തിരുവനന്തപുരം: സര്‍വ്വകലാശാലകളിലെ മരാമത്ത് - ഡിജിറ്റലൈസേഷന്‍ ജോലികള്‍ ഊരാളുങ്കല്‍ സൊസൈറ്റിയെ ടെന്‍ഡര്‍ ഒഴിവാക്കി നല്‍കുന്നതില്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതി. ടെന്‍ഡര്‍ ഇല്ലാതെ കരാര്‍ നല്‍കുന്നത് വ്യാപകമായ സാമ്പത്തിക ക്രമക്കേടുകള്‍ക്ക് വഴിവയ്ക്കുന്നുവെന്നും, സര്‍വകലാശാല ഫണ്ട് ക്രമവിരുദ്ധമായി ചെലവിടുന്നതും സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കും സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ക്കും പരാതി നല്‍കി.

കണ്ണൂര്‍, കാലിക്കറ്റ്, എംജി, മലയാളം, സാങ്കേതിക സര്‍വ്വകലാശാലകളുടെ 116 കോടി രൂപയുടെ മരാമത്ത് പണികള്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി നല്‍കിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിയമസഭയെ അറിയിച്ച പശ്ചാത്തലത്തിലാണ് പരാതി. പാനല്‍ ടെന്‍ഡര്‍ ക്ഷണിക്കാതെയും ഊരാളുങ്കലിന് കരാറുകള്‍ നല്‍കിയിട്ടുണ്ട്. ടി.വി. ഇബ്രാഹിം എംഎല്‍എ യുടെ ചോദ്യത്തിനാണ് മന്ത്രി നിയമസഭയില്‍ ഉത്തരം നല്‍കിയത്.

കേന്ദ്രസര്‍ക്കാരില്‍ നിന്നും, യുജിസിയില്‍ നിന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിക്കുന്ന ഗ്രാന്റ് ആണ് സര്‍വ്വകലാശാലകള്‍ കൂടുതലായും ചെലവിടുന്നത്. കണ്ണൂര്‍ സര്‍വ്വകലാശാല 42 കോടി രൂപയുടെയും, കാലിക്കറ്റ് 30 കോടിയുടെയും, എം.ജി ഒന്നരക്കോടിയുടെയും, മലയാളം ഏകദേശം ഒരുകോടിയുടെയും സാങ്കേതിക സര്‍വ്വകലാശാല 42 കോടിയുടെയും കരാറാണ് ഊരാളുങ്കലിന് നല്‍കിയതെന്ന് നിയമസഭയില്‍ മന്ത്രി അറിയിച്ചു.

എന്നാല്‍ കേരള സര്‍വകലാശാല പതിവ് രീതി അനുസരിച്ച് ടെന്‍ഡര്‍ ക്ഷണിച്ച് വിവിധ കരാറുകാര്‍ക്കാണ് നിര്‍മ്മാണ ജോലികള്‍ ഏല്‍പ്പിച്ചത്. ഊരാളുങ്കലിന് കരാര്‍ നല്‍കിയിട്ടില്ല. എല്ലാസര്‍വകലാശാലകളിലും ഉയര്‍ന്ന ശമ്പളം പറ്റുന്ന എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരും മറ്റ് ഉദ്ദ്യോഗസ്ഥരും ഉള്ള എഞ്ചിനീയറിങ് വിഭാഗം പ്രവര്‍ത്തിക്കുമ്പോഴാണ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതു ഉള്‍പ്പെടെയുള്ള ജോലികള്‍ പുറം കരാറുകാര്‍ക്ക് നല്‍കുന്നത്.

കേന്ദ്രസര്‍ക്കാരില്‍ നിന്നും, യുജിസി യില്‍ നിന്നുമുള്ള ഫണ്ടില്‍ പൂര്‍ത്തിയാക്കേണ്ട കെട്ടിടനിര്‍മ്മാണ ജോലികളും, മാര്‍ക്ക് ടാബുലേഷന്‍ ഷീറ്റ്കളുടെ ഡിജിറ്റലൈസേഷന്‍ ജോലികളും ഊരാളുങ്കല്‍ സൊസൈറ്റിക്കാണ് നല്‍കിയിട്ടുള്ളത്.

എം ജി യില്‍ ബയോമെട്രിക് പഞ്ചിങ് മെഷീന്‍ നവീകരിക്കുവാനുള്ള ജോലിയ്ക്കും ഡിജിറ്റലൈ സേഷന്‍ ജോലികള്‍ക്കും കെല്‍ട്രോണ്‍, സിഡിറ്റ് തുടങ്ങിയ അംഗീകൃത പാനലിലുള്ള സ്ഥാപനങ്ങള്‍ ഊരാളുങ്കലിനൊപ്പം ടെന്‍ഡര്‍ നല്‍കിയെങ്കിലും പിന്നീട് അവര്‍ പിന്‍മാറിയത് സമ്മര്‍ദ്ദങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് ആക്ഷേപമുണ്ട്.

അഡ്വാന്‍സ് 50%

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കരാര്‍ തുകയുടെ പരമാവധി 20 ശതമാനം മാത്രമേ അഡ്വാന്‍സ് നല്‍കാന്‍ പാടുള്ളൂ എന്ന വ്യവസ്ഥ ലംഘിച്ച് ഊരാളുങ്കലിന്റെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് ഊരാളുങ്കലിന് 50 ശതമാനം അഡ്വാന്‍സ് നല്‍കിയത് ചട്ടവിരുദ്ധമാണെന്ന് സര്‍ക്കാരിന്റെ ആഡിറ്റ് വിഭാഗം തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

എസ്റ്റിമേറ്റ് തുക ഉയര്‍ത്തിക്കാട്ടിയശേഷം ഊരാളുങ്കല്‍ സൊസൈറ്റിക്ക് കരാര്‍ കൊടുക്കുന്ന പല ജോലികളും എസ്റ്റിമേറ്റ് തുകയ്ക്കുള്ളില്‍ പണി തീര്‍ത്തതായി നിയമസഭ രേഖകളില്‍ കാണുന്നു. യൂണിവേഴ്‌സിറ്റികള്‍ക്ക്, യുജിസിയും കേന്ദ്രസര്‍ക്കാരും അനുവദിക്കുന്ന ഗ്രാന്റ് യൂണിവേഴ്‌സിറ്റി ഫണ്ടില്‍ തന്നെ ഉള്ളതുകൊണ്ട് സര്‍ക്കാര്‍ കരാര്‍ ജോലികളില്‍ നിന്നും വിഭിന്നമായി നിര്‍മ്മാണ തുക കൃത്യമായി കരാരുകാര്‍ക്ക് ലഭിക്കും.

സര്‍വ്വകലാശാലകളിലെ മരാമത്ത് - ഡിജിറ്റലൈസേഷന്‍ ജോലികള്‍ ഊരാളുങ്കല്‍ സൊസൈറ്റിയെ ടെന്‍ഡര്‍ ഒഴിവാക്കി നല്‍കുന്നതിലൂടെ വ്യാപകമായ സാമ്പത്തിക ക്രമക്കേടുകള്‍ നടക്കുന്നതും, സര്‍വകലാശാല ഫണ്ട് ക്രമവിരുദ്ധമായി ചെലവിടുന്നതും സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കും സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ക്കും പരാതി നല്‍കി.
(സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി )