന്നുവെന്നും രൂക്ഷമായ ദുർഗന്ധമുണ്ടെന്നും പരാതിപ്പെട്ട് ബുധനാഴ്ച രാത്രി പരിസരവാസികൾ കളമശ്ശേരി നഗരസഭാ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഇവിടെനിന്ന് ആറുമാസമായി നഗരത്തിലെ വിവിധ ഹോട്ടലുകളിലേക്ക് മാംസം വിതരണം ചെയ്യുന്നുണ്ട്. വ്യാഴാഴ്ച രാവിലെയും കൊണ്ടുപോയിരുന്നുവെന്ന് ജീവനക്കാർ ഉദ്യോഗസ്ഥരോട് പറഞ്ഞു. പരിശോധനസമയത്ത് നടത്തിപ്പുകാർ ഉണ്ടായിരുന്നില്ല.

ഭക്ഷ്യസുരക്ഷാ ലൈസൻസോ മറ്റ് അനുമതികളോ ഇല്ലാതെയാണ് ഇത്രയേറെ ഇറച്ചി സൂക്ഷിച്ചതെന്നും നടത്തിപ്പുകാരിൽനിന്ന് പിഴ ഈടാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പഴകിയ കോഴിയിറച്ചി ബ്രഹ്‌മപുരത്തെ മാലിന്യസംസ്‌കരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.