കാസർകോട്: കുമ്പളയിലെ ഫർഹാന്റെ അപകട മരണത്തിൽ പൊലീസിനെതിരെ ഉയർന്ന ആരോപണങ്ങൾ തള്ളി ക്രൈംബ്രാഞ്ച് റിപ്പോർട്ട് പുറത്തു വന്നിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന നിലപാടിലാണ് കുടുബങ്ങളും ലീഗ് നേതാക്കളും. ഫർഹാന്റെ മരണത്തെ തുടർന്നുണ്ടായ പ്രാദേശിക വികാരം ആയിട്ടാണപൊലീസ് നടപടിക്ക് എതിരെ ഉയർന്നു വന്ന പ്രതിഷേധത്തെ മുതിർന്ന പൊലീസ് ഉദ്യഗസ്ഥർ കണക്കാക്കുന്നത്. സംഭവത്തിന് പിന്നാലെ നിരവധി വിവരeവകാശ അപേക്ഷകളാണ് പൊലീസിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ വിവരാവകാശം ലഭിക്കുന്നത് കുട്ടി ഡ്രൈവർമാരുടെ കേസുകളുടെ കണക്കുകൾ അറിയാനായിട്ടാണ്.

ജില്ലയിൽ ആകെ കുട്ടി ഡ്രൈവർക്ക് (പ്രായപൂർത്തിയാകാത്ത) വാഹനം ഓടിക്കാൻ നൽകിയതിനു 2 മാസത്തിനുള്ളിൽ കോടതി 70 കേസുകളിലാണ് ശിക്ഷ വിധിച്ചത്. കോടതി പിരിയുന്നതുവരെ തടവിനു ശിക്ഷിച്ചതിനു പുറമേ ഇവരിൽ നിന്നു പിഴയായി ഈടാക്കിയത് 17.50 ലക്ഷം രൂപയാണ്. 25,000 രൂപ വീതം പിഴയും കോടതി പിരിയുന്നത് വരെ തടവുമാണ് 70 പേർക്ക് ലഭിച്ചത്. കുട്ടികൾ ഓടിച്ച വാഹനത്തിന്റെ ആർസി ഉടമകൾ അല്ലെങ്കിൽ വാഹനം ഓടിക്കാൻ നൽകിയവരെ പ്രതി ചേർത്താണ് പൊലീസ് കേസെടുത്ത് നിയമ നടപടി സ്വീകരിക്കുന്നത്. ആർസി ഉടമകളാണ് ശിക്ഷിക്കപ്പെട്ടതിൽ ഏറെയും. പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ ജില്ലയിലെ കീഴ്‌കോടതികളിൽ നിന്നു വിചാരണ പൂർത്തിയാക്കിയവയാണു ശിക്ഷയ്ക്കായി സിജെഎം കോടതിയിൽ എത്തുന്നത്. ഇനിയും നിരവധി കേസുകളിൽ വിധി പറയാനുണ്ട്.

അതെ സമയം ഇരുചക്രവാഹനവും കാറുകളും ഉൾപ്പെടെയുള്ള വാഹനങ്ങൾ ഓടിക്കുന്ന പ്രായപൂർത്തിയാകാത്തവരുടെ എണ്ണത്തിൽ ജില്ലയിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. കുട്ടി ഡ്രൈവർമാരുടെ എണ്ണം വർധിച്ചതോടെ പൊലീസ് രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണവും കൂടി. 2022 ൽ 149 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ ഈ വർഷം ഓഗസ്റ്റ് വരെ 221 കേസുകളാണ് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുട്ടികൾ നേരത്തെ ശിക്ഷിക്കപ്പെടാതെ രക്ഷപ്പെടുന്ന പതിവ് രീതികൾ മാറിയതോടെയാണ് കേസുകൾ വർധിച്ചത് .

പൊലീസ് സ്റ്റേഷനിൽ എത്തുന്ന രക്ഷിതാക്കളുടെ കണ്ണീരിന് മുന്നിൽ പൊലീസ് മുട്ട് മടക്കുകയും, ചെറിയ പിഴ ഈടാക്കി പറഞ്ഞു വിടുകയും ചെയുന്നതായിരുന്നു നേരത്തെ ഉണ്ടായിരുന്നു രീതി. ഇനി മുതൽ ഇത്തരത്തിൽ പിടിക്കപ്പെട്ടാൽ നിയമം മാത്രം നോക്കിയാൽ മതിയെന്നാണ് പൊലീസിന് മുതിർന്ന ഉദ്യാഗസ്ഥരിൽ നിന്ന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. വാഹന അപകടം ഉണ്ടായാൽ കൃത്യമായി തന്നെ കാര്യങ്ങൾ രേഖപ്പെടുത്താനും പൊലീസിന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതാണെങ്കിലും ലൈസൻസില്ലാത്ത വണ്ടി ഓടിച്ചതായാലും ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കിലും വാഹനത്തിൽ അമിതമായ ആളുകളെ കുത്തി നിറച്ചതായാലും എല്ലാ വിവരങ്ങളും വാഹന അപകട കേസുകളിൽ ഒരു വിട്ടുവീഴ്ചയുമില്ലാതെ തന്നെ രേഖപ്പെടുത്താനാണ് നിർദ്ദേശം. നിയമം പൊലീസ് ശക്തമായി നടപ്പാക്കിയാൽ ഇൻഷുറൻസ് കേസുകളെയും ബാധിക്കും. പൊലീസ് പരിശോധനയ്ക്കിടെ കുട്ടി ഡ്രൈവർമാരെ പിടികൂടിയാൽ വാഹന ഉടമയുടെ അല്ലെങ്കിൽ ഓടിക്കാൻ നൽകിയവരുടെ പേരുകളിലാണ് കേസെടുക്കുന്നത്.

അതെ സമയം കഴിഞ്ഞ ദിവസം തൃക്കരിപ്പൂരിൽ കുട്ടി ഡ്രൈവർമാരെ പിടികൂടിയതിൽ രണ്ട് അമ്മമാർക്കെതിരെ കേസ് എടുത്തിരിക്കുകയാണ് വാഹന പരിശോധനയ്ക്കിടെ പടന്ന ജിയുപി സ്‌കൂൾ പരിസരത്ത് നിന്നു ചന്തേര സിഐ ജി.പി.മനുരാജ് സ്‌കൂട്ടർ ഓടിച്ചു വന്ന 16 വയസ്സുകാരനെ പിടികൂടിയപ്പോൾ മറ്റൊരു സംഭവത്തിൽ പടന്നയിൽ തന്നെ ബൈക്ക് ഓടിച്ചു വന്ന 17 വയസ്സുകാരനെ ചന്തേര എസ്‌ഐ പ്രദീപ് കുമാർ പിടികൂടി. ബൈക്ക് കസ്റ്റഡിയിലെടുത്ത പൊലീസ് കുട്ടികളുടെ അമ്മമാർക്കെതിരെ കേസെടുത്തിരിക്കുകയാണ് .

ജില്ലയിൽ ഉടനീളം കുട്ടിഡ്രൈവർമാരെ കണ്ടെത്താൻ സ്‌കൂളുകളും റോഡുകളും കേന്ദ്രീകരിച്ച് പൊലീസും വാഹന വകുപ്പും ഷാഡോ സ്‌ക്വാഡ് ചേർന്ന് കർശന നിരീക്ഷണം ഈ മാസം ആദ്യം തന്നെ ആരംഭിച്ചിരുന്നു. ലൈസൻസിലാത്ത കുട്ടികൾ വാഹനം ഓടിക്കുന്നതും പൊലീസ് പരിശോധനകളെയും ട്രാഫിക് ക്യാമറകളെയും വെട്ടിച്ചു കടന്നു പോകുന്നതും വലിയ അപകടം ക്ഷണിച്ചു വരുത്തുമെന്ന് പൊലീസ് മുന്നറിപ്പ് നൽകുന്നു .

കുട്ടി ഡ്രൈവർമാർക്കുള്ള ശിക്ഷകൾ

വാഹനത്തിന്റെ ഉടമസ്ഥനോട് 25,000 രൂപ പിഴ ഈടാക്കും. വാഹനത്തിന്റെ രജിസ്ട്രേഷൻ ഒരു വർഷത്തേക്ക് റദ്ദ് ചെയ്യും. 18 വയസ്സിനു താഴെയുള്ള വ്യക്തി വാഹനമോടിച്ചാൽ 25 വയസ്സുവരെ ഇന്ത്യൻ യൂണിയൻ ലൈസൻസ് കിട്ടാൻ യോഗ്യതയില്ലാതാകും. മാതാപിതാക്കൾക്കെതിരേ കേസെടുക്കും. മാതാപിതാക്കൾക്ക് മൂന്നുമാസംവരെ തടവ് ശിക്ഷ ലഭിക്കും.

അപകടം സംഭവിച്ചാൽ

ലൈസൻസില്ലാതെ വാഹനമോടിച്ച് ആർക്കെങ്കിലും പരിക്കുപറ്റുകയോ ജീവന് ആപത്ത് സംഭവിക്കുകയോ ചെയ്താൽ മാതാപിതാക്കൾക്ക് വലിയ ശിക്ഷയാണ് ലഭിക്കുക. മരിച്ചയാളുടെ ജോലി, വീട്ടുകാരുടെ അവസ്ഥ, വയസ്സ്, വരുമാനം എന്നിവ നോക്കിയാണ് കോടതി നഷ്ടപരിഹാരം വിധിക്കുക. ലൈസൻസില്ലാതെയാണ് വാഹനമോടിക്കുന്നതെങ്കിൽ കോടിക്കണക്കിന് രൂപ ആർ.സി. ഉടമ നൽകേണ്ടി വരും.