ഉത്തരകാശി: സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാനുള്ള ദൗത്യം അവസാന ഘട്ടത്തിൽ. ദേശീയ ദുരന്ത പ്രതികരണ സേനാംഗങ്ങൾ തുരങ്കത്തിലേക്ക് പ്രവേശിച്ചു. ഓഗർ യന്ത്രം ഉപയോഗിച്ചുള്ള ഡ്രില്ലിങ് വഴി 44 മീറ്ററിൽ പൈപ്പ് സ്ഥാപിച്ചുകഴിഞ്ഞു. ഒമ്പതാമത്തെ പൈപ്പിന്റെ അലൈന്മെന്റും, പൊസിഷിനിങ്ങും വെൽഡിങ്ങും പുരോഗമിച്ചു വരികയാണ്. വ്യാഴാഴ്ച പുലർച്ചയോടെ ശുഭവാർത്ത പുറത്തുവരുമെന്നാണ് അധികൃതർ പറയുന്നത്.

പുതിയ ബ്ലേഡുകളും മറ്റു അറ്റക്കുറ്റപ്പണിക്കുമായി ഓഗർ യന്ത്രം പുറത്തെടുത്തിരുന്നു. ഏകദേശം 12 മീറ്റർ മാത്രമാണ് ഇനി താണ്ടാനുള്ളത്. അവിടെ കിടക്കുന്ന പാറകളും മറ്റ് അവശിഷ്ടങ്ങളും തുളച്ചുവേണം തൊഴിലാളികളുടെ അടുത്ത് എത്താൻ. നേരത്തെ ഡ്രില്ലിങ് മെഷീൻ ഇരുമ്പ് പാളിയിൽ ഇടിച്ചത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. യന്ത്രത്തിന്റെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു. ഇരുമ്പ് പാളി മുറിച്ചുമാറ്റാനും ശ്രമിക്കുകയാണ്. ഇരുമ്പ് പാളിയിൽ ഇടിച്ച് ചളുങ്ങിയ 800 മില്ലീ മീറ്റർ പൈപ്പ് മുറിച്ചുനീക്കേണ്ടതുണ്ട്. കുടുങ്ങിക്കിടക്കുന്നവരുള്ള ഇടത്തേക്ക് എത്താൻ 12 മീറ്ററോളം പൈപ്പ് മാത്രമാണ് ഇനി ഇടാനുള്ളതെന്നും എൻഡിആർഎഫ് സേനാംഗങ്ങൾ പറഞ്ഞു.

അതേസമയം, തൊഴിലാളികളെ രക്ഷിക്കാനുള്ള ഒരുക്കങ്ങൾ പുറത്ത് പൂർത്തിയായിരിക്കുകയാണ്. രക്ഷപ്പെടുത്തുന്ന തൊഴിലാളികൾക്കായി 41 കിടക്കകളുള്ള ആശുപത്രി സജ്ജമാക്കിയിട്ടുണ്ട്. ഉത്തരകാശിയിൽ ടണലിനടുത്തുള്ള ചിന്യാലിസൗറിലാണ് ആശുപത്രി സജ്ജീകരിച്ചത്. വൈദ്യപരിശോധന ഇവിടെ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. ചിന്യാലിസൗറിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് ആശുപത്രി സജ്ജീകരിച്ചിരിക്കുന്നത്.

എല്ലാവരും സുരക്ഷിതരാണെന്നും ഒരുക്കങ്ങൾ പൂർത്തിയായെന്നും അധികൃതർ അറിയിച്ചു. തൊഴിലാളികളെ പൈപ്പിലൂടെ പുറത്തെത്തിക്കാനാണു നീക്കം. പുറത്തെത്തിച്ചശേഷം ഇവരുടെ ആരോഗ്യസ്ഥിതി പരിശോധിക്കും. വലിയ പ്രശ്‌നമില്ലാത്തവരെ ജില്ലാ ആശുപത്രിയിൽ കാണിച്ചശേഷം വീട്ടിലേക്കു പോകാൻ അനുവദിക്കും. ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ ഡൽഹി എയിംസ് ആശുപത്രിയിലേക്കു കൊണ്ടുപോകും. ഇതിനായി തുരങ്കത്തിനു സമീപത്തു ഹെലിപാഡ് സജ്ജമാക്കി.

കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ആദ്യം തിരിച്ചടിയായത് അവശിഷ്ടങ്ങൾക്കിടയിലെ സ്റ്റീൽ കഷണങ്ങളും പാറക്കല്ലുകളുമായിരുന്നു. നവംബർ 12-ന് കൂറ്റൻ ഓഗർയന്ത്രം ഉപയോഗിച്ച് ആരംഭിച്ച തുളയ്ക്കൽ തുരങ്കം കൂടുതൽ തകരാനിടയാക്കുമെന്നും തൊഴിലാളികളുടെ ജീവന് ഭീഷണിയാകുമെന്നും കണ്ടെത്തിയതിനെ തുടർന്നാണ് നിർത്തിവെച്ചത്. തുടർന്ന് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന പ്രദേശം ശക്തിപ്പെടുത്തിയാണ് ഡ്രില്ലിങ് പുനരാരംഭിച്ചത്. തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളും സുരക്ഷിതരാണെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. തുരങ്കത്തിനകത്തേക്ക് തിങ്കളാഴ്ച സ്ഥാപിച്ച കുഴലിലൂടെ എൻഡോസ്‌കോപിക് ക്യാമറ കടത്തി തൊഴിലാളികളുടെ ദൃശ്യങ്ങൾ പകർത്തി. മറ്റൊരു നാലിഞ്ച് കംപ്രസർ ട്യൂബ് വഴി തൊഴിലാളികൾ പുറത്തുള്ള ബന്ധുക്കളുമായി സംസാരിക്കുകയും ചെയ്തിരുന്നു.

തൊഴിലാളികൾക്കുള്ള ഭക്ഷണവും വെള്ളവും ആറ് ഇഞ്ച് വ്യാസമുള്ള പൈപ്പിലൂടെയാണ് നൽകുന്നത്. ഇതുവഴി എൻഡോസ്‌കോപ്പി ക്യാമറ കടത്തിവിട്ടാണ് ദൃശ്യങ്ങൾ പകർത്തിയത്. വാക്കിടോക്കിയിലൂടെ രക്ഷാപ്രവർത്തകരും കുടുംബാംഗങ്ങളും തൊഴിലാളികളുമായി സംസാരിക്കുന്നുണ്ട്. തൊഴിലാളികൾക്കുള്ള ഭക്ഷണവും വെള്ളവും ആറ് ഇഞ്ച് വ്യാസമുള്ള പൈപ്പിലൂടെയാണ് നൽകുന്നത്. ഇതുവഴി എൻഡോസ്‌കോപ്പി ക്യാമറ കടത്തിവിട്ടാണ് ദൃശ്യങ്ങൾ പകർത്തിയത്. വാക്കിടോക്കിയിലൂടെ രക്ഷാപ്രവർത്തകരും കുടുംബാംഗങ്ങളും തൊഴിലാളികളുമായി സംസാരിക്കുന്നുണ്ട്.

ബിഹാർ, ഝാർഖണ്ഡ്, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, ഒഡിഷ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്. ബ്രഹ്‌മഖൽ - യമുനോത്രി ദേശീയപാതയിൽ സിൽക്യാരയ്ക്കും ദണ്ഡൽഗാവിനും ഇടയിലുള്ള തുരങ്കത്തിൽ ഞായറാഴ്ച രാവിലെ ഏഴോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ചാർധാം റോഡുപദ്ധതിയുടെ ഭാഗമായാണ് തുരങ്കം നിർമ്മിക്കുന്നത്. യാഥാർഥ്യമായാൽ ഉത്തരകാശിയിൽനിന്ന് യമുനോത്രിയിലേക്കുള്ള യാത്രയിൽ 26 കിലോമീറ്റർ ദൂരം കുറയും.